രചന : ശ്രീജിത്ത് ഇരവിൽ ✍
തലയ്ക്ക് സ്ഥിരതയുള്ള ആർക്കും നിങ്ങളോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഭാര്യ ഇറങ്ങി പോയത്. ഒപ്പം കൂട്ടാൻ മക്കൾ ഇല്ലാത്തത് കൊണ്ട് അവൾക്കത് പെട്ടെന്ന് തീരുമാനിക്കാൻ സാധിച്ചു. പോയവരെ പിന്നാലെ ചെന്ന് വിളിക്കാനുള്ള ആലോചനകളെയൊന്നും തല സ്വാഗതം ചെയ്യാറില്ല. അതിന്റെ കനം അതിനുണ്ട് താനും…
‘എവിടെ എത്രപേരുണ്ട്…?’
പഞ്ചായത്തിൽ നിന്നാണെന്ന് തോന്നുന്നു. വിശദമായി ആരാണെന്ന് ചോദിക്കാനൊന്നും തോന്നിയില്ല. അമ്മ മരിച്ചതും, ഭാര്യ പിണങ്ങി പോയതും, ഞാൻ പറഞ്ഞു. ചോദ്യത്തിനുള്ള ഉത്തരം അത് അല്ല പോലും.. നിലവിൽ എത്ര പേർ ഈ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് കൃത്യമായി ആ സ്ത്രീ ചോദിച്ചു.
‘ഇവിടെയിപ്പൊ… ഞാനും അച്ഛനും മാത്രമേയുള്ളൂ…’
ചാര് കസേരയുടെ കൈ പലകയിൽ തടവിക്കൊണ്ട് ഞാൻ പറഞ്ഞു. ശേഷം അതിന്റെ തുണിപ്പായയിലേക്ക് ചാഞ്ഞു.
‘നിങ്ങളുടെയും അച്ഛന്റെയും പ്രായം….?’
എഎന്റേത് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷെ, അച്ഛന്റെ പ്രായം കുഴപ്പിച്ച് കളഞ്ഞു. അറുപതാം പിറന്നാൾ കഴിഞ്ഞുള്ള ആഴ്ചയിൽ ആണ് അച്ഛൻ മരിക്കുന്നത്. അന്ന് എനിക്ക് ഇരുപത്തിയെട്ടോ മറ്റോ ആണ്. പക്ഷെ, അത് കഴിഞ്ഞ് സുമാറ് ഇരുപത് കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു.
‘ആ, അച്ഛന്… എമ്പത് വയസ്സായി…’
ആ സ്ത്രീ കുറിച്ച് വെച്ചു. തുടർന്ന് രോഗം വല്ലതും ഉണ്ടോയെന്ന് ചോദിച്ചു.
‘രോഗമായിട്ട്… മരിക്കുന്നതിന് മുമ്പ് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ കൃത്യമായിട്ട് അറിയില്ല… ഞാൻ ഇപ്പോൾ അച്ഛന്റെ മടിയിലാണല്ലോ ഇരിക്കുന്നേ… ഇനി അതിന്റെ വല്ല…..!’
ആ സ്ത്രീ എന്നെ സൂക്ഷിച്ച് നോക്കുകയാണ്. നിങ്ങള് ആളെ കളിയാക്കുകയാണോയെന്ന് ചോദിച്ച് മൂക്കും ചുളിച്ചു. എനിക്ക് ആ നേരം ഭാര്യയെയാണ് ഓർമ്മ വന്നത്. വിട്ട് പോയിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും അവളെ ഓർക്കാറുണ്ട്. നിലവിൽ അനുഭവിക്കുന്ന സമാധാനം കളയാൻ അവൾ വീണ്ടും വരുമോയെന്ന് ഭയപ്പെടാറുമുണ്ട്. പഞ്ചായത്തിൽ നിന്ന് വന്ന സ്ത്രീയുടെ ശബ്ദം തന്നെയായിരുന്നു അവൾക്കും…
‘ ചത്ത് പോയ അച്ഛൻ പ്ലാവാണെന്ന് പറയാൻ നിങ്ങക്ക് പിരാന്തുണ്ടോ മനുഷ്യാ…’
എന്നെ പറഞ്ഞാൽ സഹിക്കുമായിരുന്നു. മരിച്ച് മണ്ണായി പ്ലാവിൽ കയറിയ ആളെ അവൾ അപമാനിച്ചിരിക്കുന്നു. ആ തടിയിൽ ചാരി ഇരിക്കുന്നുണ്ടായിരുന്ന ഞാൻ എഴുന്നേറ്റ് അവളുടെ കഴുത്തിൽ പിടിച്ചു. ദ്രോഹിക്കാൻ അല്ല. നിങ്ങൾ ഭാര്യമാർക്ക് ഈ താലിമാലയെ ഭർത്താവായി കാണാൻ പറ്റുമെങ്കിൽ ഇതും ആകാമെന്ന് പറയാൻ ആയിരുന്നു. അങ്ങനെയെങ്കിൽ ഇത് വേണ്ടെന്ന് മൊഴിഞ്ഞ് അവൾ എനിക്ക് താലിമാല ഊരിത്തന്നു. ശേഷമാണ്, തലയ്ക്ക് സ്ഥിരതയുള്ള ആർക്കും നിങ്ങളോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് ശബ്‌ദിച്ച് അവൾ ഇറങ്ങിപ്പോയത്.
