രചന : ആൻ്റണി കൈതാരത്ത്✍

ജീവിതത്തിന് ഒരു രഹസ്യമുണ്ട്
അതുപോലെ മരണത്തിനും
മരിക്കുക എന്നതാണ്
ജീവിക്കുവാന്‍ ഓരോരുത്തരും ചെയ്യേണ്ടത്
പൂച്ചയെ പോലെ,
ഒമ്പത് ജീവനുകളുമായാണ്
അവന്‍, കവി പിറക്കുന്നത്
നിശബ്ദമായി
എല്ലാം കേട്ടുകൊണ്ടിരിക്കുക
മാത്രം ചെയ്യുന്ന ജനതയുടെ
മൗനം ഉടച്ച്, പടഹം മുഴക്കി
കവി തെരുവിലൂടെ പാടി നടന്നു
സംസാരിക്കുക, ഉറക്കെ സംസാരിക്കുക
നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്
സംസാരിക്കുക, ഉറക്കെ സംസാരിക്കുക
നിങ്ങളുടെ നാവും സ്വതന്ത്രമാണ്
അപ്പോഴാണ്,
അവന്‍റെ നാവ് അറക്കപ്പെടുന്നതും
ആദ്യ ജീവന്‍ കഴുവേറ്റപ്പെടുന്നതും
പരമ്പര്യത്തിന്‍റെ വിശുദ്ധ തെരുവില്‍
ആരും തലയുയര്‍ത്തി നടക്കരുതെന്ന
അനുശാസനങ്ങള്‍ പതിച്ച ഇടത്ത്
നമുക്ക് ആചാരങ്ങള്‍ മറന്ന്
ശിരസ്സുയര്‍ത്തി തന്നെ നടക്കാം
എന്ന്, എഴുതി വെയ്ക്കുമ്പോഴാണ്
പേ നായ്ക്കള്‍ കൂട്ടത്തോടെ വന്ന്
കവിയെ കടിച്ചു കീറുന്നതും
രണ്ടാമത്തെ ജീവനെടുക്കുന്നതും
നന്നെ വിശക്കുന്ന ഒരു ചെന്നായ ആണ്
കവിയുടെ മൂന്നാമത്തെ ജീവന്‍ വേട്ടയാടിയത്
അപ്പോള്‍ അവന്‍,
തെരുവില്‍ കൊല്ലപ്പെട്ട ബാലികയുടെ
കന്യാച്ചോരയില്‍ തൂലിക മുക്കി
വാക്കുകള്‍ കൊണ്ട് മനസ്സുകളില്‍
ചോരയില്ലാതെ മുറിവുകള്‍ എഴുതുകയായിരുന്നു
തെളിഞ്ഞ ആകാശത്തിനു കീഴെ
ഫണം വിടര്‍ത്തുന്ന തിരമാലകളുടെ
ശിരസ്സില്‍ ചവുട്ടി നിന്നാണ്, അവന്‍
ജ്വാലാമുഖികള്‍ക്ക് കാവലിരിക്കുന്ന
വെള്ളത്തലയന്‍ കഴുകനെയും
യുറേഷ്യന്‍ തവിട്ടു കരടിയെയും
കുറിച്ച് എഴുതുന്നത്
അപ്പോഴാണ് തിരപിളര്‍ന്നു വന്ന
കൊലയാളി തിമിംഗലം അവന്‍റെ
നാലാമത്തെ പ്രാണനെടുക്കുന്നത്
വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്നത്
നരഭോജികളാണെന്ന് പറഞ്ഞപ്പോഴാണ്
കവിക്ക് അഞ്ചാമത്തെ ജീവന്‍ നഷ്ടപ്പെടുന്നത്
അവന്‍റെ ശിരസ്സറുത്തെടുത്ത്, അവര്‍
വാതില്‍ക്കല്‍ കെട്ടിത്തൂക്കുകയായിരുന്നു
വാക്കുകളുടെ വായ്ത്തലകള്‍
രാകിക്കൂര്‍പ്പിച്ച്, അവന്‍
ബന്ധിതരുടെ ചങ്ങല കൊളുത്തുകളില്‍
നാവുകള്‍ എഴുതുമ്പോഴാണ്
അവര്‍ അവനെ കല്ലെറിയുന്നതും
ആറാമത്തെ ജീവന്‍
ശരീരത്തില്‍ നിന്ന് പറന്നകലുന്നതും
നുണകള്‍ പാകിയ വഴികളിലൂടെ
ഇടയര്‍ ആടുകളെ നയിച്ചപ്പോള്‍
നേരു വാക്കുകളുടെ തെരുവ് വിളക്കുകള്‍
തെളിയിച്ച്, അവന്‍
ചതിക്കുഴികള്‍ കാണിച്ചു തന്നു
അതിനാണ് അവര്‍ ശ്വാസംമുട്ടിച്ച്, അവന്‍റെ
ഏഴാമത്തെ ജീവനെടുത്തത്
ബധിരന് കേള്‍വിയും
കുരുടന് കാഴ്ചയും
മൃതന് ഉയിരുമായി
കവി വചനങ്ങള്‍ മാറിയപ്പോഴാണ്
അവര്‍ അവനെ കുരിശിലേറ്റുന്നതും
മൂന്ന് ആണികളില്‍ തൂങ്ങി
എട്ടാമത്തെ ജീവന്‍ പ്രാണന്‍‌ വെടിയുന്നതും
ഭക്തര്‍ വലിച്ചറിഞ്ഞ
പാഴ്ശിലകള്‍ പൊക്കിയെടുത്ത്
കവി താന്ത്രികാചാര്യര്‍
ഇഷ്ടജന ബിംബ പ്രതിഷ്ഠ നടത്തുന്നത്
കണ്ടപ്പോഴാണ്
കവിക്കു നെഞ്ചു വേദന വരുന്നതും
ഹൃദയമിടിപ്പു നിലയ്ക്കുന്നതും
ഒമ്പതാമാത്തെ ജീവന്‍ നഷ്ടപ്പെടുന്നതും.
ഒമ്പത് ജീവനുമെടുത്ത്
ജഡം കല്ലറയിലടക്കി
കല്ലറ മുദ്രവെച്ച് അവര്‍ മടങ്ങി
അപ്പോള്‍,
ഉയിരെടുത്ത അവന്‍റെ നിഴല്‍
കല്ലറയില്‍ എഴുതി
മരണത്തിന്‍റെ ശുഭരാത്രിയിലേക്ക്
സൗമ്യമായി പോകരുത്
എല്ലാ ജീവനും കൊഴിയുന്നതു വരെ
ജീവനിലേക്ക് വന്നപോലെ
ചവിട്ടുകയും നിലവിളിക്കുകയും ചെയ്യുക
നിത്യതയെ ഒരു സാധ്യതയായി കാണുക

ആൻ്റണി കൈതാരത്ത്

By ivayana