ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മലയിലിരിക്കണ മാതാവേ
ഞങ്ങടെ ചേച്ചീനെ കെട്ടിക്കണേ
കലമ്പട്ടപ്പൂ കൊണ്ട് മാലയിടാം
കദനം മാറ്റി തന്നീടണേ
മലയിലിരിക്കണ മാതാവേ
ഞങ്ങടെ ചേച്ചീനെ കെട്ടിക്കണേ
ഒരു വരണ്ട പെണ്ണിൻ്റെ നഗ്നതയുടെ
വരച്ചു തോറ്റ രേഖാചിത്രം പോലെ
നടന്നു കയറാൻ ആരുമില്ലാതെ
ചേറ്റുമണമുള്ള ഇടവഴി
വേനൽ കുടിച്ച് മടുത്ത വേരുകൾ
ജലധികൾ തിരഞ്ഞു മടുത്ത്
വേനലിലേക്ക് തന്നെ
ഉൾവലിഞ്ഞു പോയിരിക്കുന്നു
മലമുകളിലെ വരണ്ട മണ്ണിൽ
വേനലിനെ ചുംബിച്ച് മടുത്ത
മേൽക്കൂരയുള്ള ഒറ്റമുറി വീട്
മൂന്ന് പെണ്ണുങ്ങൾ മൂന്ന് ഉടുപ്പുകൾ
മൂന്ന് പിഞ്ഞാണങ്ങൾ മൂന്ന് ഗ്ലാസ്സുകൾ
മൂന്ന് അടുപ്പുകല്ലുകൾ മൂന്ന് വയറുകൾ
മാർത്ത മലേന മേവാ
എന്തോരം സ്വപ്നങ്ങളാണെന്നോ
ഇളയ പെണ്ണുങ്ങൾക്ക്
മാർത്തയെ കെട്ടിച്ച് വിടണം
അവളുടെ കുഞ്ഞിന് മിറാ എന്ന് പേരിടണം
കരിക്കലം തല്ലിപ്പൊട്ടിച്ച് എങ്കിലും
അവളുടെ കണ്ണുകൾ എഴുതണം
ഉള്ള മൂന്ന് ഉടുപ്പുകളിൽ നിന്നും
മുറിച്ചെടുത്ത കഷണങ്ങൾ
കൂട്ടി തുന്നി എങ്കിലും
അവളുടെ മാമോദീസക്ക്
ഒരു കുഞ്ഞുടുപ്പ് സമ്മാനം കൊടുക്കണം
മിറായുടെ ചിരികളിൽ മഴ കാണണം
കരച്ചിലിൽ അവളുടെ പാട്ട് ഏറ്റു പാടണം
അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി
കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ
കുന്ന് കയറുമ്പോൾ പൊയ്ക്കാലുകൾ
കല്ലറകളെ കുറിച്ച് ചിന്തിക്കാറില്ലല്ലോ
മാർത്തയെ അടക്കിയത് മലമുകളിൽ ആയിരുന്നു
ജലം കൊണ്ട് തുന്നിയ മൺപെട്ടിയിൽ
കലമ്പട്ട പൂക്കൾ കൊണ്ട് അലങ്കരിച്ച്
മേവായുടെ ഉടുപ്പിൽ പൊതിഞ്ഞ
മാർത്തയുടെ ശരീരം
പ്രാർത്ഥനകളില്ല നിലവിളികളില്ല
മെഴുകുതിരികളില്ല കുന്തിരിക്കപുകയില്ല
എവിടെ നിന്നോ ഒഴുകിയെത്തിയ ആ പാട്ട്
മലയിലിരിക്കണ മാതാവേ
ഞങ്ങടെ ചേച്ചീനെ കെട്ടിക്കണേ
കലമ്പട്ടപ്പൂ കൊണ്ട് മാലയിടാം
കദനം മാറ്റി തന്നീടണേ
മലയിലിരിക്കണ മാതാവേ
ഞങ്ങടെ ചേച്ചീനെ കെട്ടിക്കണേ
മലേന എപ്പോഴും പറയും
തൊലി കൊണ്ട് തുന്നിയ കുപ്പായത്തിനുള്ളിൽ
എത്ര സുന്ദരിയായിരിക്കുന്നു മേവാ നീ
ഒറ്റ ഉടുപ്പിനുള്ളിൽ രണ്ട് പെണ്ണുടലുകൾ
തണുക്കുന്നു ……. വിയർക്കുന്നു ……..

ജോബിൻ പാറക്കൽ

By ivayana