രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍

ഹാജി പെരിന്തൽമണ്ണ മരപ്പുരക്കൽ കുഞ്ഞാലിക്കുട്ടിക്ക ഒരു കാജാ ബീഡിക്ക് തീക്കൊളുത്തി നീട്ടിവലിച്ചു. ഇടക്കിടക്ക് ചുമക്കുന്നുണ്ട്. മെലിഞ്ഞൊട്ടി വിറകുപോലത്തെ ശരീരം. കുവൈറ്റിലെ സ്വന്തം ചായക്കടയുടെ (അറബിയിൽ ചായക്കട എന്ന സംഭവം ‘മത്താം’ എന്ന പേരിലാണ് അറിയപ്പെടുന്നത്) പൃഷ്ടഭാഗത്തുള്ള കാർ പാർക്കിങ്ങിൽ അദ്ദേഹം ചിന്താധീനനായി തലങ്ങും വിലങ്ങും നടക്കുകയാണ്.

ചിന്തകളുടെ അതിപ്രസരം കാരണം കഷണ്ടിതിന്ന് ഊഷരമാക്കിയിരിക്കുന്ന തലമണ്ട വിയർക്കുകയാണ്. ലേസിട്ട ഹാജിത്തൊപ്പിയൂരി അദ്ദേഹം തലതുടച്ചു. തൊപ്പി തിരിച്ചുവെക്കുന്നതിന്നുമുമ്പുതന്നെ അദ്ദേഹം ഒരു തീരുമാനമെടുത്തു. തന്നെ വലയ്ക്കുന്ന പുതിയ പ്രഹേളികയ്ക്ക് ഒരു ഉത്തരം ഇന്നുതന്നെ കണ്ടുപിടിക്കണം.
ഇനിവലിച്ചാൽ ചുണ്ടുപൊള്ളുമെന്ന അവസ്ഥയിലുള്ള കൂറ്റിബീഡിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടിയരച്ച് അദ്ദേഹം പിൻവാതിലിലൂടെ മത്താമിൻറെയുള്ളിൽ കയറി കാഷ് കൌണ്ടറിൽ ആസനസ്ഥനായി സ്ഥിതിഗതികൾ സകൌതുകം വീക്ഷിച്ചു.
മത്താം നിറഞ്ഞിരിക്കുന്നു. അൽഹമ്ദുലില്ലാ (അള്ളാഹുവിന് സ്തുതിയായിരിക്കട്ടെ).

ചുറ്റുവട്ടത്തുള്ള കോൺട്രാക്ടിംഗ് കമ്പനികളിൽനിന്നുമുള്ള മുഷിഞ്ഞ യൂനിഫോമുകളിട്ട മിക്ക ഇന്ത്യൻ ദരിദ്രവാസി ജോലിക്കാരും അവിടെ ഹാജരായിരുന്നു. കൂടെ കുറച്ച് പാക്കിസ്ഥാനി ബാർബർമാരും (മനോഗതം: അവറ്റങ്ങൾക്ക് ചെരക്കാൻ മാത്രമേ അറിയൂന്ന് തോന്നണു.). അവരെല്ലാം ശുടുശുടെ ചപ്പാത്തിയും (മലബാർപൊറോത്തക്ക് കുവൈത്തിലെ അറബികൾ കൊടുത്തിരിക്കുന്ന നാമധേയം) ‘ആംപ്ലേറ്റും’ പഞ്ചാരക്കഷായമായ ഹലീബ് ചായയും (പാലിട്ട ചായ) യന്ത്രങ്ങളെപ്പോലെ അകത്താക്കുകയാണ്. ഹൌ, എന്തൊരാസ്ക്തി! പാലിടാത്ത സൂലൈമാനിയ എന്ന വറച്ചായ ഒരു സ്റ്റൈലിന് മുത്തിമോന്തുന്ന ചില കേരളാകൊനോസ്സിയർമാരും അവിടെ ആസനസ്ഥരായിരുന്നു.


