രചന : ഒ.കെ.ശൈലജ ടീച്ചർ.✍

കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പലതും കൈവിട്ടുപോകുന്നു. എന്നാൽ കാലമെത്ര കഴിഞ്ഞാലും ഒളിമങ്ങാതെ ചില മുഖങ്ങൾ . നല്ല ബന്ധങ്ങൾ അനുഭവങ്ങൾ നിറവോടെ മനതാരിലെന്നും അണയാതെ കിടക്കും.
ജോലിത്തിരക്കിൽ ജീവിതയാത്രയുടെ നെട്ടൊട്ടങ്ങൾക്കിടയിൽ പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓർക്കാൻ സമയം കിട്ടാതെയും വന്നുവെന്നുള്ളത് വാസ്തവം തന്നെ !
അപ്രതീക്ഷിതമായാണല്ലോ പലതും സംഭവിക്കുന്നത്. സംഭവിക്കുന്നതെല്ലാം തന്നെ ചിലപ്പോൾ അറിയണമെന്നുമില്ല.


അത്ഭുതങ്ങൾ ചിലപ്പോൾ സംഭവിക്കാറുണ്ടെന്നുള്ളതൊരു പ്രപഞ്ചസത്യവും ഈശ്വരഹിതവും ആണെന്നുള്ളത് അംഗീകരിക്കുന്നു. ഇങ്ങനെയോരോ ചിന്തകളുമായി വരാന്തയിൽ ഇരിക്കുമ്പോൾ
യാദൃശ്ചികമായിട്ടാണ് ആ വാർത്ത എന്റെ കണ്ണിൽപെട്ടത്. തിരക്കിലായത് കൊണ്ട് ഒന്നു നോക്കിയേ ഉള്ളൂ. പിന്നീടതേപ്പറ്റി ചിന്തിക്കാൻ സമയം കിട്ടിയുമില്ല.
വീണ്ടും അതോർമ്മപ്പെടുത്തുന്നത് പോലെ രജനിയുടെ കാൾ വന്നു. ഞാൻ രജനിയുമായി കുറേ നേരം സംസാരിച്ചു.


കോളേജ്മേറ്റായിരുന്നു രജനി. ഇടയ്ക്ക് വിളിച്ചു ഒരു പാട് സംസാരിക്കുന്നതിനിടയിൽ ഒന്നിച്ചു പഠിച്ചവരെക്കുറിച്ചും , പഠിക്കുന്ന സമയത്തെ കോളേജിലെ ചില അനുഭവങ്ങളെപ്പറ്റിയും സഹപാഠികളെപ്പറ്റിയും പറയുക പതിവായിരുന്നു. അന്നും പറയുന്നതിനിടയിലവളൊരു കാര്യം പറഞ്ഞത് കേട്ടപ്പോൾ വല്ലാതെ പ്രയാസം തോന്നിയെ നിക്ക് .
“എടീ ഇന്ദു നിന്റെ ബന്ധുവായിരുന്നില്ലേ രാമദാസ് . അവനേയും ഭാര്യയേയും ഞാൻ ഒരു കല്യാണവീട്ടിൽ വെച്ചു കണ്ടു. രാമദാസ് ആകെ മാറിപ്പോയിരിക്കുന്നു. അവനേന്തോ സുഖമില്ലെന്ന് അവന്റെ ഭാര്യ രേണുക പറഞ്ഞു. നീ കാണാറില്ലേ നിങ്ങൾ വിളിക്കാറില്ലേ ?” രജനിയുടെ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ ആ വിവരങ്ങളൊക്കെ അറിയുന്നത്.


“ഇല്ല രജനി ഞാനൊരു വിവരവും അറിയുകയോ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. വർഷങ്ങളായി യാതൊരു ബന്ധവുമില്ല ഞാനെന്റേതായ മാറാപ്പും ചുമന്നുകൊണ്ടങ്ങനെ വലയുകയല്ലേ അതിനിടയിൽ സ്മൃതി പഥത്തിലൂടെ നിങ്ങളൊക്കെ ഇടക്ക് കടന്നുവരാറുണ്ടെങ്കിലും അതേപ്പറ്റിയൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ലല്ലോ. മാത്രവുമല്ല രേണുകയുടേത് ഒരു പ്രത്യേകം ക്യാരക്ടർ ആണെന്ന് മനസ്സിലായതിനാൽ ഞാൻ ആ കാര്യമേ വിട്ടു. വെറുതെയെന്തിനാണൊരു പൊല്ലാപ്പ് ക്ഷണിച്ചു വരുത്തുന്നത്. എന്തായാലും ഈ വിവരം അറിഞ്ഞിട്ടൊരു വിഷമമുണ്ട്. പക്ഷേ രാമദാസിനെ വിളിക്കാനൊന്നും പറ്റില്ല. എത്രയും വേഗം ആരോഗ്യവാനാകട്ടെയെന്ന് പ്രാർത്ഥിക്കാം.” രജനിയോട് അത്രയും പറഞ്ഞ് അന്ന് ഞങ്ങൾ കോൾ അവസാനിപ്പിച്ചതായിരുന്നു.


കുറച്ചു ദിവസം രജനിയുടെ കോൾ കാണാതായപ്പോൾ ഞാൻ അവളെ വിളിച്ചതായിരുന്നു. അപ്പോഴാണവൾ എന്നോടു പറയുന്നത്
“എടീ ഇന്ദു ഞാൻ നിന്നെ അങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു. നീയറിഞ്ഞില്ലേ?”
“എന്താണ് രജനി. നീ കാര്യം പറ”
“നീ നമ്മുടെ കോളേജ് ഗ്രൂപ്പിൽ വാർത്ത കണ്ടില്ലേ. നീ എപ്പോഴും അതിൽ നിന്റെ രചനകൾ പോസ്റ്റ് ചെയ്യുന്നതല്ലേ . എന്നിട്ട് നീ കണ്ടില്ലെന്നോ ?”
“ഇല്ലെടീ നീ പറ എന്താണെന്ന് .”
” ആ നീ തന്നെ നോക്ക്” രജനി കോൾ കട്ട് ചെയ്തപ്പോൾ ഞാൻ വേഗം കോളേജ്‌ഗ്രൂപ്പിൽ കയറി പരിശോധിച്ചു. പുതുതായിട്ടൊന്നും കാണുന്നില്ല. പിന്നെ രാമദാസ് എന്ന അറുപത്തഞ്ച് കാരന് ലോങ്ങ് ജെംമ്പിൽ വെള്ളിമെഡൽ കിട്ടിയ വാർത്തയും ഫോട്ടോയും കണ്ടു. ഫോട്ടോ കണ്ടിട്ട് തീരെ പരിചയം തോന്നാത്തത് കൊണ്ടാണല്ലോ ആ വാർത്ത അത്ര ശ്രദ്ധിക്കാതിരുന്നത്. പിന്നെ ഒരു വാർത്തയും വേറെ കാണുന്നില്ലല്ലോ. എന്തായാലും രജനിയോട് ഒരിക്കൽ കൂടി ചോദിക്കാമെന്ന് വിചാരിച്ചു ഞാൻ രജനിയെ വീണ്ടും വിളിച്ചു.


” രജനി അതിലൊരു രാമദാസിന്റെ വാർത്തയാണോ നീ ഉദ്ദേശിച്ചത്. ഞാനത് വായിച്ചിട്ടില്ല മുഴുവനും . ഫോട്ടോ കണ്ടിട്ടൊരു പരിചയമില്ല.”
“എടീ ഇന്ദു നിനക്ക് രാമദാസിനെ മനസ്സിലായില്ലെന്നോ ? നിന്റെ ബന്ധു രാമദാസാണ് രേണുകയുടെ ഭർത്താവ്. ഫോട്ടോയിൽ ആളെ തിരിച്ചറിയുന്നില്ലെന്നുള്ളത് ശരിയാണ്. അവന്റെ രോഗം അവനെ ആകെ മാറ്റിയിരിക്കുന്നു. പക്ഷേ അതല്ല അത്ഭുതം നീ വാർത്ത വിശദമായി വായിച്ചു നോക്കൂ. അതൊരു മിറാക്കിൾ ആണ് മോളെ” രജനി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ആശ്ചര്യവും കുറ്റബോധവും തോന്നി. ഞാൻ വീണ്ടും ഗ്രൂപ്പിലുള്ള വാർത്തയിലേക്ക് കണ്ണോടിച്ചു.


എനിക്ക് വിശ്വസിക്കാനായില്ല. ഒരർത്ഥത്തിൽ ഇതൊരത്ഭുതമല്ലെങ്കിലും ഈയൊരവസ്ഥയിൽ ഒരറുപത്തഞ്ച്കാരൻ കരസ്ഥമാക്കിയ വെള്ളി മെഡലിന് തങ്കമെഡലി നേക്കാൾ തിളക്കമുണ്ട്.
രണ്ട് വർഷം മുമ്പുണ്ടായ ക്യാൻസറിനെ അതിജീവിച്ചെങ്കിലും ശരീരം നന്നായി മെലിഞ്ഞിരുന്നു. മുഖഛായ പാടേ മാറിയിരുന്നു. മുടിയാകെ പോയി കഷണ്ടി കയറി വാർദ്ധക്യം നന്നായി ബാധിച്ച പ്രസന്നതയില്ലാത്ത മുഖമാണ് ആ വാർത്തയിലെ ഫോട്ടോയിൽ കണ്ടത്. മാത്രവുമല്ല ആരോഗ്യം വീണ്ടെടുത്ത് കുറച്ചുമാസങ്ങൾക്കുശേഷം രണ്ടാമതും ക്യാൻസർ ബാധിതനായി ഓപ്പറേഷന് വിധേയനാകേണ്ടി വന്നു. സർജറിക്കു ശേഷം ആറുമാസം കഴിഞ്ഞാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. മാനസികമായും ശാരീരികമായും മനുഷ്യനെ തളർത്തുന്ന ക്യാൻസറെന്ന വില്ലനോട് പൊരുതി സാധാരണ ജീവിതത്തിലേക്ക് വരാൻ മനോധൈര്യമുള്ളവർക്കേ കഴിയുന്നുള്ളൂ.


