രചന : അൽഫോൺസ മാർഗരറ്റ് ✍

ആ ഹർഷാരവങ്ങൾക്കിടയിലും അവൾക്ക് സ്വന്തം ഹൃദയമിടിപ്പ് കേൾക്കാം…
പുതിയ ആശുപത്രിയിൽ ഡോക്ടറായി നിയമനം കിട്ടി വന്നതാണവൾ…..
ആദിവാസി സമൂഹത്തിൽ നിന്നും ഡോക്ടറായി വന്ന തനിക്കു വേണ്ടിയൊരുക്കിയ സ്വീകരണം …..
വേദിയിൽ തന്നോടൊപ്പം ഇരിക്കുന്ന ഓരോ ബഹുമാന്യ വ്യക്തികളേയും കൈകൂപ്പി വണങ്ങി ഒരു കസേരയിൽ ഇരുന്നു.
പക്ഷേ…. വേദിയിൽ ഇരിക്കുന്ന ഒരാൾ …..
കണ്ടു മറന്ന മുഖം….
ആ കണ്ണുകൾ ….. ആ ചിരി ….. അതെ. അതയാൾ തന്നെ …..
വേദിയിൽ ഇരിക്കുമ്പോഴും അവളുടെ ഓർമ്മകൾ ഇരുപതു വർഷം പുറകിലേക്ക് പോയി….
കാട്ടിൽ ചുള്ളിയൊടിക്കാൻ മുതിർന്ന കൂട്ടുകാരികളോടൊപ്പം പോയ ഏഴുവയസുകാരി ….
അവളുടെ പ്രീയപ്പെട്ട മങ്കമ്മക്ക ….
അന്നു മങ്കമ്മക്ക മരത്തിൽ കയറി ചുള്ളി വെട്ടി താഴേക്ക് ഇട്ടു തന്നുകൊണ്ടിരുന്നു.
ഞങ്ങൾ മൂന്നു നാലു പേർ താഴെ നിന്ന് ചുള്ളി വിറക് പെറുക്കി കൂട്ടിക്കൊണ്ടിരുന്നു..
കുറേ ആളുകളുടെ ഉച്ചത്തിലുള്ള ചിരി കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ നാലഞ്ചു ചെറുപ്പക്കാർ മങ്കമ്മക്കയെ നോക്കി അട്ടഹസിച്ചു ചിരിക്കുന്നതാണ് കണ്ടത്…..
ഞങ്ങൾ പേടിച്ച് ഓടിക്കളഞ്ഞു…
പാവം മങ്കമ്മക്കക്ക് ഇറങ്ങാനും ഓടാനും പറ്റിയില്ല.
നാലഞ്ചു മണിക്കൂർ കഴിഞ്ഞിട്ടും മങ്കക്കാ വരാതായപ്പോൾ താൻ കരഞ്ഞു കൊണ്ട് മൂപ്പനോട് പറഞ്ഞു. പിന്നെ എല്ലാവരും കാടുമുഴുവൻ തെരഞ്ഞു. വെളുക്കാറായപ്പോഴാണ് ആമപ്പാറയുടെ അടുത്ത് മങ്കമ്മക്ക മരിച്ചു കിടക്കുന്നു. പൂർണ്ണ നഗ്നയായി …..കണ്ണുകൾ തുറന്ന് ……. ചുണ്ടും വായും ചോരയൊലിച്ച് …. ശവംതീനിയുറുമ്പുകൾ പൊതിഞ്ഞരിച്ച് ….. അതി ഭീകരമായി ……
അന്ന് താൻ അനാഥയായി. തന്റെ അപ്പായേയും അമ്മയേയും കാട്ടാന ചവിട്ടിക്കൊന്നതാണെന്നാ ഊരിൽ എല്ലാരും പറഞ്ഞത്. കൈക്കുഞ്ഞായിരുന്ന തന്നോട് എന്തോ ദയവ് ആ കാട്ടാനക്കൂ പോലും തോന്നി.
അന്നുമുതൽ മങ്കമ്മക്കയാണ് തന്നെ വളർത്തിയത്.
മങ്കക്കക്ക് താത്ത മാത്രം ഉണ്ടായിരുന്നുളളു…..