അവർക്കിടയിൽ നിറഞ്ഞ കാലിത്തൊഴുത്തിലകപ്പെട്ടുപോയ പട്ടിയെപ്പോലെ ഓടിനടന്ന് തളരുകയാണ് വെറും പത്തൊമ്പതുവയസ്സറിഞ്ഞ മണ്ണാർക്കാട്ടുകാരൻ സുലൈമാൻ. അവനാണ് അവിടത്തെ വെയിറ്റർ കം ടേബിൾ ക്ലീനർ കം ക്ലയൻറ് എൻറ്റർടെയിനർ. തീറ്റിക്കണം, തുടക്കണം, ചിരിപ്പിക്കണം – അതാണ് അവന്ന് ഹാജി കൊടുത്തിരിക്കുന്ന മോട്ടോ. ഹാജികൊടുക്കുന്ന നക്കാപ്പിച്ച മാസശംബളം ഇരുപത്തിയഞ്ച് ദിനാറിൽ മണ്ണാർക്കാട്ടിലെ ഉമ്മയും അനുജനും ഏറെ പ്രിയപ്പെട്ട അനുജത്തി നബീസുവും പട്ടിണികിടക്കാതെ കഴിഞ്ഞുകൂടുന്നു എന്നതാണ് സുലൈമാൻറെ ഒരേയൊരു സന്തോഷം. അൽഹമ്ദുലില്ല. അള്ളാഹു ഹാജിയെയും എന്നേയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ഇതിലപ്പുറം ഒരു സോഷ്യലിസമുണ്ടോ? സുലൈമാന് അതുമതി.


‘സുലൈമാനേ, ബലാലേ, ആ മുക്കിലെ ടേബിള് നോക്കടാ. ബേഗം ക്ലീൻ ചെയ്യ്. കഷ്ടമറ് കാത്തുനിക്കണ് കണ്ടില്ലേ ഇബിലീസേ? അതിൻറപ്പറത്ത് ചപ്പാത്തികൊടുക്കടാ, ചായേം ആംപ്ലേറ്റും കൊടുക്കടാ സുലൈമാനേ’.
സുലൈമാന് ഒരു പ്രശ്നവുമില്ല. ഹാജി എന്തുപേരുവേണമെങ്കിലും വിളിച്ചോട്ടെ. ഒരു കർമ്മയോഗിയെപ്പോലെ സുലൈമാൻ സ്വന്തം ജോലി ആത്മാർത്ഥയോടെ ചെയ്തിരിക്കും. അല്ല പിന്നെ, കർമ്മയോഗം ഇസ്ലാമിലുമില്ലേ? സുലൈമാനും ഹാജിക്കും അതറിയാം. അവർ അള്ളാഹുവിൻറെ ഒരു നാടകത്തിലാണ്. സ്വന്തം റോളുകൾ കളിച്ചുരസിക്കുകയാണ്.


ഇന്നലെയും മിനിഞ്ഞാന്നും ഹാജിയുടെ ചിന്താവിഷയങ്ങൾ കുഴിമന്തിയും ഷവർമയുമായിരുന്നു. രണ്ട് അറബിവിഭവങ്ങളെപ്പറ്റിയും കാലഘട്ടത്തിൽ കേരളത്തിൽ സംജാതമായിരിക്കുന്ന പ്രതികൂലസാഹചര്യങ്ങളെപ്പറ്റി ചിന്താകുലനാണ് ഹാജി. പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്തുതന്നെ ഈ വിഭവങ്ങളെ തികച്ചും വിഭിന്നവും വിലകുറഞ്ഞതുമായ രീതിയിൽ സൌരോർജ്ജം മാത്രമുപയോഗിച്ച് ഉണ്ടാക്കിയെടുത്ത് എങ്ങിനെ ഉപഭോക്തൃപ്രീതി സമ്പാദിക്കാം എന്ന് തലപുകഞ്ഞുചിന്തിച്ചുവലയുമ്പോഴാണ്
നിനച്ചിരിയാതെ ഷവർമ്മക്കെതിരെ സ്ഥാപിതതാൽപ്പര്യക്കാർ ജനരോഷം ഇളക്കിവിട്ടിരിക്കുന്നത്.


ഈ കഴിഞ്ഞമാസമാണ് ഇംഗ്ലണ്ടിൽ കാറ്ററിങ്ങ് കോഴ്സ് ചെയ്യുന്ന ഹാജിപുത്രൻ കൊച്ചുഹനീഫ ഈ വിഷയത്തെപ്പറ്റി ഒരുപ്രബന്ധമെഴുതി സ്വന്തം അധ്യാപകരെയും അന്താരാഷ്ട്ര ദേഹണ്ഡസമൂഹത്തെയും ഞെട്ടിച്ചത്. പ്രബന്ധത്തിൻറെ പേരത്രെ : “The Solar Thermodyanamics of Shawarma, Kuzhimanti and Al-Feham In The Northern Latitudes Of Kerala, With Particular Reference To Perinthalmanna”. ‘പാവം ചെക്കൻ. ഓനുക്കിപ്പൊ പെരുത്ത ബെഷമോണ്ടാവും’ – ഹാജി ദീർഘമായി നിശ്വസിച്ചു. എന്തായാലും കാത്തിരുന്നുകാണാം. തൻറെ സൌരോർജ്ജപദ്ധതിവന്നാൽ കണ്ടതെല്ലാം വാരിക്കൂട്ടി, കിട്ടിയതെല്ലാംകത്തിച്ച്, അറേബ്യൻ പേരുകൾപറഞ്ഞ് ആൾക്കാരെപ്പറ്റിച്ച് കോയിവിഭവങ്ങളുണ്ടാക്കുന്ന പെരിന്തൽമണ്ണയിലെയല്ല ഇന്ത്യയിലാകമാനമുള്ള ഫ്രാഡുകൾ കണ്ടംവഴിയോടുമെന്ന് ഹാജിക്ക് ഉറപ്പുണ്ട്.


