രചന : ചെറിയാൻ ജോസഫ് ✍
ദിനാന്ത്യത്തിൽ, നറുനിലാവിൽ, ചട്ടുകാലൻ, കുതിരപ്പുറമേറി അങ്ങാടിയിൽ
ഒന്നു വട്ടംകറങ്ങി പിന്നെ ചെങ്കുത്തായ ഇറക്കം ഇറങ്ങി. അപ്പോൾ പെട്ടിക്കട അണ്ണാച്ചി അവനെ ഉറക്കെ കൂക്കി വിളിച്ചു. സ്വപ്നൻ വിളി കേട്ടില്ല, രാവിന്റെ നീരിറക്കമറിഞ്ഞു രാപ്പാടിയുടെ നേർത്ത സംഗീതം നുകർന്നു കോടമൂടിയ തേയിലകളിൽ മറഞ്ഞു. നിലാവും ഇരുളും ചത്തടിഞ്ഞ താഴ്വാരത്തിന്റെ മൂലയിൽ ഒരു നാറാത്തേപ്പ് പോലെ പകൽ തേങ്ങുന്നു. വിസ്‌മൃതിയുടെ അഗാധയിൽ സ്വപ്‌നൻ തിരിഞ്ഞു നോക്കി അണ്ണാച്ചിയെ കണ്ടു പിന്നെ കുതിരയെ എവിടേക്കോ പായിച്ചു. മാളോർ എപ്പോഴും അങ്ങനെയാണ്, എപ്പോൾ എവിടെക്കാ യാത്രയെന്ന് ആർക്കും പറയാൻ പറ്റില്ല. എസ്റ്റേറ്റ് ബാംഗ്ലാവിൽ തൂത്തു വരാൻ പോകുന്ന സുമതിക്കു അയാളുടെ കാര്യം പറയുമ്പോൾ തന്നെ ചിരിയാണ് .’ മുറിയൻ സായിപ്പിനു വട്ടാണ് ‘ അവൾ പറയും. അഗാധമായ ചിന്തകൾക്കൊടുവിൽ അയാൾ പെട്ടെന്ന് ചിരിക്കുകയും ചാടുകയും മറിയുകയും ചെയ്യുന്നത് കാണാം. പാവം!.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ കൂറ്റൻ ബംഗ്ലാവിൽ ഒറ്റയ്ക്കായാൽ ആരും അങ്ങനെ ആകുമായിരിക്കും. എസ്റ്റേറ്റ് സുപ്രണ്ട് ഡിസിൽവയുടേയും മമ്മയുടേയും
ഓമനമകൻ ആയിരുന്നു. അവരുടെ മരണശേഷം ഏകാന്തതയുടെ തോടിനുള്ളിൽ നീറി നീറി ചിറകടിച്ചു.
” അവൾക്കാ വട്ട് ” കേട്ടപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവരാൻ പറഞ്ഞു. ” ആ പ്രേത ബാംഗ്ലാവിൽ പണിക്കു പോകുന്നകൊണ്ടുള്ള സൂക്കേടാ “
” ഇവനേ ഞാൻ ചെറുപ്പം തൊട്ടേ അറിയുന്നതല്ലേ. രണ്ടാം ക്ലാസ്സ് മുതൽ ഒരുമിച്ചു പഠിച്ചതാ. അന്നേയവൻ സ്വപ്നലോകത്തായിരുന്നു. ക്ലാസ്സ് കഴിഞ്ഞാലുടൻ സ്കൂൾ തൊടിയിൽ ചിതറി നടക്കും. തൊട്ടാവാടി പൂവിനെയും കാക്കപ്പൂവിനേയും തൊട്ടു തലോടും. പിന്നെ ബെന്തിപ്പൂക്കളിലെ തുമ്പിയേ പറപ്പിച്ചു പൂക്കളിൽ മുഖം ചേർക്കും.
