രചന : വാസുദേവൻ. കെ. വി✍

ജനാധിപത്യ സംവിധാനത്തിൽ സംഘടിത വിലപേശൽ സ്വാഭാവികം.
പെരുന്നയിൽ നിന്നോ, പാണക്കാട്ടുനിന്നോ, കണിച്ചുകുളങ്ങര നിന്നോ ഉള്ള ഡിമാൻടുകൾ നമ്മൾക്ക് അരോചകം ആവുന്നില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള വിലപേശലുകൾ തെരഞ്ഞെടുപ്പ് തീർന്ന് മന്ത്രിമാരെ പ്രഖ്യാപിക്കുമ്പോൾ പോലും വ്യക്തം.


പ്രാദേശിക, സമുദായിക വിലപേശുകൾക്കൊപ്പം വ്യവസായിവൃന്ദത്തിന്റെയും, ജീവനക്കാരുടെയുമൊക്കെ എക്കാലവും.
കർഷകർ സംഘടിച്ച് ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് മാത്രം നമുക്ക് അരോചകം. പാലക്കാട്ടും കുട്ടനാട്ടുമുള്ള നെൽകർഷകരുടെ മുറവിളി കേൾക്കാനാവാതെ സപ്ലൈകോ നഷ്ടം സഹിച്ച് നെല്ല് സംഭരണം. അതിലും പരാതികൾ.
പാലോഴുക്കി കളഞ്ഞ് ക്ഷീരകർഷകർ.
കടലിൽ പോവാതെ കടലിന്റെ മക്കൾ.


അപ്പോഴൊന്നും നമുക്കില്ലാതെ പോയ തീവ്ര രോഷം റബ്ബറിന് ന്യായവില ചോദ്യം ഉയരുമ്പോൾ.റബ്ബർകർഷകരിൽ 30%ത്തിലേറെ മാമോദീസ മുക്കപ്പെടാത്തവരെന്ന് റബ്ബർ ബോർഡ് കണക്കുകൾ. ഭഷ്യവിളകൾക്കൊപ്പം നാണ്യ വിളകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തലശ്ശേരി പിതാവിന്റെ ആവശ്യം ആ 30% ത്തിനു കൂടിയുള്ളതാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടല്ലാതെ മാറ്റാരോടാണ് ഇറക്കുമതി തീരുവയെക്കുറിച്ച് ആവശ്യപ്പെടേണ്ടത്??
സംസ്ഥാനത്ത് താങ്ങുവില പ്രഖ്യാപനം കടലാസിൽ ഒതുങ്ങുമ്പോൾ പ്രതിഷേധം സ്വാഭാവികം.


മേടയിൽ നിന്നുള്ള ആഹ്വാനം കൊണ്ടൊന്നും വോട്ട് മറിയണമെന്നില്ല.
ടാപ്പിംഗ് ഇല്ലാതെ, മുറിക്കാൻ കൊടുക്കാൻ വെച്ച മരങ്ങൾ പാൽ ചുരത്തിയാൽ അത് വോട്ടായി മാറും. ഈ ഒരു രാഷ്ട്രീയ സന്ദേശമാണ് പിതാവിന്റെ വാക്കുകൾ.
വർഗീയവൽക്കരിച്ച് സ്വയം അപഹാസ്യ രാവാതെ പ്രഖ്യാപിക്കുക. അധികാരം ലഭിച്ചാൽ നടപ്പിലാക്കുക. അങ്ങനെ ഫാസിസ്റ്റ് ശക്തി കേരള മണ്ണിൽ വളരാതെ കാത്തുസൂക്ഷിക്കുക.
കർഷകന്റെ കണ്ണീരൊപ്പുക. അടിയോഴുക്കുകൾ തടയുക.
രാജ്യത്തിന്റെ നട്ടെല്ല് കർഷകസമൂഹമാണെന്ന് മറക്കാതിരിക്കുക.

വാസുദേവൻ. കെ. വി

By ivayana