രചന : സുമോദ് പരുമല ✍

അകത്തേയ്ക്ക് മാത്രം
തുറക്കപ്പെടുന്ന
വാതിലുകളിലൂടെയാകാശം തേടുന്നവരിലൂടെയാണ്
കാലം ചുരുണ്ട്തുടങ്ങുന്നത് .
വർണവെറികളുടെ
പുഴയോരത്ത്
പൂർവ്വസ്മൃതികളുടെ
മരത്തണലിൽ
ചിതൽപ്പുറ്റുമൂടിയ
തലച്ചോറുകൾ
പാപനാശിനിതേടുന്നത് .
പേരിട്ടുവളർത്തിയ
നായകളുടെ
ചങ്ങലത്തുണ്ടുകളിൽത്തളച്ച
വീട്ടകങ്ങളെപ്പൊതിഞ്ഞ്
അശാന്തിയുടെയാകാശം
വില്ലുകുലച്ചുനിൽക്കുമ്പോൾ
പുരുഷായുസ്സ് കത്തിച്ച്
പോറ്റിവളർത്തുന്നത്
ആരാന്റെ മക്കളെയെന്ന
കാലത്തിന്റെ കാവ്യനീതിയിലൂടെ
അവിശുദ്ധകുമ്പസാരങ്ങൾ
കാതുകുത്തിത്തുളയ്ക്കുന്നത് .
വാതിലുകൾ
അകത്തേയ്ക്കുതുറക്കുമ്പോഴാണ് ,
പഴയകളിക്കൂട്ടുകാരൻ
മരണപ്പെട്ടുപോയിട്ടും
മാറ്റിവയ്ക്കാൻ തോന്നാത്ത
മറിമായങ്ങളാൽ
മഞ്ഞുപോലുറഞ്ഞുപോയ
മനസ്സിന്,
മറഞ്ഞുനിൽക്കേണ്ടിവരുന്നത് .
അരക്ഷിതന്റെ ശിരസ്സറുത്ത
പ്രാകൃതന്റെ പൗരുഷം
വീരഗാഥകളായിത്തീർന്ന്
ക്രൗഞ്ചഹൃദയങ്ങളിലൂടെ
ശരമുനകൾ പായുന്നത് .
അകത്തേയ്ക്കുതുറന്ന
വാതിൽപ്പടിയ്ക്കുള്ളിൽ
ഒറ്റപ്പെട്ടുകിടക്കുമ്പോഴാണ്
അതിനിർജ്ജീവമായ ,
നാണയത്തുട്ടുകൾ
മാത്രമായിത്തീർന്ന
ജീവിതത്തിൽ നിന്ന്
സ്വബോധത്തെ
വലിച്ചൂരിയെടുക്കുന്നതും
ജനിതകപരിശോധനയോളം
എത്തിച്ചേർന്ന വേവലാതികൾ
പൊട്ടിത്തെറിയ്ക്കുന്നതിനുമുമ്പ്
നാവ് ചുരുണ്ടുപോകുന്നതും .
ആരാന്റെ സന്തതികളെന്നും
ആരാന്റെ മോഹങ്ങളെന്നും
ആരാന്റെ ജീവിതമെന്നും
നീട്ടിവരച്ചവിഭജനരേഖകൾക്കിപ്പുറം
ഞെക്കിത്തുറുപ്പിച്ച
ന്യായബോധങ്ങൾ
തല്ലിത്തകർത്തിട്ടാവാം
അവസാനമെത്തുമ്പോൾ
ആരെങ്കിലുമൊക്കെ
ഏറ്റവുമൊടുവിൽ
കടന്നുവന്നെത്തുക .
ഉത്തരമില്ലാത്ത ചോദ്യങ്ങളും
ചോദ്യങ്ങളില്ലാത്തയുത്തരങ്ങളും
ഒന്നുമൊന്നും മിണ്ടാതെ
തമ്മിൽ നോക്കിനിൽക്കുക .
അകത്തേയ്ക്കുതുറന്ന
വാതിലിലൂടെ
അകത്തുകടന്ന ശരീരത്തിൽ
ഹൃദയമില്ലായിരുന്നുവെന്ന്
ഹൃദയം തീർത്ഥാടനത്തിനിറങ്ങിയ
വഴികളിലൊക്കെ
ജീവിതം മാത്രമായിരുന്നുവെന്ന്
പൊള്ളയായശരീരം
വിങ്ങലോടെ
കണ്ടുനിന്നേക്കാമപ്പോൾ .
പിന്നീടാവാം ..
അവസാനത്തെയെരിഞ്ഞടങ്ങലിൽ
ഹൃദയമില്ലാതെപോയ
അതിദീർഘകായം
പിറവിതേടിയിറങ്ങുന്നത് .

സുമോദ് പരുമല

By ivayana