രചന : എൻ.കെ.അജിത്ത് ആനാരി✍️
പെയ്യാൻകൊതിക്കും മഴയ്‌ക്കൊട്ടു മുമ്പിലായ്
നന്നായടിക്കുന്ന കാറ്റിനൊപ്പം
മണ്ണും പറക്കുന്നു മുറ്റത്ത് കാറ്റൊരു
വല്ലാത്ത ചിത്രം വരച്ചിടുന്നൂ
കൊമ്പുലച്ചാടുന്നു വൃക്ഷങ്ങൾ,
കാക്കകൾ
വെമ്പിപ്പറക്കുന്നു കൂടുവിട്ട്
മുറ്റത്തിനപ്പുറം കുറ്റിയിൽ കെട്ടിയ
നന്ദിനിപൈയിനു ഭീതിഭാവം
ചാവടിത്തിണ്ണയിൽ മൂകം ഉറങ്ങിയ
ശ്വാനൻ്റെ നിദ്രയ്ക്കു ഭംഗമായീ
കോഴിതൻ വാലിനെ കാറ്റുലച്ചീടുന്നു
കോമരംതുള്ളീ മുളംകാടുകൾ
പെട്ടന്നു മിന്നലൊന്നെത്തീ ഗഗനത്തിൽ
വജ്രായുധം മിന്നിമാഞ്ഞപോലെ
ദിക്കെട്ടുമൊട്ടു കിടുക്കുംവിധത്തിലായ്
വെട്ടീയിടിയൊന്നു കാറ്റിനൊപ്പം
കാറൊളിയേറെ നിറഞ്ഞതാൽ വാനിട –
മേറെകറുത്തൂ, കരിമ്പടംപോൽ
നേരത്തെയെത്തീയിരുട്ട്, വിളക്കിലായ്
നേരത്തെയെണ്ണ പകർന്നു മാളോർ
ചാറിത്തുടങ്ങും മഴത്തുള്ളി മണ്ണിൻ്റെ
ചൂടെത്തണുപ്പിച്ചു തുള്ളിനില്ക്കേ
വീഴുന്നതുള്ളിയിൽപ്പാതിയും വീണെൻ്റെ
വീടിൻ്റകത്തും നിറഞ്ഞു വെള്ളം
ഓലപ്പൊരുത്തിൻ വിടവിലൂടൂറുന്ന
നീളൻ മഴത്തുള്ളി നൂലുപോലായ്
താഴത്തുവച്ചതാം പാത്രങ്ങളിൽത്തീർത്തു
സ്വദേറുമുഗ്രൻ ജലതരംഗം!
കോരുന്നതുണ്ടമ്മ വെളളം പുരയ്ക്കക-
ത്തോളങ്ങൾ തീർക്കാതെ വേഗവേഗം
നീറുന്നയുളളമാ കണ്ണിൽനിന്നിറ്റിച്ചു
നീർമണിത്തുള്ളികൾ മാരിപോലെ
ചോരുന്ന വീടിൻ്റെയുള്ളിലായ് ഭാവിയെ
നേടിത്തരേണ്ടതാം പുസ്തകങ്ങൾ
ഏറെനനഞ്ഞൊട്ടി, കെട്ടിപ്പിടിക്കുന്ന
താളുകളായീ മഷിപടർന്ന്!
വേനലിൽ നാണയമേറെപ്പൊഴിച്ചതാം
കൂരയ്ക്കുമേലുള്ളയോട്ടയെല്ലാം
വീറോടെയിപ്പൊഴാ വീട്ടിൽപ്പൊഴിക്കുന്നു
നൂലായി, വെള്ളത്തെ വെള്ളിപോലെ
ആ മഴക്കാഴ്ചയെന്നോർമ്മയിൽ മായാത്ത
വേദനയാണെനിക്കെന്നുമെന്നും
ചോരാത്തിടം നല്കി ചോദ്യമായ് നില്ക്കുന്ന
മാതൃത്വമോർമ്മയിൽ മായുകില്ലാ….
ഇന്നും മഴയ്ക്കായി വാനം കറുക്കവേ
പണ്ടത്തെയോർമ്മയിലാണ്ടിടും ഞാൻ
മൊത്തം നനഞ്ഞ പഴന്തുണിയായെൻ്റെ
നെഞ്ചത്തടുത്തത് വാണിടുന്നൂ….!
ജീവിതച്ചക്രം ചമച്ചിടും കാലമെൻ
ജീവനും ചേർത്തു വരച്ച ചിത്രം
ഓർമ്മയിലെത്തുമ്പൊഴൊക്കെയഹത്തിൻ്റെ
കൊമ്പറിയാതെ ഞാൻ കുത്തിടുന്നൂ..
