രചന : ഷബ്‌ന ഷംസു ✍

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വയലിൽ നെൽകൃഷിയുള്ള സമയം. പാട്ടം കിട്ടിയ ഉണങ്ങിയ നെല്ലിന്റെ ചാക്കുകൾ കോലായിൽ അട്ടിയിടും. രാത്രിയാവുമ്പോ എന്റെ അരക്കൊപ്പം പൊക്കമുള്ള ചെമ്പിൽ നെല്ലിട്ട് തെങ്ങിന്റെ കൊതുമ്പലും മട്ടലും കമുങ്ങിന്റെ പട്ടയും ഉണങ്ങിയ മുട്ടി വിറകും കൂടിയിട്ട് കത്തിച്ച് പുഴുങ്ങിയെടുക്കും. നെൽമണിയുടെ തോട് പൊട്ടുന്നതാണ് കണക്ക്. പിറ്റേന്ന് രാവിലെ വീണ്ടും തിളപ്പിച്ച് ചാണകം മെഴുകിയ നിരത്തി വെച്ച പരമ്പുകളിലേക്ക് ഉണക്കാനിടും.


അന്ന് എനിക്ക് ജോലി കിട്ടിയിട്ടില്ല.
അടുക്കളക്ക് അപ്പുറം മറ്റൊരു ലോകം ഇല്ലെന്നും പണ്ട് ജീവിച്ചതൊക്കെയും എന്നോ കണ്ട് മറന്ന സ്വപ്നമായിരുന്നെന്നും ശക്തമായി വിശ്വസിച്ച കാലം.
അന്ന് രാത്രിയിലാണ് ഖമറു വിളിച്ചത്..എന്റെ അയൽക്കാരിയും സഹപാഠിയും അകന്ന ഒരു ബന്ധുവും കൂടിയാണ് അവൾ..
അന്നൊന്നും മൊബൈൽ ഫോണില്ല. ലാൻഡ് ഫോണിലാണ്.


“എടീ, നീയറിഞ്ഞോ..അരുണ പെറ്റു.. ആൺ കുട്ടിയാണ്…”
ഏതാണ് റബ്ബേ അരുണ.. അയൽപക്കത്തോ കൂടെ പഠിച്ചവരിലോ ഇങ്ങനൊരു പേര് എന്റെ ഓർമയിലില്ല..
“ഏത് അരുണ? എനിക്ക് ഓർമയില്ലല്ലോടീ….”
“എടീ… പാരിജാതം സീരിയലിലെ അരുണയില്ലേ.. ഓള്… ഒരു കൊല്ലമായി ഗർഭവും കൊണ്ട് നടക്കുന്നു. ഇന്നാണ് പ്രസവിച്ചത്.. എനിക്കിത് ആരോടേലും പറയണംന്ന് തോന്നി… അതാ അന്നെ വിളിച്ചത്..”


ഞാൻ ഒന്നും മിണ്ടിയില്ല.
നെല്ലിന്റെ വേവ് പാകമായിട്ട് വേണം കനലടക്കം തീ കെടുത്തി കുളിക്കാൻ പോവാൻ..
“എടീ.. ഇയ്യെന്താ ഒന്നും മിണ്ടാത്തെ… അനക്കെന്താ പണി…”
“ഒന്നൂല്ല… ISRO വഴി കുറച്ച് നെൽ വിത്ത് വിക്ഷേപിച്ച് ചന്ദ്രനിൽ നെൽകൃഷി തുടങ്ങിയാലോന്ന് ആലോചിക്കായ്നു… “
ഞാനെന്തോ കാര്യപ്പെട്ട പണിയിലാണെന്ന് തോന്നിയ ഖമറു പെട്ടെന്ന് തന്നെ ഫോൺ വെച്ചു..