‘നിങ്ങള് തമാശ പറയല്ലേ… ഈ വീട്ടിൽ ആരൊക്കെയുണ്ട്…?’
പഞ്ചായത്തിൽ നിന്ന് വന്ന സ്ത്രീ വീണ്ടും ചോദിച്ചു.
‘ഞാനും അച്ഛനും…!’
ചോദ്യവും ഉത്തരവും ഒരുപോലെ ആവർത്തിച്ചപ്പോൾ സുഖം തോന്നി. അച്ഛനും, പണ്ട് ഇതുപോലെ ആവർത്തിക്കപ്പെട്ടതാണ്. കുട്ടിക്കാലത്ത് എന്നെക്കൊണ്ട് നട്ട് നനപ്പിച്ച് വളർത്തിയ പ്ലാവായിരുന്നു മുറ്റത്ത് പന്തലിട്ടത്. അതിനായി അച്ഛൻ ഒരു സൂത്രം കാണിച്ചിരുന്നു. തന്നോട് സ്നേഹമുണ്ടെങ്കിൽ എല്ലാ നാളും ഇതിന് വെള്ളം ഒഴിക്കണമെന്ന് പറഞ്ഞു. ഞാൻ അനുസരിച്ചു. അമ്മ പോയ കാലം തൊട്ട് ആ മനുഷ്യനെ അനുസരിക്കുന്നത് മാത്രമായിരുന്നു ജീവിതം.
‘എടാ… ഞാൻ മരിച്ച് കഴിഞ്ഞാൽ എന്നെ കത്തിക്കണം. ആ എല്ലും പൊടിയും ഇതിൽ തളം കോരി ഇടണം… ‘
എന്തുകൊണ്ടാണ് അച്ഛൻ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അതും അനുസരിച്ചു. ശേഷമുള്ള ഏറെ വർഷങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ, കാറ് വാങ്ങാനുള്ള ആഗ്രഹവുമായി ഭാര്യ വന്നപ്പോഴാണ് വിഷയത്തിന്റെ ഗൗരവ്വത്തിലേക്ക് എത്തുന്നത്. പോർച്ച് ഉണ്ടാക്കി വാഹനം അകത്തേക്ക് കൊണ്ട് വരണമെങ്കിൽ പ്ലാവ് മുറിക്കണം. അതായത് അച്ഛനെ മുറിക്കണം…
‘സാറെ, വേറെ പലയിടത്തും പോകാനുള്ളതാണ്. നിയമപരമായി കുറ്റമാണ് നിങ്ങൾ ചെയ്യുന്നത്… അച്ഛൻ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ…? ഇത് പഞ്ചായത്തിൽ കൊടുക്കാനുള്ളതാണ്…’
എനിക്ക് ദേഷ്യം വന്നു. ഭാര്യയോട് തോന്നിയ അതേ ദേഷ്യം. മരിച്ച് പോയിട്ടും ജീവിച്ചിരിക്കുന്നുണ്ടെന്ന് കരുതുന്ന അച്ഛനെ വഴിയേ പോകുന്നവർ വരെ വന്ന് അപമാനിക്കുന്നു. കാർ പാർക്ക് ചെയ്യാൻ പ്ലാവ് മുറിക്കില്ലെന്ന് പറഞ്ഞ നാളിലാണ് ഭാര്യ പോയതെന്ന് പറഞ്ഞല്ലോ… അതിന്റെ പിറ്റേനാൾ തന്നെ അച്ഛന്റെ എല്ലുപൊടി ഊറ്റിയെടുത്ത് പന്തലിച്ച ആ പ്ലാവിനെ ഞാൻ മുറിച്ചിരുന്നു. ഭാര്യയോടുള്ള സ്നേഹം കൊണ്ടല്ല. മുറിച്ചിട്ട തടിമുഴുവൻ അച്ഛനാണെന്ന ബോധം കൊണ്ടാണ് അങ്ങനെ ചെയ്തത്.
പ്ലാവിന്റെ ഒത്ത നടുഭാഗം മാത്രം മാറ്റിവെച്ച് മറ്റെല്ലാ ശിഖരങ്ങളും വെട്ടി വിറകാക്കാൻ മില്ലിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞാൻ മരിച്ചുപോയാൽ അത് വെച്ച് ചാരുകസേരയോട് കത്തിക്കാനുള്ള ഏർപ്പാടും ചെയ്തു. എന്നോടെ അച്ഛനും ഈ ഭൂമിയിൽ തീരണം. മരിച്ച് പോയാലും എന്നെയൊന്നും പേറി നടക്കാൻ പിന്തുടർച്ചക്കാരില്ലാത്തത് നന്നായി. ആർക്കും സംശയമില്ലാത്ത വിധം അച്ഛനിൽ ചുരുളാൻ മറ്റൊരു സൂത്രം പക്കൽ ഉണ്ടായിരുന്നു.