‘ഇതെല്ലാം ഇന്നലത്തെ ബിഷയങ്ങള്. ഇന്നത്തെ ഞമ്മടെ ബെഷമം ബേറൊന്നാണ്. അല്ല, ഞമ്മൻറെ നാട്ടിലെ പെണ്ണുങ്ങക്കെല്ലാം അല്ലാഹുവെന്താ ഈ കോയിക്കാലുകൊടുത്തത്? മസ്രി (ഈജിപ്ഷ്യൻ) പെണ്ണുങ്ങളേം ലബ്നാനി കുട്ട്യേളേം നോക്കിൻ. നല്ല മുയുമുയുത്ത മിനുമിനു ചന്ദനക്കാലുകളല്ലേ അവറ്റക്ക് പടച്ചോൻ കൊടുത്തനുഗ്രഹിച്ചെടക്കണ്. അതിൻറെ ഗുട്ടൻസെന്താന്ന് ആരുക്കെങ്കിലും പറഞ്ഞുതരാനാവ്വോ?’ – മത്താം നിറഞ്ഞിരിക്കുന്ന സദസ്സിനെ അഭിസംബോധനചെയ്ത് ഹാജി പ്രശ്നം അവതരിപ്പിച്ചു.


ആസമയത്താണ് മത്താമിന്നുപുറത്തുള്ള കോറിഡറിലൂടെ കളകളംചിരിച്ച് ഹാഫ് സ്കർട്ട് ധാരികളായ ഏതാനും മസ്രിപ്പെൺകൊടികൾ കടന്നുപോയത്.
‘നോക്കിൻ, നോക്കിൻ, എന്താ ഒരു മൊഞ്ച്. ചന്ദനം കടഞ്ഞപോലല്ലെ അവറ്റങ്ങളടെ കാല്. ഹൂറ്യേള്. ശരിക്കും ഹൂറ്യേള്. ഞമ്മടെ ഇന്ത്യേലെ കോയിക്കാലികളുക്ക് ഇബരടെ അടുത്തുനിക്കാൻ പറ്റ്വോ കൂട്ടരെ?’


മേശതുടച്ചുകൊണ്ടിരുന്ന സുലൈമാനത് സഹിച്ചില്ല. ‘എന്താൻറ ഹാജിക്കാ ങ്ങള് പറയണ്? മ്മടെ നാട്ടിലൂല്ലെ ചന്ദനക്കട്ടേള്? മാതുരീ ദീക്ഷിത്, ഐസ്വര്യാ, മ്മടെ പണ്ടത്തെ ഷീലേച്ചി, ചെയപാരതി, ഇപ്പക്കെടന്നുവെലസണ ഹണി റോസ്. ഇന്ത്യക്കെന്താന്നും കൊയപ്പം?’


ഹാജിക്ക് ചൊടിച്ചു: ‘പോയ് പണിനോക്കടാ ഹമുക്കെ. ഒക്കെ കോയിക്കാലന്ന്യാണ്. സാരീംചുറ്റിനടക്കണ കോയിക്കാല്യേള്. പടച്ചോനെന്തിനാ ഞമ്മളോടുമാത്രം ങ്ങനൊരു അന്യായം കാട്ട്യേത്? ഒരും പിടീംകിട്ടിണില്ല ൻറ ബദരീങ്ങളെ.’
‘അതിന്നും കാരണം കാണും ൻറ ഹാജിക്കാ. ങ്ങള് ഇതുമാതിരീത്തെ ഒരു ചന്ദനക്കാലി ഹൂറ്യേ കെട്ടീന്ന് നിരീക്കിൻ. ആദ്യരാത്ര്യാണെന്നും ബിചാരിക്കിൻ’ – സൂലൈമാൻ ഒരു സെനറിസ്റ്റായി.