ശേഷം അങ്ങാടിയിലെ മണിയപ്പന്റെ ചായക്കടക്കു മുമ്പിൽ കുത്തിനിൽപ്പായിരിക്കും . ആറിന്റെ കോട്ടയം കൊണ്ടോടി ബസ് തിരിച്ചു നിർത്തി ഡ്രൈവർ കുറുപ്പ് ചാടിയിറങ്ങി ചായയും സുഖിയനും കഴിക്കുവോളം അവിടെയുണ്ടാവും. ഓരോ കടക്കു മുൻപിലും ലോഹ്യം പറഞ്ഞു പറഞ്ഞു മെല്ലെ മെല്ലെ ‘അമ്മാത്തിക്കുന്നു കയറും.
മല മുകളിൽ എവിടെയോ ആണ് അവന്റെ വീട്. അല്ലാതെ ഒരു സായിപ്പിന്റെയും മദാമ്മയുടയും മോനല്ല . വെറുതെ ഒരു മനുഷ്യനെ കുറിച്ച് ഓരോന്നും സങ്കൽപ്പിച്ച് പറയുന്നു. ”
അവരാൻ ഒരു പൊതി കഞ്ചാവ് വാങ്ങി നടന്നു. പത്തിന്റെ പുനലൂർ സൂപ്പർഫാസ്റ്റ് ഇനിയും വന്നിട്ടില്ല. കുറേയേറെ വൈകുമെന്ന് തോന്നുന്നു. അണ്ണാച്ചി ചായപ്പൊടിയും കാപ്പിപ്പൊടിയും സമോവറും എടുത്തുവെച്ച് പീടിക പൂട്ടി. തണുപ്പ് സൂചി കുത്തുകളായി ശരീരത്തിൽ തുളച്ചു കയറുന്നു. മുഷിഞ്ഞു തുള വീണ സ്വെറ്റരിനുള്ളിൽ ദേഹം പൊതിഞ്ഞു. നോട്ടുകൾ എണ്ണി മടക്കിക്കെട്ടി മടിക്കുത്തിൽ തിരുകി ഏതോ നിസംഗതയിൽ ലയിച്ചു നടന്നു കൊണ്ടേയിരുന്നു.
മാളോർ എവിടെ പോയിരിക്കും? ഏതുകാലത്തിലൂടെ സഞ്ചരിച്ചിരിക്കും? വിറളിപ്പിടിച്ച കാലങ്ങൾക്കിടയിൽ പാവം സായപ്പൂട്ടി എന്തു ചെയ്യും?
ഇപ്പോൾ ഒരു ബീഡി എടുത്തു കത്തിച്ച് അണ്ണാച്ചി ഇരുത്തി പുക വലിച്ചു. അണ്ണാച്ചി പിന്നെയും അവനെക്കുറിച്ച് ആലോചിച്ചു. സായ്പ്പൂട്ടിയുടെ പേര് എന്തായിരിക്കും? . ചട്ടുകാലൻ എന്നും സ്വപ്നൻ എന്നും മാളോർ എന്നും സായിപ്പൂട്ടി എന്നും കുട്ടൻ എന്നും പലരും പലതും അവനെ വിളിക്കുന്നു. എന്തെങ്കിലും ആവട്ടെ. അയാൾ ഇടയ്ക്കിടയ്ക്ക് മലക്കയറിയും മലയിറങ്ങിയും തേയില കാടുകൾക്കിടയിൽ വിസ്‌മൃതനാവും. എവിടെപ്പോകുകയാണാവോ ?
എവിടെയോ എങ്ങനെയോ മഞ്ഞുപെയ്യുന്ന നിലാവിൽ പതത്തുപ്പി കുതിര നിന്നു. ദിക്കറിയാതെ സമയമറിയാതെ കുട്ടൻ കണ്ണു തുറന്നു.