ശരിയാണ്. മരങ്ങളോടും, കിളികളോടും, മണൽത്തരികളെ തലോടി കൂടെ കൊണ്ട് പോകുന്ന പുഴവഴികളോടും, സംസാരിക്കുന്ന അച്ഛന്റെ ഓർമ്മയായിരുന്നു ആ പ്ലാവ്. തന്റെ ചാരമിട്ട് വളർത്താൻ പറയാൻ പാകം എന്ത് ആത്മബന്ധമായിരിക്കും ആ വേരുകളോടെന്ന് എത്ര ചിന്തിച്ചിട്ടും ബോധ്യമാകുന്നില്ല. ചിലപ്പോൾ നാട്ടുകാർ പറയുന്നത് തന്നെയായിരിക്കും ശരി. അച്ഛന് മാനസികമായ എന്തോ തകരാറുണ്ട്. അങ്ങനെ വരുമ്പോൾ എനിക്കും കാണണമല്ലോ കാര്യമായ കുഴപ്പം.
‘ഇത് ഞാൻ പഞ്ചായത്തില് റിപ്പോർട്ട് ചെയ്യും. നിങ്ങൾ എന്നെ അപമാനിക്കുകയാണ്….!’
ആ സ്ത്രീക്കും കാര്യമായ കുഴപ്പമുണ്ടെന്ന് തോന്നി. മരിച്ച് പ്ലാവായി മാറി മുറിക്കപ്പെട്ട അച്ഛനെ അപമാനിച്ചത് നിങ്ങളാണെന്ന് ഞാൻ ശബ്ദിച്ചു. പഞ്ചായത്തുകാരി പന്തം കണ്ട ആരെയോ പോലെ നിൽക്കുകയാണ്. ശേഷം, ചുറ്റുപാടെല്ലാം നിരീക്ഷിച്ചു. കൂടുതലൊന്നും പറയാതെ പിന്തിരിഞ്ഞ് പോകുകയാണെന്ന് കണ്ടപ്പോൾ നിൽക്കൂവെന്ന് ഞാൻ പറയുകയായിരുന്നു.
‘സത്യമാണ് പറഞ്ഞത്. അച്ഛന്റെ ചാരമിട്ട് വളർത്തിയ പ്ലാവായിരുന്നു. അതിന്റെ നല്ല കനത്തിൽ ആശാരിയെക്കൊണ്ട് പണിയിപ്പിച്ചതാണ് ഇത്…’
എന്നും പറഞ്ഞ്, ഇരിക്കുന്ന ചാര് കസേരയുടെ കൈ പലകയിൽ ഞാൻ വീണ്ടും തടവി. ശേഷം അതിന്റെ തുണിപ്പായയിലേക്ക് ചാഞ്ഞു. ഓട്ടത്തിനും നടത്തിനും ഇടയിൽ കണ്ട് വരുന്ന വേഗമായിരുന്നു പിന്നീട് ആ സ്ത്രീയുടെ ചലനത്തിന്. തെറ്റ് പറയാൻ പറ്റില്ല. സങ്കൽപ്പങ്ങൾ സത്യമാണെന്ന് കരുതുന്ന തലവിട്ട് മറ്റ് എവിടേക്കും ചെക്കേറാനും സാധിക്കില്ല.
ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും അച്ഛന്റെ മടിയിലാണ് ഞാൻ ഇരിക്കുന്നത്. ഈ പ്രാണ പലകയുടെ നീളത്തിൽ ചാരി അട്ടം നോക്കി കിടക്കുമ്പോൾ, ഓട് പൊളിച്ച് മാനത്തേക്ക് പോകാനൊക്കെ ഇടയ്ക്ക് തോന്നും. ബഹിരാകാശവും കഴിഞ്ഞ് കാണപ്പെടാൻ സാധ്യതയുള്ള മിന്നാരങ്ങളിൽ ആ മനുഷ്യന്റെ തുടിപ്പ് ഉണ്ടോയെന്ന് പരിശോധിക്കാനായിരിക്കും ആ സങ്കൽപ്പ ചാട്ടം. അങ്ങനെ കണ്ട് കിട്ടിയാൽ അച്ഛന്റെ അസ്ഥി ചാര് കസേരയായ കഥ പറയാമായിരുന്നു. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല. ഒരു പക്ഷെ, എന്റെ ശബ്ദത്തെ വിശ്വസിക്കാൻ അച്ഛന് മാത്രമേ പറ്റുമായിരിക്കും…!!!