ഹാജിക്ക് ആ സെനറിയോ ക്ഷ പിടിച്ചു. വായിൽ വെള്ളപ്പോക്കം. അത് കീഴോട്ടുവലിച്ചിറക്കി ഹാജി സുലൈമാനെ പ്രോത്സാഹിപ്പിച്ചു. ‘പറ ഹമുക്കെ, വേഗം ബാക്കി പറ’.
‘ങ്ങടെ ആദ്യത്തെ ഉശിരെല്ലാം പോയി ങ്ങള് മോന്തായോം നോക്കി ആലോചനേൽ കെടക്ക്വാണ്. ഒരു ബീഡീംബലിച്ച് കൊരച്ചോണ്ട്. ഹൂറി സൈഡിലുണ്ട്. നല്ല ഒറക്കത്തില്.’
‘ഇത്ര ബേഗം ഒറക്കം ബേണ്ടീരുന്നില്ല. അതും ആദ്യരാത്രീല്. എന്തോ ആവട്ടെ. ബാക്കി കഥ പറ.’ – ഹാജിക്ക് തിടുക്കം.


‘അപ്പഴാണ് ഒരു പൃക്ക പാട്ടുംമൂളിവന്ന് ഞമ്മൻറെ ഹൂറീടെ ചന്ദനമുട്ടീല് കടിക്കണ്.’
‘പൃക്കയോ? അതെന്താ?’ – സദസ്സിലെ വിവരമില്ലാത്ത ഒരു ദരിദ്രവാസിക്ക് സംശയം.
‘പൃക്കാന്നാൽ ഞങ്ങടെ മലനാട്ടിൽ കൊസു – മൊസ്കിറ്റോ’ – ഹാജി വിശദീകരിച്ചു. ബാക്കിപ്പറ സുലൈമാനെ.
‘ഹൂറി കൊസൂനെ തല്ലിക്കൊന്ന്, ഹബീബീന്ന് (മൈ ഡിയർ) ങ്ളെ ബിളിച്ച് കോരിത്തരിപ്പിച്ച്, ചന്ദനത്തടിപൊക്കി ങ്ങടെ വയറ്റത്ത് പൊതോം ന്നങ്ങട് ഇടുണു. മോന്തായോം നോക്കിക്കെടക്കണ ങ്ങടെ കഥ പിന്നെ ഞാൻ പറയണോൻറ ഹാജിക്കാ?
ഹാജി ഞെട്ടി വിറച്ചു. ഇന്ത്യക്കാരികൾക്ക് കോയിക്കാലുമാത്രംകൊടുത്തനുഗ്രഹിച്ച പടച്ചോനെ സ്തുതിച്ചു. പ്രകൃതിയിൽ എല്ലാറ്റിനും അതിൻറേതായ കാരണമുണ്ടെന്നറിഞ്ഞ് സന്തോഷിച്ചു.


സദസ്സാകട്ടെ പൊട്ടിച്ചിരിച്ചു.
ഹാജി അടുക്കളയിലോട്ട്നോക്കി ചീഫ് കുക്ക് മരയ്ക്കാരെ വിളിച്ചു. ഒരു ബീഡിവലിക്കാൻ പുറത്തോട്ടിറങ്ങിയ മരയ്ക്കാർ സ്പ്രിംഗ് ആക്ഷൻ പോലെ സദസ്സിലേക്ക് ചാടിയെത്തി.
സുലൈമാൻറെ മുതുകിൽതട്ടി ഹാജിയൊരു വിളംബരം പുറപ്പെടുവിച്ചു: ‘ഞമ്മള് ബിചാരിച്ചപോലേന്നും ല്ല ഈ പഹയൻ. ഇബൻ ഞമ്മളെ രക്ഷിച്ചിരിക്കുണു. ഇനി ഞമ്മക്ക് ചന്ദനക്കാല് ബേണ്ടേബേണ്ട. എപ്പഴും കോയിക്കാലുമതി. മരയ്ക്കാരേ, ഇന്നുമുതൽ ഇബൻ അൻറകൂടെ അടുക്കളേൽ നിക്കട്ടെ. അസിസ്റ്റൻറ് കുക്ക്.’
തിരിഞ്ഞ് സുലൈമാനോട്: ‘ഡാ ഹമുക്കെ, അൻറെ ശംബളം ഞമ്മള് അഞ്ച് ഡിനാറ് കൂട്ടീരിക്കുണു ട്ടോ’.


കണ്ണിലെ വെള്ളപ്പൊക്കം തടയാനാവാതെ സുലൈമാൻ വാഷ് ബേസിനിലേക്കോടി. ‘ അള്ളാ, അള്ളാ! അഞ്ച് ഡിനാറ്! നബീസുവിന് പുത്യേ കുപ്പായോം തട്ടോം ബാങ്ങണം.’ അവൻറെ മനസ്സിൽ അനിയത്തിക്കുട്ടി നെല്ലിപ്പുഴയുടെ തീരത്ത് ഒരു പുള്ളിമാനായി തുള്ളിച്ചാടി നടന്നു. തോരാമഴപോലവൻ കരഞ്ഞു.

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana