രചന : ബിന്ദുവിജയൻ, കടവല്ലൂർ✍
അംഗൻവാടികളിലെ പോഷകാഹാരമെനു പരിഷ്കരിച്ചതിന്റെ ഭാഗമായി നടത്തിയ ജില്ലാതല ട്രെയിനിങ്ങിൽ ഓരോ പ്രോജക്ടിൽ നിന്നും രണ്ടു ടീച്ചേഴ്സും, സിഡിപിഒ, സൂപ്പർവൈസർ എന്നിവരും പങ്കെടുക്കേണ്ടതായി വന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ഈയുള്ളവൾക്കാണ് നറുക്ക് വീണത്. കൊരട്ടിയിലായിരുന്നു ട്രെയിനിങ്ങ്. രസകരമായ അനുഭവങ്ങളും പരിശീലന ക്ലാസും കഴിഞ്ഞ്, അഞ്ചരയ്ക്ക് ഞങ്ങൾ മടങ്ങി. തൃശ്ശൂർക്കുള്ള ഒരു കെഎസ്ആർടിസി ബസ്സാണ് ഞങ്ങൾക്ക് കിട്ടിയത്. ഞാനും എന്റെ സഹപ്രവർത്തകയും ബസ്സിന്റെ പിൻ ഡോറിലൂടെ കയറി രണ്ടുപേർക്കിരിക്കാവുന്ന ഒരു സീറ്റിൽ ഇരുന്നു.
ബസ്സിൽ കയറിയാൽ, പിറകോട്ട് ഓടിപ്പോകുന്ന വഴിയോരക്കാഴ്ചകൾ കാണാൻ നല്ല രസമാണല്ലോ? ഞങ്ങൾ സംസാരിച്ചുകൊണ്ടു കാഴ്ചകൾ കണ്ടിരിക്കെ, മഴപെയ്തപ്പോൾ സൈഡ് ഷട്ടർ താഴ്ത്തേണ്ടി വന്നു. പുറമേയുള്ള കാഴ്ചകൾ കാണാൻ പറ്റാതെയായി. അപ്പോഴാണ് ഞങ്ങൾ ഇരിക്കുന്ന സീറ്റിന് നേരെ നിന്ന് സംസാരിക്കുന്ന ഒരു പയ്യനെ ശ്രദ്ധിച്ചത്. പതിനെട്ടോ, പത്തൊൻപതോ വയസ്സ് പ്രായമുള്ള ഒരു ചെറുക്കൻ. അവൻ അവന്റെ കൂട്ടുകാരനോട് വേറൊരുത്തന്റെ കുറ്റം പറയുകയായിരുന്നു. ഇടയ്ക്കിടെ ആ ചെറിയ വായിൽ വലിയ തെറികളും വരുന്നുണ്ടായിരുന്നു. ഓരോ തെറി പറയുമ്പോഴും അവൻ സീറ്റിൽ ഇരിക്കുന്നവരെയും, അവന്റെ അടുത്ത് നിൽക്കുന്നവരെയും വലിയ അഭിമാനത്തോടെ നോക്കുന്നുണ്ടായിരുന്നു.
തനിക്ക് ഇത്രയും ചെറുപ്പത്തിൽ ഇത്രയും വലിയ തെറികളൊക്കെ പറയുവാൻ കഴിയുന്നുണ്ടല്ലോ എന്ന് അവൻ സ്വയം അഹങ്കരിക്കുന്നത് പോലെ തോന്നി. കണ്ടക്ടറും ഞങ്ങളും ബാക്കിയുള്ളവരും അവനെ തന്നെ ശ്രദ്ധിച്ച് അവന്റെ സംസാരവും കേട്ട് ഇരിക്കുകയാണ്. കണ്ടക്ടർ, എവിടുന്ന് വരുന്നതാവോ ഇവനൊക്കെ എന്ന് കൈകൊണ്ട് ആംഗ്യം കാട്ടി ഞങ്ങളെ നോക്കി.
