രചന : കാക ✍
ചിത്രപ്പതക്കമായ്
പുലിപ്പല്ല്
മാലയിൽ
ചേർത്തവൻ,
ഇരുൾതൊലി നിറമുള്ള വേടൻ !
വനദ്രോഹി,
മൃഗാനുരാഗനിയമത്തിൻ മുഷ്ടിയിൽ
ജയിലിലുറങ്ങണം!
ന്യായാസനത്തിൻ്റെ
ദയാവായ്പ് കാക്കണം!
പുലിയെക്കൊല്ലാതെ
പല്ലെടുക്കില്ലല്ലോ,
അപ്പോഴിവനൊരു
പുലിക്കൊലപാതകി!
വകുപ്പുകൾ കർശനമാകണം,
ജയിൽക്കാല ദൂരവും കൂട്ടണം…!
വനചരക്കൊമ്പിനാൽ
വീടലങ്കരിച്ചവൻ
വരേണ്യ തൊലിനിറ
ആഢ്യത്വപുംഗവൻ!
പരാതി വ്യവഹാര പ്രളയങ്ങളില്ലൊട്ടും,
പരിഭവക്കെട്ടില്ല
നിയമ ദണ്ഡങ്ങളും !
സാവകാശമുണ്ടവന –
നുവാദപത്രം നേടീടുവാൻ!
വിപുലമായ വീടു പരിശോധനക്കായ് ഏമാൻമാർ
ബൂട്ടിട്ടണയില്ല,
ജയിലില്ലറസ്റ്റില്ല
കേവലക്കടലാസിലെഴുതിയ
പരാതിമാത്രം!
ഒന്നര ദശവർഷം നീണ്ടാലും
പരാതിയുടെ ഫയലുകൾ നീങ്ങില്ലവൻ്റെമേ –
ലക്ഷരങ്ങൾ വായിക്കാനാവാതെ
മഷിമങ്ങി മായുവാൻ
മൗനാനുവാദവും !
കുല പുരുഷനൊരുവൻ !
കലസ്ത്രീയുദര ഗർഭത്തിൽ
പിറന്നവൻ!
പുലിപ്പല്ല് കെട്ടിയൊരു
കനകാഭരണത്തിനാൽ
തൻമാറ് ചന്തമായ്,
ചന്ദനഗന്ധമായ്
നാരിനയനദർശന സൗഭഗ
പ്രദർശന ചലനമായ്,
നിലകൊണ്ട് നില്പവൻ!
പ്രൗഢമാം രാജകീയത്വമായ്
നിറയുന്നു മലയാളമണ്ണിൽ
പരാതികളേയില്ല!
അധികാര ദണ്ഡന പീഢയില്ല!
ഒരു പുല്ലുമിവിടെ നടക്കുകില്ല …..!
ചിത്രപ്പതക്കമായ്
പുലിപ്പല്ല്,
മാലയിൽ
ചേർത്തവൻ
ഇരുൾതൊലി നിറമുള്ള വേടൻ !
വനദ്രോഹി,
മൃഗാനുരാഗനിയമത്തിൻ മുഷ്ടിയിൽ
ജയിലിലുറങ്ങണം!
ന്യായാസനത്തിൻ്റെ
ദയാവായ്പ് കാക്കണം!’
✍️