രചന : ശിവൻ മണ്ണയം യം⃣ ✍

പണ്ട് മണ്ടൻ കുന്നിൽ ഒരു അമ്മിണി അമ്മച്ചി ഉണ്ടാരുന്നു. പാവം ഒരമ്മച്ചി .അമ്മച്ചി രാവിലെ വെറും വയറ്റിൽ വീട്ടിൽ നിന്നിറങ്ങും. ഡയറ്റിംഗല്ല കേട്ടോ ദാരിദ്ര്യമാണ്..!
അമ്മച്ചി ആദ്യം കാണുന്ന വീട്ടിൽ കയറും. അത് രമണിയുടെ വീടാണെന്ന് സങ്കല്പിക്കുക.രമണിയോട് നാട്ടിലെ ഗോസിപ്പുകൾ പലതും പറഞ്ഞങ്ങനെയിരിക്കും, കുറേ നേരം.രമണിയിൽ പലവികാരങ്ങളും വരും.രമണി ഞെട്ടും, വിജൃംഭിക്കും, വ്രീളാവതിയാകും, ദേഷ്യത്താൽ കണ്ണ് ചുവപ്പിക്കും, അലറും, ചിരിക്കും, നാണത്താൽ മുഖം പൊത്തും.. പ്രതിഫലമായി രമണി പലഹാരങ്ങളും ചായയും കൊടുക്കും.

അതിനു ശേഷം അമ്മച്ചി രമണിയോട്, തീർത്തും എക്സ്ക്ലൂസീവായ ചില വാർത്തകൾ വായിക്കും.രമണിയുടെ ശത്രുവായ സുനന്ദ രമണിയെ പറ്റി പറഞ്ഞത്, സുനന്ദ രമേശനെ നോക്കി ചിരിച്ചത്, സുനന്ദയുടെ വീട്ടിൽ അസമയത്ത് ആളനക്കം, സുനന്ദയുടെ കുളി തെറ്റുന്നുണ്ടോ, സുനന്ദയുടെ കള്ളിമുണ്ടല്ലേ ഇപ്പോൾ കനകൻ ഉടുക്കുന്നത്. ഇത് കനകൻമാറി യെടുത്തുടുത്തതല്ലേ.. ഇതെങ്ങനെ സംഭവിച്ചു? ഇതൊക്കെയായിരിക്കും വാർത്തകൾ.അതിൻമേൽ വൻ ചർച്ചകളും നടക്കും.ഇതിലാണ് അമ്മച്ചിക്ക് വലിയ ലാഭം കിട്ടുന്നത്. അമ്മിണി അമ്മച്ചിക്ക് മരുന്നും മുറുക്കാനും വാങ്ങിക്കാനുള്ളതും പിന്നെ അല്പം മിച്ചം വക്കാനുള്ളതും സുനന്ദയിൽ നിന്ന് കിട്ടും.ഇത് പോലെ അമ്മച്ചി മണ്ടൻ കുന്നിലെ എല്ലാ വീട്ടിലും കയറി വാർത്തകളും രഹസ്യങ്ങളും പങ്ക് വക്കും.

ഒരുതരം മാധ്യമ പ്രവർത്തനം ! നല്ല കാശും തടഞ്ഞിരുന്നു. നാട്ടിലെ പെണ്ണുങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത അത്രേം ശത്രുത ഉണ്ടാക്കാൻ സാധാ ഒരു അമ്മിണി അമ്മച്ചിക്ക് കഴിഞ്ഞിരുന്നു.തെറ്റ് അമ്മച്ചിയുടേതല്ല. നുണകൾ കേട്ട് മുഖം വീർപ്പിച്ച് നടന്ന പെണ്ണുങ്ങളുടേതാണ്. അമ്മച്ചി വീടും പറമ്പും വലുതാക്കി; നാട്ടിലെ പെണ്ണുങ്ങൾ, അവർ തമ്മിലുള്ള അകൽച്ചയും വലുതാക്കി. എന്താ ചെയ്ക..ല്ലേ?
ഇതു പോലെ ഒരു വാസു അണ്ണൻ ഉണ്ടാരുന്നു. ഒരിടത്തെ നുണ വേറൊരിടത്ത് പറഞ്ഞ് കാശുണ്ടാക്കും. ഒരുതരം മാധ്യമ പ്രവർത്തനം ! അണ്ണൻ വീട്ടിലൊന്നും പോകാറില്ല. മുക്കില് നിന്ന് ആണുങ്ങളോടാണ് വ്യാവാരം!