മങ്കക്കയുടെ ശവം ആശുപത്രിയിൽ നിന്നും കൊണ്ടു വന്നപ്പോൾ മുത്തപ്പയും കുഴഞ്ഞുവീണു മരിച്ചു പോയി……
എല്ലാവരും അന്നു പറഞ്ഞു നാട്ടാളുകൾ മങ്കമ്മക്കയെ ബലാത്സംഗം ചെയ്തു കൊന്നതാണെന്ന്‌ …..
ആദിവാസികൾക്ക് എന്തു സംഭവിച്ചാലും നാട്ടിലുള്ള ആർക്കും അത് ഒരു സംഭവമേയല്ല….
അന്നു മങ്കക്ക മരിച്ചപ്പോൾ അവിടെ വന്ന ഒരു ഡോക്ടറാണ് തനിക്കു പഠിക്കാനും താമസിക്കാനും എല്ലാം സഹായിച്ചത്.
ഇന്ന് ഒരു ഡോക്ടറായി ഇവിടെ വന്നതിനും ആ നല്ല മനുഷ്യന്റെ കാരുണ്യം ആണ്. പക്ഷേ ഇന്നുവരെ തന്റെ ദൈവതുല്യനായ സ്പോൺസറെ താൻ കണ്ടിട്ടില്ല….. പേരും അറിയില്ല …
മൈക്കിലൂടെ …. അടുത്തത് ഡോക്ടർ ജാനകി സംസാരിക്കുന്നു … എന്നു കേട്ടപ്പോൾ ഓർമ്മകളെല്ലാം ഓടി മറഞ്ഞു…..
അപ്പോഴും വേദിയിൽ തന്നോടൊപ്പം ഇരിക്കുന്ന ആ ആളുടെ കണ്ണുകളും ചിരിയും തന്നെ പേടിപ്പിക്കുന്നുണ്ടായിരുന്നു ….
അതയാൾ തന്നെ …
അയാൾ തന്നെ …. അന്നു കണ്ട അതേ കണ്ണുകൾ …..
അതേ ചിരി …..
മങ്കക്കയുടെ ….. അതയാൾ തന്നെ …..
നാട്ടിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണയാൾ.
വിറച്ചു വിറച്ചാണെങ്കിലും മൈക്കിനടുത്തെത്തിയപ്പോൾ എവിടെ നിന്നോ ഒരു ധൈര്യം മനസിലേക്കോടിയെത്തി.
തന്റെ അനാഥത്വത്തിന്റെ കഥ …….
അവൾ പറഞ്ഞു തുടങ്ങി …… മങ്കക്കയുടെ നടുക്കുന്ന ദുരന്തം …. ഹൃദയവേദനയോടെ പറഞ്ഞു തുടങ്ങി ……. ,
തന്റെ കണ്ണുകൾ ആ ആളെകണ്ടു എന്ന സത്യം പറയുമ്പോഴേക്ക് ……
വേദിയിലിരുന്ന അയാൾ കഴഞ്ഞുവീണു…..
ആകെ ബഹളം ……
എല്ലാവരും മറന്ന കഥ ……
തനിക്കു മാത്രം ഒരിക്കലും മറക്കാനാവാത്ത കഥ…” അമ്മയെപ്പോലെ ഏഴുവയസ്സുവരെ തന്നെ വളർത്തിയ തന്റെ പോറ്റമ്മയുടെ ആ അതിഭീകര ദുരന്തം ….
ഒരു ഏഴുവയസ്സുകാരിയുടെ മനസ്സിൽ നിന്നും മാഞ്ഞില്ല…… അതിന്റെ കാരണക്കാരന്റെ അന്നത്തെ ചിരിയും ….. ആ കണ്ണുകളും ……
ആശുപത്രിയിൽ ആദ്യത്തെ ജോലിയായിട്ടു പോലും ഒരു ഡോക്ടറുടെ എത്തിക്സ് മറന്നു കൊണ്ട് അവളുടെ
ഹൃദയം വല്ലാതെ തുടിച്ചു കൊണ്ടിരുന്നു ……
പ്രതികാരമോ …..
സന്തോഷമോ……

അൽഫോൺസ മാർഗരറ്റ്

By ivayana