പണ്ട് തീറ്റയും കൂടിയും ഉറക്കവും കിടത്തവും പഠിത്തവും ടിവിക്ക് മുമ്പിലായിരുന്ന കാലത്തെ വെറുതെ അയവിറക്കി..
ഖമറുന് സ്വന്തമായി വീടില്ല. വാടക വീട്ടിലായിരുന്നു. ഒഴിവുള്ള സമയം മുഴുവനും സീരിയലും സിനിമയും കണ്ട് തീർക്കും..
ഈ അടുത്ത ദിവസം ഖമറു എന്നെ വീണ്ടും വിളിച്ചു.. ഞാനപ്പോ എന്റെ പുതിയ ഫോണില് അടുത്ത പുസ്തകത്തിന്റെ അവസാന ഘട്ട എഴുത്തിലാണ്..
“എടീ, ഞാൻ ചെറിയ രീതിയിൽ ഒരു ബിസിനസ് തുടങ്ങീ ട്ടോ, ഓൺ ലൈനിൽ, അതിന്റെ തിരക്കാ, അതാപ്പോ നിന്നെ വിളിക്കാൻ അധികം സമയം കിട്ടാത്തത്..”
ഖമറു പണ്ടത്തേക്കാളും ഹാപ്പിയാണ്.. വീടിന് ഒരു സാമ്പത്തിക സ്രോതസ്സ് ആവാൻ അവൾക്ക് കഴിയുന്നുണ്ട്. ജീവിതത്തെ പറ്റി കുറച്ച് കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ കഴിയുന്നുണ്ട്. വെറുതെ സീരിയൽ കണ്ട് സമയം കളഞ്ഞയിടത്ത് നിന്ന്, ഇന്ന് ഡിജിറ്റൽ കാലത്ത് ജീവിതം ക്രിയാത്മകമായി ആസ്വദിക്കുന്നുണ്ട് സാധാരണയിൽ സാധാരണക്കാരിയായ അവൾ.


റഷ്യ- ഉക്രൈൻ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നും വിവര വിജ്ഞാന വിസ്ഫോടന കാലത്തും മുഖ്യധാര മാധ്യമങ്ങൾ പോലും യാതൊരു എത്തിക്സും ഇല്ലാതെ ഭരണകൂടത്തിന് അനുകൂലമായും പ്രതികൂലമായും വ്യാജ വാർത്തകൾ യഥേഷ്ടം നിർമിക്കപ്പെടുന്നുണ്ടെന്നും നമ്മൾ അറിയുന്നത് ഡിജിറ്റൽ ലോകത്തിലൂടെയാണ്.
ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് എന്ത് എഴുതും എന്ന് കരുതി വെറുതെ സ്ക്രോൾ ചെയ്യുമ്പോഴാണ് യു.എൻ വെബ്‌സൈറ്റിലും അതേ തീം കാണുന്നത്.
“DigitALL: Innovation and technology for gender equality”.


രണ്ടാമത്തെ ഭാഗമാണ് എനിക്ക് ഏറെ താൽപ്പര്യമുള്ള വിഷയം, ജെൻഡർ ഇക്വാലിറ്റി അഥവാ ലിംഗ സമത്വം. അതിനെ പറ്റി എവിടെയെങ്കിലും പറയുകയോ എഴുതുകയോ ഒക്കെ ചെയ്യുമ്പോൾ ആദ്യം തന്നെ കേൾക്കുന്ന ഒന്നാണ്, ആണും പെണ്ണും പ്രകൃത്യാപരമായി തന്നെ രണ്ടല്ലേ, ആണിന് പ്രസവിക്കാൻ പറ്റുമോ, പെണ്ണിന് തെങ്ങ് കയറാൻ പറ്റുമോ എന്നൊക്കെ. (തെങ്ങ് കയറുന്ന മിടുക്കി പെണ്ണുങ്ങൾ ധാരാളം ഉണ്ട് കേട്ടോ).


ലിംഗ സമത്വം എന്നത് സാമൂഹികപരമായി ആണും പെണ്ണും ട്രാൻസും ഒന്നാണെന്നും അവകാശങ്ങളും കടമകളും അവസരങ്ങളും വിവേചന രഹിതമായി എല്ലാവർക്കും തുല്യമായി ലഭിക്കണം എന്നാണ് അർത്ഥമാക്കുന്നതെന്നും ഇപ്പോഴും പലർക്കും മനസ്സിലായിട്ടില്ല. അല്ലെങ്കിൽ സമൂഹത്തിലെ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെട്ട് പോകുമോ എന്ന വേവലാതി ചില മനുഷ്യരെയെങ്കിലും പിടി കൂടിയിട്ടുണ്ടോ എന്ന് ഉറപ്പായും സംശയിക്കണം.