ലില്ലിപ്പൂക്കൾ വിടർന്നു നിന്ന ചെടികൾക്കും പുല്ലുകൾക്കും നടുവിൽ എട്ടുകാലികൾ വലകൾ തീർത്ത പഴയ ഒരു തടി കൊട്ടാരം. ഇത് എവിടെയാണ്? ഏതോ അനുഭൂതികൾ ചിറകടിക്കുന്നപ്പോലെ.
” എന്താ അവിടെ നിൽക്കുന്നത്? സിയോണിലെ ഈ തണുത്ത കാറ്റും മഞ്ഞും ഇപ്പോൾ സഹിക്കാൻ ആവില്ല. ഇങ്ങു കയറി പോരു “
വാതിൽ തുറന്നു വന്ന പ്രകാശം പരത്തുന്ന കണ്ണുകളുള്ള ചെറുപ്പക്കാരൻ വിളിച്ചു.
” നീ വരുന്ന വിവരം എ ഐ ഇൻസ്റ്റാൾ ചെയ്ത എന്റെ ഐഫോണിലൂടെ ഞാനറിഞ്ഞിരുന്നു. “
ഇയാൾ ആരാണ്? ഇത് എവിടെയാണ്? സിയോണോ? ഒന്നും മനസ്സിലാവുന്നില്ലല്ലോ. ഇത്തിരിക്കുരുവികൾ കരയുന്ന ഈറനണിഞ്ഞ നേർത്ത കാറ്റ് അയാളുടെ താടി രോമങ്ങൾ ഇളക്കിയിരുന്നു .
ഗാസയിലെ വിശക്കുന്ന പിഞ്ചു കുട്ടികളുടെ നിലവിളി നീയറിയുന്നില്ലേ? തീയുണ്ടകൾ പെയ്യുന്ന ആകാശത്തിനു ചുവട്ടിലൂടെ പൊഴിയുന്ന ഭക്ഷണപ്പൊതി നോക്കി അവർ അലറിപ്പായുന്നു. ലോകം ഭരിക്കുന്ന ബലവാന്റെ അട്ടഹാസം കേൾക്കുന്നില്ലേ? ഹിറ്റ്ലറേയും സ്റ്റാലിനെയും കൊന്ന പുതിയ വിപ്ലവ ശക്തി കൊക്കു മൂർച്ചകൂട്ടി പറന്നടുക്കുന്നു. ലോകം വിസ്‌മൃതിയിലേക്ക് കൂപ്പു കുത്തുന്നു.
ഇയാൾ ആരാണ്? അദൃശ്യമായ ഏതോ ശക്തി അയാളുടെ മനസ്സിലേക്കടുപ്പിക്കുന്നു. പഴയ കെട്ടിടത്തിന്റെ മുകളിൽ മൺസൂൺ കാറ്റ് തലങ്ങും വിലങ്ങും വീശുന്നു. പ്രകാശം പരത്തുന്ന കണ്ണുകൾ പുതിയ ഭാവങ്ങളിലൂടെ കടന്നു പോകുന്നു .
എവിടെയെല്ലാമോ കാലം വീർപ്പുമുട്ടുന്നു. നഖക്ഷതങ്ങൾ കോറി യുഗങ്ങൾ
നീറിപ്പിടയുന്നു. ഭൂമിയിൽ വേദനകൾ തിളച്ച് ലാവയായി ഒഴുകി കൊണ്ടേയിരുന്നു.
അണുപ്പൊട്ടിത്തെറിച്ചു വിടർന്ന പുലരിയിൽ സൂര്യനാമ്പുകൾ തഴുകിയിരുന്നില്ല,
മഞ്ഞു പൊഴിഞ്ഞിരുന്നില്ല, നീലക്കുരുവികൾ പാടിയിരുന്നില്ല. അമ്മാത്തിക്കുന്നിന്റെ ഉള്ളകം പൊള്ളിപ്പിടഞ്ഞിരുന്നു, കടലുകളിൽ സുനാമി തിരകൾ അലറി വിളിച്ചു, നക്ഷത്രങ്ങൾ താമോഗർത്തങ്ങളായി നാവു ചുഴറ്റി.
അമ്മാത്തിക്കുന്നിന്റെ നെറുകയിൽ നിന്നും കോമപ്പൻ പടിയിറങ്ങിയത് നാടാടയായിരുന്നു. ജടപ്പിടിച്ചൊട്ടിയ മുടി കെട്ടുകള്‍ ഇളക്കിയും മുഷിഞ്ഞു കീറിയ തോർത്തിൽ ജന്മം മറച്ചും പിളർന്ന വായിൽ മഞ്ഞപ്പല്ലകൾക്കിടയിലൂടെ ഈത്ത ഒലിപ്പിച്ചും കോമപ്പൻ വന്നു. കോമപ്പന്റെ അലറി കരച്ചിലും കൂവലും സായിപ്പൂട്ടിയിൽ കുട്ടിക്കാലത്തെ ഓർമ്മകൾ തിരികെയെത്തിച്ചു. അണ്ണാച്ചി അമ്പരപ്പോടെ കോടമഞ്ഞിന്റെ നിഴലിലൂടെ പൊക്കിൾ കുഴിയിൽ വിരലിട്ടു മണത്തുകൊണ്ടിരുന്നു.
അവരാൻ തമാശയോടെ ലോകം കണ്ടുകൊണ്ടിരുന്നു. അപ്പോൾ തേയിലക്കാടുകൾക്കിടയിൽ നിന്നും മുടിയിലും നഗ്നമായ ചന്തിയിലും ചപ്പുകളുമായി വെടി ഗീത പിടഞ്ഞെണീക്കുന്നതു സായ്പ്പൂട്ടി നോക്കി നിന്നു.
” ദിവ്യേ…, എടീ…. ദിവ്യേ ”
എസ്റ്റേറ്റിലെ കോളനിയിൽ ഒരമ്മയുടെ വേവലാതി
നിറഞ്ഞ നിലവിളി കേട്ടു. സ്വപ്‌നൻ മെല്ലെ ആ വീട്ടിലേക്കു നടന്നു. ഉച്ചത്തിരിഞ്ഞുള്ള വെയിലിന്റെ ആലസ്യത്തിൽ പച്ചപ്പുകളിൽ വല കൂട്ടിയ എട്ടുകാലി തളർന്നു കിടന്നു. സ്വപ്നൻ ആ വീടിന്റെ അഴികൾക്കിടയിലൂടെ ഉറ്റുനോക്കി. വേവലാതിയോടെ മോളെ വിളിക്കുന്ന അമ്മ എവിടെയായിരിക്കും?
ദിവ്യ എവിടെ പോയിരിക്കും?. ചുവരിൽ ഉച്ചമയക്കത്തിൽ പാറ്റയും പല്ലിയും മാത്രം.
പിന്നെ ഓടക്കുഴലൂതുന്ന കണ്ണനും മരിച്ചുപോയ മുത്തച്ഛനും മുത്തശ്ശിയും നരച്ച് ചില്ലുകൂട്ടിനുള്ളിൽ ചുക്കിലി ഉണ്ട് നിറയുന്നു . തൊട്ടടുത്ത വീടിന്റെ മുറ്റത്ത് കുറച്ചു കുട്ടികൾ കളിക്കുന്നു. തലപ്പന്തു കളി, പഴയകാല കളി . അകത്ത് ടിവി നിർത്താതെ കളിക്കുന്നു. ബോറടിച്ചിട്ടാവും അവർ ടീവി വിട്ടു കളിയിലേക്ക് തിരിഞ്ഞത് . ഉള്ളിൽ ആരുടെയൊക്കയോ ഒച്ചയനക്കം , സായ്പ്പൂട്ടി ആ വീടിനുള്ളിലേക്കു എത്തി നോക്കി. ജനാലയിലൂടെ ഭിത്തിയിൽ ചിതറി വീണ ഉന്മാദം മറന്ന വെയിലിന്റെ തണലുകളിൽ വിവശയായ അവൾ അവന്റെ മാറിൽ തല ചായ്ക്കുന്നു.
