രചന : നവാസ് ഹനീഫ് ✍
പോകില്ല ഒരുപാട് ദൂരം
നിൻ മനസ്സിന്റെ പടിവാതിൽക്കൽ
നിന്നും അകലാനാകില്ലൊരിക്കലും
നിൻ അന്തരാത്മാവിൽ നിന്നും
അത്രമേലിഷ്ടമാണ് സഖീ
എനിക്കാവില്ലൊരിക്കലും
നിന്നോട് വിടചൊല്ലിപ്പിരിയുവാൻ…
പെയ്തൊഴിഞ്ഞ മഴയും
നനഞ്ഞു കുതിർന്ന മണ്ണും
കൊയ്ത്തൊഴിഞ്ഞ പാടവും
നെല്ലും കതിരും കൊത്തിപ്പെറുക്കും
പറവകളും കിളികളും കൂടണയുമ്പോൾ
കൂട്ടിനാരുമില്ലാതെ നീ പറന്നുവന്നു
ഇടനെഞ്ചിനുള്ളിലെ
മുറിവുകളിലെ നിണം വീണുറഞ്ഞ
നൊമ്പരത്തിൻ പാടുകൾ
മനസ്സിനുള്ളിലൊളിപ്പിച്ചുവെച്ചു
ഏതോ മരച്ചില്ലയിൽ നിന്നും പറന്നെത്തി…
സാന്ത്വനത്തിൻ മൃദുതലോടലില്ലാതെ
മറുവാക്ക് പറയാനാരുമില്ലാതെ
തകർന്ന സ്വപ്നങ്ങളുടെ
മഞ്ചവും താങ്ങിയെത്തിയ
നിന്നെ വരവേൽക്കാൻ കാത്തിരുന്നു
വർണ്ണ നൂലിൽകൊരുത്ത
നിൻ കിനാവിലെ മോഹങ്ങൾക്ക്
ചാരുതയേകിടാൻ……
നിലകാണാക്കയത്തിൽ നിന്നും
നിനക്ക് ചിറകടിച്ചുയരാൻ
തുണയായി കൈകൾ നീട്ടിനിൽപ്പൂ
നിന്നെയെതിരേൽക്കുവാൻ
നിനച്ചിരിപ്പൂ….
നിലാവുറങ്ങും മുന്നേ
നീവരുവോളമീജന്മമാകെ….
എൻ നെഞ്ചിന്റെ ചൂടിൽ ചേർത്തെന്നും
നിനക്കു കൂട്ടായ് കരുതലായ്….
ഏതൊരു കൊടുങ്കാറ്റിലും
പേമാരിയിലും കാത്തോളാം
ഞാനെന്നും കാലങ്ങൾ സാക്ഷിയായ്. …