ആധുനിക സാങ്കേതിക വിദ്യയുടെ ഈ കാലത്ത് നമ്മൾ ഓരോരുത്തരും ‘നെറ്റ്’ ന് ഉള്ളിലാണ്. വിവരങ്ങൾ അറിയാനും കൈമാറാനും സോഷ്യൽ മീഡിയകൾ അടക്കമുള്ള സാങ്കേതികതകളാണ് നമ്മൾ ഉപയോഗിക്കുന്നത്. നമുക്ക് ചുറ്റുമുള്ള എല്ലാവർക്കും ഡിജിറ്റൽ ലോകം പ്രാപ്യമാണോ? അല്ലാ, എന്ന് തന്നെയാണ് ഉത്തരം, പ്രത്യേകിച്ചും സ്ത്രീകൾക്ക്.


ശ്രദ്ധിച്ചിട്ടുണ്ടോ, സ്ത്രീകളുടെ ഫോണുകൾ മിക്കപ്പോഴും സെക്കന്റ് ഹാൻഡ് ഫോണുകൾ ആയിരിക്കും, ഭർത്താവോ സഹോദരനോ ഉപയോഗിച്ച്, അവർ വിപണിയിലെ പുതിയ മോഡൽ വാങ്ങിക്കുമ്പോൾ, എന്നാ പിന്നെ ഇത് ‘ഓൾക്ക്’ ഇരിക്കട്ടെ എന്നും പറഞ്ഞ് കൊടുക്കുന്നവർ.


സ്‌കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യട്ടെ, നമ്പർ പറ എന്ന് പറഞ്ഞവളോട്, എനിക്ക് സ്മാർട്ട് ഫോണില്ല എന്ന് പറഞ്ഞവൾ. സ്വന്തമായി ഒരു ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ ഇരിക്കുന്ന നിനക്ക് എന്തിനാ ഫോൺ എന്ന് പറഞ്ഞത് അവളോടുള്ള കരുതലായിരുന്നില്ല. അതിനുള്ള പൈസ അവന്റെ അടുത്ത് ഇല്ലാഞ്ഞിട്ടല്ല, പണിയും കൂലിയും ഇല്ലാത്ത നീ ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി എന്ന ഒരു ധ്വനി അതിലുണ്ടായിരുന്നു.


വിദ്യാഭ്യാസം നേടി സ്വന്തമായി ജീവിക്കാനുള്ള കരുത്ത് വേണം ഓരോ പെണ്ണിനും. എന്തൊക്കെ പറഞ്ഞാലും സ്വയം പൈസ ഉണ്ടാക്കി, ഓരോ കാര്യത്തിനും യാചിക്കാതെ ഇഷ്ടത്തിന് ജീവിക്കുമ്പോൾ, ഓരോ ദിവസവും കൂടുതൽ ഭംഗിയോടെ ജീവിക്കണം എന്ന് തോന്നും.


ജോലി ചെയ്തില്ലെങ്കിലും,
ജോലി നേടാൻ വരെയുള്ള വിദ്യാഭ്യാസം വേണം. ഒരുവേള ജീവിതത്തിൽ വീണ് പോയാൽ സ്വയം താങ്ങാവാൻ കഴിയണം. ഇറങ്ങിപ്പോരേണ്ടി വരുന്ന ഇടങ്ങളിൽ നിന്ന് തല ഉയർത്തി തിരിഞ്ഞ് നടക്കണമെങ്കിൽ ഒരാളും കൂട്ടില്ലെങ്കിലും ജീവിക്കാനുള്ള ശക്തി സ്വയം ഉണ്ടെന്ന് തോന്നണം.
മിഷേൽ ഒബാമ പറഞ്ഞ പോലെ,
“The future of our world is only as bright as the future of our girls. Success isn’t about how much money you make; it’s about the difference you make in lives.”
തിരിച്ചറിവുകൾ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്, നമ്മുടെ പെൺകുട്ടികൾ സ്വയം പ്രകാശമാകണം. അടുത്ത തലമുറ ലിംഗ വിവേചനമില്ലാത്ത ‘എല്ലാവരുടെയും ലോകത്ത്’ ജീവിക്കട്ടെ.


തോറ്റ് കൊടുക്കാതെ,
ഓരോ ദിവസവും സധൈര്യം മുന്നേറി,
നമുക്ക് നമ്മളായിട്ട് ജീവിക്കാൻ പറ്റണം.
Happy International Women’s Day..
❤️

By ivayana