പ്രകാശം പരത്തുന്ന കണ്ണുകൾ അലിവോടെ കൂമ്പുന്നു. പിന്നെ തീക്ഷണതയോടെ
ജ്വലിക്കുന്നു. ദുരൂഹവും വേദന നിറഞ്ഞതുമായ സന്ധ്യയിൽ അവൾ അവന്റെ മാറിൽ കോറിക്കൊണ്ടിരുന്നു. അമ്മയെ മറന്നു ലോകം മറന്നു അവൾ കോറി കൊണ്ടേയിരുന്നു.
” ദിവ്യേ എടീ ദിവ്യയെ “
ദിവ്യ വിളി കേട്ടു. പക്ഷേ അമ്മയ്ക്ക് ഒന്നും കേൾക്കുവാനും കാണുവാനും കഴിഞ്ഞില്ല.
ദിവ്യ എവിടെയെല്ലാമോ അലഞ്ഞു.
രണ്ടായിരം വർഷങ്ങൾക്കപ്പുറം ബത്തലഹേമിൽ തരിച്ചു നിന്നു . റാഹേൽ ഇടമുറിയാതെ അലറിക്കരയുകയാണ് . അവളുടെ മാറിൽ പുതഞ്ഞു മുലയുണ്ടിരുന്ന ഉണ്ണിക്കുട്ടനെ ഹേറോദോസിന്റെ പടയാളികൾ അടർത്തിയെടുത്ത് വാളുകൊണ്ട് കഴുത്തറുത്ത് എറിഞ്ഞുത്തള്ളി.
പിന്നെ അവൾ വോൾഗ നദിയുടെ തീരത്ത് മരവിച്ചു നിന്നു. സാർ ചക്രവത്തി ഞെട്ടിയ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി ഒക്ടോബർ വിപ്ലവം കത്തിപ്പടരവേ ഉന്മാദത്താൽ അവൾ അലയടിച്ചു. ഇപ്പോൾ ഇതാ ഗാസയിൽ. തീരാത്ത വിശപ്പിന്റെ ചുഴിയിൽ എപ്പോഴെങ്കിലും എത്തുന്ന ഭക്ഷണപ്പൊതിക്കായി മരണം മറന്ന് തുടിക്കുന്ന ജീവനിൽ അമ്മയായി അവൾ കാത്തിരിക്കുന്നു.
കുതിര തുരു തുരാ ശ്വാസം വലിച്ച് വായിൽ നിന്ന് വെള്ളം ഒലിപ്പിച്ച് ഉണക്കമരച്ചുവട്ടിൽ കിതച്ചുവീണു. സായ്പ്പൂട്ടി ചാടിയിറങ്ങി തേയിലകളിൽ കൊഴിയുന്ന വിരസമായ പോക്കുവെയിലൂടെ അവ്യക്തമായി ദിവ്യയെ അറിയുന്നു. നരച്ചയാകാശം വിറങ്ങിലിച്ച സന്ധ്യയിൽ ദിവ്യേ തേടുകയാണ് .
ചെളിപ്പിടിച്ച മഞ്ഞനിറത്തിൽ വിളറിയ മുഖവുമായി പരന്ന വീടുകളിലൂടെ
കോളനി നിറയുന്നു. ചേക്കേറുന്ന പക്ഷികളുടെ പാട്ടിനപ്പുറം വീടുകളിൽ ചിരിയും സംസാരങ്ങളും, പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം. അപ്പോഴേക്കും അമ്മയുടെ കരച്ചിൽ ദിവ്യയെ തേടിയുള്ള നിലവിളിയായി നേർത്തു നേർത്തു വന്നു.