എനിക്ക് അവന്റെ സംസാരം കേട്ടപ്പോൾ വളരെയധികം പുച്ഛം തോന്നി. കാണുമ്പോൾ നല്ല അന്തസ്സുള്ള വേഷമൊക്കെ ധരിച്ച ഒരു കോളേജ് കുമാരൻ. ക്ലാസിലെ കാര്യങ്ങളും മറ്റും ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. അതിൽ നിന്നാണ് അവൻ കോളേജ് സ്റ്റുഡന്റ് ആണെന്ന് മനസ്സിലാക്കിയത്. പിള്ളേരുടെ യൊക്കെ ഒരു പോക്ക് എന്നോർത്ത് എനിക്ക് സങ്കടവും, ദേഷ്യവും ഒക്കെ തോന്നി.കവിളത്ത് രണ്ട് അടികൊടുക്കാൻ പോലും തോന്നി.
പെട്ടെന്ന് ഏതോ ഒരു വാഹനം മുന്നിൽ വന്ന് പെട്ടതാണെന്ന് തോന്നുന്നു. ബസ് സഡൻ ബ്രേക്ക് ഇട്ടു.അവിചാരിതമായി സംഭവിച്ചത് കൊണ്ട്, കുറെ പേർ പെട്ടെന്ന് മുന്നോട്ടു വീഴാൻ പോയി. പക്ഷേ ആരും വീണില്ല. ഈ ചെറുക്കൻ മാത്രം സംസാരത്തിൽ ആണല്ലോ ശ്രദ്ധിച്ചിരുന്നത്. മുകളിലെ കമ്പി ശരിക്ക് പിടിച്ചിട്ടില്ലായിരുന്നു എന്ന് തോന്നുന്നു. ബാക്കിയുള്ളവരൊക്കെ വീഴാതെ പിടിച്ച് നിന്നപ്പോൾ ഇവൻ മാത്രം കമ്പിയിൽ നിന്നും പിടിവിട്ട്, കുറെ ദൂരം മുന്നോട്ടു പോയി, (ഏകദേശം ഫ്രണ്ട് ഡോർ വരെ) ബസിന്റെ പ്ലാറ്റ്ഫോമിൽ ഇരിക്കുന്നു. ഇരുന്നതോ.. തിരിഞ്ഞ് ഞങ്ങൾക്ക് അഭിമുഖമായിട്ട്. ഭാഗ്യത്തിന് അവന്റെ ഫോൺ കൈയിൽ നിന്ന് പോയില്ല.
അവന്റെ സംസാരം ശ്രദ്ധിച്ചിരുന്ന ആളുകളെല്ലാം പിന്നെ കൂട്ടച്ചിരി തുടങ്ങി. അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ അവൻ ഫോണിലൂടെ, ഡാ.. ഞാൻ പിന്നെ വിളിക്കാം ഇറങ്ങാറായി എന്ന് പറഞ്ഞു അവിടെ ഇറങ്ങി. നാണക്കേടു കൊണ്ട് ഇറങ്ങിയതാണെന്ന് എല്ലാവർക്കും മനസ്സിലായി.. കണ്ടക്ടറുടെ ചിരി കണ്ട് എല്ലാരും പിന്നേം പിന്നേം ചിരിച്ചു.
.ഞാൻ പിന്നെ വീടെത്തും വരെ അതോർത്ത് ചിരിതന്നെയായിരുന്നു. അവൻ നോർമലായി നിൽക്കുകയാണെങ്കിൽ ആരും ചിരിക്കുമായിരുന്നില്ല. അവന്റെ സംസാരവും തെറിയും പിന്നെ വീഴ്ചയും ആണ് എല്ലാവരെയും ചിരിപ്പിച്ചത്. വീട്ടിൽ വന്ന് മോളോട് പറഞ്ഞപ്പോൾ അവളും ചിരിച്ചു കുറെ.. 😀😀..