അങ്ങനെയുള്ള സ്ഥിതിക്ക് സർജറി കഴിഞ്ഞ ശരീരവുമായി ഒരു കായികമത്സരത്തിൽ അറുപത്തഞ്ചാം വയസ്സിലും പങ്കെടുത്ത് വെള്ളിമെഡൽ കരസ്ഥമാക്കുകയെന്നത് അത്ഭുതാവഹമാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് മികച്ച അത് ലറ്റായിരുന്നു. എന്നാലും വാർദ്ധക്യവും, രോഗവും മറന്ന് അത്യുന്നത വിജയം നേടിയ രാമദാസിന്റെ ആത്മവിശ്വാസത്തിന് ദൃഢനിശ്ചയത്തിന് . ഇച്ഛാശക്തിക്ക് ഗോൾഡ് മെഡൽ നൽകി ആദരിക്കേണ്ടിയിരിക്കുന്നു. ക്യാൻസറിനെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്നഭിമാനമായിത്തീർന്ന രാമദാസിനെ എന്റെ ഉറ്റ ബന്ധുവിനെ ഫോട്ടോയിൽ കണ്ടിട്ട് തിരിച്ചറിയാൻ പറ്റിയില്ലല്ലോ എന്ന ദു:ഖവും കുറ്റബോധവും എനിക്കുണ്ടായി.


വാർത്തകണ്ടിട്ടും മുഴുവൻ വായിക്കാതെ പോയത് തിരക്കിലായത് കൊണ്ടായിരുന്നെങ്കിലും രാമദാസിനെ അറിയാതെ പോകുമായിരുന്നല്ലോ എന്ന് ഓർത്തപ്പോൾ വല്ലാതെ മനസ്സ് നൊന്തു. ഒന്ന് വിളിക്കാനോ നേരിട്ട് കണ്ട് അഭിനന്ദിക്കാനോ പറ്റുകയുമില്ല. രേണുകയൊരു കടുത്ത സംശയരോഗിയാണല്ലോ. അവളോടല്ലാതെ രാമദാസ് ഒരു സ്ത്രീയോടും മിണ്ടാൻ പാടില്ലെന്ന അവളുടെ ദുർവാശിക്കു മുന്നിൽ കുടുംബഭദ്രതയോർത്ത് കീഴടങ്ങി ജീവിക്കുന്ന കായികതാരത്തിന്റെ ശരീരത്തിൽ ഇത്ര ആത്മവിശ്വാസമുള്ള മനസ്സ് ഉണ്ടായത് അത്ഭുതം തന്നെ. എന്നെങ്കിലുമൊരിക്കൽ എവിടെയെങ്കിലും വെച്ചൊന്ന് നേരിൽ കാണാനുള്ള അവസരം കിട്ടണേയെന്ന് അതിയായി ആഗ്രഹിച്ചു പോയി. അപ്പോൾ ശൂർപ്പണഖയെപ്പോലുള്ള രേണുകയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. രാമദാസിന് ആയുരാരോഗ്യമെന്നു മുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ അത്ഭുതാവഹമായ ആ വാർത്ത ഒരിക്കൽ കൂടി വായിച്ചു. ആ ഫോട്ടോയിൽ നോക്കി സ്‌നേഹാദരവോടെ സല്യൂട്ട് നൽകി. ഈ വാർത്ത എല്ലാവർക്കുമൊരു പ്രചോദനമാകട്ടെ . പ്രത്യേകിച്ച് ക്യാൻസറിന് മുന്നിൽ പൊരുതുന്ന മനസ്സുകൾക്ക് . വാർദ്ധക്യത്തിന് കീഴടങ്ങുന്നവർക്ക് . ആ വാർത്തയും ഫോട്ടോയും ഒരു പാട് പേർക്ക് ഷെയർ ചെയ്തപ്പോൾ മനസ്സിനൊരാശ്വാസം കിട്ടിയത് പോലെ
.

ഒ.കെ.ശൈലജ ടീച്ചർ

By ivayana