രചന : ഷാജി പേടികുളം ✍️…
നീയെന്നെ വട്ടം ചുറ്റിച്ചു
നേടിയ കാറ്റിൻ സുഖത്തിൽ
മതി മറന്നുറങ്ങവേ, ഞാൻ
ചുട്ടുപൊള്ളുമുഷ്ണത്തിൽ നീറിപ്പുകഞ്ഞതിൻ
പൊരുൾ നീയറിഞ്ഞതില്ലല്ലോ…
എത്രയോ കാലമായ്
നിൻ സുഖനിദ്രയ്ക്കായി
കറങ്ങിക്കറങ്ങിയെൻ
പാർട്ട്സുകൾ തേഞ്ഞതിൻ
വേദനയാൽ ഞാൻ ഞരങ്ങവേ
നിദ്രയ്ക്കു ഭംഗം വരുത്തിയ
തെറ്റിനാലെന്നെ നീയാക്ക്രിക്ക്
വിൽക്കുമെന്നോതിയ വാക്കുകൾ
കേട്ടെൻ്റെ കോയിലടിച്ചു പോയി
നിശ്ചലനായോരെന്നെ നീ
നിർദ്ദയം ആക്രിക്കാരനു
നൽകുമ്പോൾ തെല്ലും വേദന
നിൻമുഖത്തു ഞാൻ കണ്ടീല
ഒരു ശല്യമൊഴിഞ്ഞതിൻ
നെടുവീർപ്പുകൾ മാത്രം
നാളെ നീയുമോടിത്തളരവേ
നിൻ മകൻ നിന്നെ വൃദ്ധ-
സദനത്തിനു കൈമാറി
ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു
തിരിഞ്ഞു പോകുമ്പോൾ
നീയുമറിയും ചില പൊരുളുകൾ
വൈകിയെത്തിയ വിവേകത്തിൻ്റെ
വേദനാ നിർഭരചിന്തകൾ …!!!