വാസു അണ്ണൻ്റെ നുണകൾ നാടിനെ നാലായി പകുത്തപ്പോൾ, രാഷ്ട്രീയക്കാർ അണ്ണനെ തേടി വന്നു. നുണയുടെയും കൂട്ടിയടിയുടെയും വൻകിട മാർക്കറ്റായ രാഷ്ട്രീയത്തിലേക്ക് അവർ അണ്ണനെ ക്ഷണിച്ചു.ഇപ്പോൾ വാസു അണ്ണൻ വലിയ നേതാവാണ്. അതു കൊണ്ട് കുടുതൽ അണ്ണനെ കുറിച്ച് പറയുന്നില്ല. തല്ല് കിട്ടും.
ഞാനിതൊക്കെ ആമുഖമായി പറഞ്ഞത്, ടെലികോം കമ്പനിക്കാർ എന്ന് പറയുന്ന ഭൂലോക പരദൂഷണക്കാരെ കുറിച്ച് നിങ്ങളെ അറിയിക്കാനാണ്.അതാണ് ഈ പോസ്റ്റിൻ്റെ വിഷയം തന്നെ!
ഇവൻമാർ നാട്ടുകാരെ തമ്മിൽ ശത്രുക്കളാക്കി, അതു കണ്ട് രസിക്കുന്ന സൈക്കോകളാണ്.


ഞാൻ കാര്യത്തിലേക്ക് വരാം.
എന്നെ ഫോണിൽ നിരന്തരം വിളിച്ച് തള്ളോട് തള്ളുകൾ തള്ളി വെറുപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്.ഒരു സർക്കാരുദ്യോഗസ്ഥനാണ്. സർക്കാരുദ്യോഗത്തിൻ്റെ മേൻമകളും മുൻഗണനകളുമാണ് അദ്ദേഹം നിരന്തരം വിശദീകരിക്കാറുള്ളത്. തൻ്റെ സർക്കാരുദ്യോഗജീവിതത്തെ കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും.


പുല്ലനെ വെറുപ്പിക്കാൻ പറ്റില്ല. അതു കൊണ്ട് വെറുതെ കേട്ടുകൊണ്ടിരിക്കും. ഇതൊക്കെ ഹൈ ഡെസിബലിൽ കേട്ട് കേട്ട് എൻ്റെ ശ്രവ്യ ശക്തി പകുതി കണ്ട് കുറഞ്ഞു എന്ന് തന്നെ പറയാം.
ശല്യം അസഹ്യമായപ്പോഴാണ്, സർക്കാർ ജോലിക്കാരനല്ലാത്ത, ട്യൂട്ടോറിയലിൽ പഠിപ്പിക്കാൻ പോകുന്ന മഹോന്നതനായ ഒരു സുഹൃത്ത് ഒരു പ്രതിവിധി നിർദ്ദേശിച്ചത്.സർക്കാർ സുഹൃത്തിനെ ബ്ലോക്ക് ചെയ്യുക! മനസമാധാനം തിരിച്ചു വരും.
ഞാൻ ചോദിച്ചു: ബ്ലോക്ക് ചെയ്തത് സർക്കാർ സുഹൃത്ത് അറിയുമോ?എങ്കിൽ ഒരു സർക്കാർ ആപ്പീസിലും എനിക്കും കയറാൻ പറ്റില്ല. ബ്ലോക്കും!
അവൻ അറിയില്ലെന്നേ.. നിന്നെ വിളിച്ചാൽ കിട്ടില്ല അത്ര തന്നെ.. നിൻ്റെ നമ്പർ മാറിയെന്ന് അവൻ വിചാരിച്ചോളും..


ട്യൂട്ടോറിയലുകാരൻ സുഹൃത്ത് പറഞ്ഞതിൻ പ്രകാരം ഞാൻ ,സർക്കാരുദ്യോഗസ്ഥനെ ബ്ലോക്ക് ചെയ്തു.
പിന്നെ കുറച്ച് നാൾ സർക്കാർ ഫ്രണ്ടിൻ്റെ കോളുകൾ വന്നില്ല. ഞാൻ വിജയാരവം മുഴക്കി. പക്ഷേ അവൻ വിളിച്ചതായുള്ള മെസേജുകൾ പറ പറാ വന്നു. ഞാനത് കണ്ട് രാവുകളിൽ പൊട്ടിപൊട്ടിച്ചിരിച്ചു. പൊട്ടിച്ചിരികൾ എൻ്റെ വീട്ടിൽ ഇടതടവില്ലാതെ ഉയർന്നപ്പോൾ അയൽക്കാരും നാട്ടുകാരും കൂടെ ചേർന്ന്, ‘ഇന്നാട്ടിലെ ഏറ്റവും സന്തോഷവാനായ ചെറുപ്പക്കാരൻ ‘ എന്ന അവാർഡ് എനിക്ക് തരികയുണ്ടായി. ഞാനത് വാങ്ങിയില്ല എന്നത് വേറെ കാര്യം. അവാർഡിന് 25000 അങ്ങോട്ടു കൊടുക്കണം പോലും. 25000 രൂപക്ക് 250 ബിരിയാണി കിട്ടും! പോയിനടാ ഇവിടന്ന്!
അങ്ങനെ ജീവിതം ഒരു വിധം സന്തോഷകരമായി പോകവേ ഒരു ദിവസം, സർക്കാർ ഫ്രണ്ട് മൂക്കത്ത് നിറച്ചു ശുണ്ഠിയുമായി എൻ്റെ വീട്ടിൽ വന്നു കയറി.


