രചന : എസ്. ജയേഷ് ✍

എസ്.ജയേഷിന് ആദരാഞ്ജലി..

വെള്ളിയാഴ്ച കൊണ്ടുപോകരുത്,
രണ്ട് ദുഃഖവെള്ളികൾ എന്തിനാണ്?
ശവമഞ്ചം ഒഴിവാക്കുക,
രാജാവല്ല മരിച്ചതെന്ന് അറിഞ്ഞോട്ടെ!
വിലാപങ്ങൾ ഒട്ടും വേണ്ട,
ഇനിയൊന്നുകൂടി ലോകം താങ്ങില്ല.
പൂക്കളും സുഗന്ധലേപനങ്ങളും തൊടരുത്,
കുട്ടികൾക്കത് സങ്കടമാകും.
ഇടവഴിയിലൂടെ കൊണ്ടുപോകരുത്,
കമിതാക്കൾക്ക് സ്വകാര്യത ആവശ്യമാണ്.
പഴയ കാമുകിമാരെ അറിയിക്കരുത്,
അവരുടെ ഭർത്താക്കന്മാർ യാത്രയിലാകും.
നിലാവുള്ള രാത്രികളെ വിളിയ്ക്കരുത്
ചീവിടുകളുടെ ടിക്കറ്റില്ലാക്കച്ചേരി മുടങ്ങും
മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുക,
മണിയടി കേട്ടാൽ ചിലപ്പോൾ ഞാനുയിർത്തെഴുന്നേൽക്കും.
■■■
(വാക്കനൽ)

By ivayana