രചന : മനോജ്‌ കാലടി ✍

ഷവർമ്മയ്ക്കും ചിലത് പറയാനുണ്ട്…

ചുട്ടുപൊള്ളുന്ന തീയിൽ തിരിഞ്ഞെന്റെ
ദേഹം മെല്ലെ നിറം മാറിടുമ്പോൾ നീ
കരുണയല്പം കാട്ടാതെയെന്തിനായ്‌
ആയുധത്താലരിഞ്ഞെടുത്തീടുന്നു?

പൊള്ളലേറ്റുക്കരിഞ്ഞു പോയുള്ളൊരു
ദേഹം ചെത്തിമിനുക്കിയെടുത്തു നീ
വെള്ളവസ്ത്രം പരത്തിപുതപ്പിച്ചു
വീണ്ടുമെന്തിനായ്‌ ചൂടേകിടുന്നത്?

അച്ചുതണ്ടിൽ തിരിയാൻ വിധിച്ചുള്ള
കേവലം മാംസപിണ്ഡമാണല്ലോ ഞാൻ
ഒട്ടു നേരം കറങ്ങി കറങ്ങിയാൽ
പിന്നെ ഞാൻ വെറും കോലായിമാറിടും.

എന്റെ കൂട്ടത്തിൽ ചേർക്കുവാനരുതാത്ത
ചേരുവയേറെ അമിതമായ്‌ ചേർത്തു നീ
ലാഭക്കണ്ണിനാൽ വിറ്റു തുലയ്ക്കുമ്പോൾ
ഞാനോ മെല്ലെ വിഷമയമാകുന്നു.

ഞാൻ പിറന്നുള്ളറേബ്യതൻ മണ്ണിൽ
ഒട്ടു ഭയമില്ല, എന്നിലിന്നാർക്കുമെ.
വൃത്തിയില്ലാതെ ലാഭം കൊതിച്ചു നീ
എന്നെയുമൊരു കൊലയാളിയാക്കിയോ?

മനോജ്‌ കാലടി

By ivayana