അവനെ ഊഷ്മളമായി സ്വീകരിച്ചിരുത്താൻ ഞാൻ ശ്രമിച്ചു നോക്കി.
പക്ഷേ അവൻ കോപം കൊണ്ട് കത്തുകയായിരുന്നു. കുടിച്ചത് പെട്രോളാണെന്ന് തോന്നുന്നു. അണക്കാൻ എന്നെക്കൊണ്ട് സാധിച്ചില്ല.
“നിന്നോട് എന്ത് ദ്രോഹമാടാ ഞാൻ ചെയ്തത് “അവൻ കരയുകയോ അലറുകയോ എന്തോ ചെയ്തു.
എന്താടാ …? ഞാൻ വിതുമ്പി.


നീയെന്തിനാടാ ഞാൻ വിളിക്കുമ്പോ കട്ട് ചെയ്യുന്നത്?
ഞാനോ.. കട്ട് ചെയ്യുകയ്യ്യേ… അങ്ങനെ പറയല്ലേടാ.. പാവം കിട്ടും. ഞാൻ നിന്ന് കരഞ്ഞു.
ഞാൻ നിന്നെ വിളിക്കുമ്പോ രണ്ട് ബെല്ല് കേൾക്കും പിന്നെ കട്ടാകും.
ബെല്ല് കേൾക്കുമോ..?അസംഭ്യവം. നീ.. നീ ഭാവനയുടെ കല്ലിൽ ദോശ ചുടുകയാണ്… ഞാൻ പ്രതിഷേധിച്ചു. ട്യൂട്ടോറിയൽ സുഹൃത്ത് പറഞ്ഞതിൻ പ്രകാരം ബെല്ല് കേൾക്കാൻ പാടില്ലാത്തതാണ് !


സർക്കാർ ഫ്രണ്ട് മൂക്ക് ചീറ്റിക്കരഞ്ഞു: കേൾക്കാറുണ്ട്.. രണ്ട് ബെല്ല് കേൾക്കും.പിന്നെ കട്ടാകും. അതിനു ശേഷം ഒരു പെണ്ണ് പറയും നീ ബിസിയാണെന്ന്.. ഞാനെന്ത് ദ്രോഹമാടാ നിന്നോട് ചെയ്തത്? ഇങ്ങനെ എഴുത്തെന്നും പറഞ്ഞ് നടക്കാതെ പഠിച്ച് PSC പരീക്ഷ എഴുതാൻ പറഞ്ഞു. അതല്ലേ നിനക്കെനോടുള്ള ചൊരുക്ക്. എന്നാലും ആ പെണ്ണിനെക്കൊണ്ട് നീ ബിസിയാണെന്ന് പറയിച്ചല്ലോടാ .. സഹിക്കാൻ പറ്റണില്ലാ.
ഏതു പെണ്ണാ ആ വൃത്തികേട് പറയുന്നത്? ഞാനെന്നാ ബിസിയായിട്ടുള്ളത്? ഇത് ചതിയാണ്. അല്ലെങ്കിൽ നിൻ്റെ വെറും ആരോപണം.


തർക്കവും വഴക്കും നടന്ന് അവൻ ഒടുവിൽ പിണങ്ങിപ്പോയി. ഇനി എനിക്കൊരു സർക്കാരാപ്പീസിലും കേറാൻ പറ്റില്ല.കാരണം ഒരു സർക്കാരുദ്യോഗസ്ഥനെയാണ് ഞാൻ പിണക്കി വിട്ടിരിക്കുന്നത്.
ഇതിന് കാരണം ഈ ടെലികോം കമ്പനികളാണ്.ഒരാളെ ഞാൻ ബ്ലോക്ക് ചെയ്താൽ എന്തിനാണാവോ ഇവർ രണ്ട് ബെല്ല് കേൾപ്പിച്ചിട്ട് ബിസി എന്ന് പറയുന്നത്.നമ്മൾ കോളെടുക്കാൻ താത്പര്യമില്ലാതെ കട്ട് ചെയ്തു എന്നല്ലേ വിളിക്കുന്നവർ വിചാരിക്കൂ. നമ്മൾ രഹസ്യമായല്ലേ ഇതൊക്കെ ചെയ്യുന്നത്. എന്തിനാ അമ്മിണി അമ്മച്ചിയെയും വാസുവണ്ണനെയും പോലെ ആൾക്കാരെ അറിയിക്കുന്നത് ? ഔട് ഓഫ് കവറേജ് ഏര്യ എന്ന് പറഞ്ഞാൽ എത്ര മനോഹരമായിരുന്നു.

ആൾക്കാരെ തമ്മിൽ ശത്രുതയുണ്ടാക്കാനല്ലേ ഇത് ഉപകരിക്കൂ.അതേ നാട്ടുകാരെ തമ്മിലടിപ്പിച്ച് കൊല്ലിച്ച് ജനസംഖ്യ കുറക്കാനാണോ നിങ്ങടെ പ്ലാൻ? ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും ചെയ്യരുതേ അങ്ങത്തമാരേ…..

ശിവൻ മണ്ണയം

By ivayana