രചന : അബ്രാമിന്റെ പെണ്ണ്✍

ദൂരദർശനിലെ ഞായറാഴ്ച നാല് മണിയ്ക്കുള്ള സിനിമ മാത്രം കണ്ടോണ്ടിരുന്ന ആ കാലം.. ഞായറാഴ്ചയുള്ള സകല ജോലികളും അമ്മ പറയാതെ തന്നെ ഞങ്ങൾ ചെയ്യുവാരുന്നു.. വൈകുന്നേരം മൂന്ന് അൻപത്തി അഞ്ചിന് അമ്മയുടെ മുന്നിൽ ചെന്ന് നിന്ന് സിനിമ കാണാൻ അനുവാദം ചോദിയ്ക്കുന്നൊരു സീനുണ്ട്.. ചിലപ്പോൾ സമ്മയ്ക്കും.. മിക്കവാറും സമ്മയ്ക്കത്തില്ല..


എട്ടിൽ പഠിയ്ക്കുന്ന സമയത്താണ് വീട്ടിൽ ഒരു ടിവി വാങ്ങുന്നത്.. നായകനും നായികയും കയ്യിലൊന്ന് തൊടുന്ന സീൻ വരുമ്പോ അമ്മ ഒറ്റ അലർച്ചയാണ്..
“നിർത്തീട്ട് എഴീച്ചു പോടീ….
ആ അലർച്ചയോടെ നമ്മള് കളം വിടും.. അവര് കയ്യിൽ പിടിച്ചിട്ട് പിന്നെന്ത്‌ ചെയ്ത് കാണുമെന്നൊരു ചിന്ത പിറ്റേ ഞായറാഴ്ച വരെ അലട്ടും..


വല്യമ്മച്ചിയുടെ വീട്ടിൽ വി സി ആർ എടുത്തു കൊണ്ട് വന്ന് കാസറ്റിട്ട് അവര് മിക്ക സിനിമകളും കാണാറുണ്ട്.. അതുകൊണ്ട് തന്നെ വല്യമ്മച്ചിയുടെ മക്കൾ ടീവിയിൽ വരുന്ന സിനിമകൾ മുൻപേ കണ്ട് തീർന്നിട്ടുണ്ടാകും.. തിരനോട്ടത്തിന്റെ അന്ന് അടുത്ത ഞായറാഴ്ചയിലെ സിനിമ എഴുതി കാണിക്കുമ്പോൾ വല്യമ്മച്ചിയുടെ മോള് പറയും…


“ഇത് ഞാൻ കണ്ടതാ…..
എനിക്കത് കേൾക്കുമ്പോൾ വരുന്നൊരു ആകാംക്ഷയുണ്ട്..
“വൃത്തികേട് വല്ലോം ഉണ്ടോടീ..
നായകൻ നായികയുടെ കയ്യിൽ പിടിയ്ക്കുന്നതും അടുത്തോട്ടു ചെല്ലുന്നതുമൊക്കെയാണ് അന്നത്തെ സിനിമയിലെ ഏറ്റോം വല്യ “വൃത്തികേട് “…
“ആ,, കൊറച്ചൊക്കെയുണ്ട്..
ലവള് എങ്ങും തൊടാതെ പറയും.. എങ്ങനൊക്കെ കുത്തിക്കുത്തി ചോയ്ച്ചാലും ലവളൊന്നും വിട്ട് പറയത്തുമില്ല..


എന്നോട് ഭയങ്കര ആത്മാർത്ഥതയുണ്ട് അവൾക്ക്.. കണ്ണിൽ വീണ പൊടി ഒന്നെടുത്തു തരാൻ പറഞ്ഞാൽ അവള് എന്നെ പിടിച്ചു മടിയിൽ കിടത്തി കണ്ണിൽ പൊടിയുണ്ടോന്ന് നോക്കും..അഥവാ പൊടി കണ്ണിൽ കിടപ്പില്ലെങ്കിൽ ഞാൻ കാണാതെ ഒരു പൊടിയെടുത്ത് എന്റെ കണ്ണിലിട്ടിട്ട് “ദാണ്ടെടീ മുട്ടൻ പൊടി ” എന്നും പറഞ്ഞു അതെടുത്ത് എന്റെ കയ്യിൽ തരും.. അത്രേം സ്നേഹോം ആത്മാർഥതയുമൊന്നും വേറെയാരും എന്നോട് കാണിച്ചിട്ടില്ല..


ആ ലവള് സിനിമയിൽ കണ്ട വൃത്തികേട് പറയാൻ മാത്രം ആത്മാർത്ഥത കാണിക്കത്തില്ല..
അടുത്താഴ്ച വരെ കാത്തിരുന്നിട്ടാ നായകൻ നായികയുടെ കയ്യിൽ പിടിയ്ക്കുന്ന ആ വൃത്തികേട് കണ്ട് നമ്മളൊന്നു കുളിരു കോരുന്നത്.. അന്നൊക്കെ അത്രേം മതി ജീവിതം ധന്യമാവാൻ..ആ സീൻ വരുമ്പോ ലവള് കൈമുട്ടിലൊന്ന് തട്ടും.. നമ്മള് നാണിച്ചു കുനിഞ്ഞിരുന്നു ചിരിക്കും..
ഹോ.. എന്ത് സുഖവാരുന്നു അന്നൊക്കെ…


ആയിടയ്ക്കാണ് പ്രണയത്തിലേയ്ക്ക് കാലെടുത്ത് കുത്തുന്നതും ജന്മം ഏറെക്കുറെ സഫലമായെന്ന് തോന്നിത്തുടങ്ങുന്നതും.. സ്വാഭാവികമായും സിനിമയിൽ കാണുന്ന നായകനെയും നായികയേയും നമ്മളാണെന്ന് സങ്കല്പിച്ച് സ്വപ്നങ്ങളൊക്കെ കാണുന്നത് പതിവായി..
അങ്ങനെ ഒരൂസം “ഞാൻ ഗന്ധർവ്വൻ “എന്ന സിനിമ ടീവിയിൽ വരുന്നുവെന്ന് അറിയിപ്പ് കിട്ടി.. പതിവ് പോലെ ഞാൻ അവളോട് പ്രതീക്ഷയ്ക്ക് വല്ല വൃത്തികേടുമുണ്ടോന്ന് ചോയ്ച്ചു..


“ഭയങ്കര വൃത്തികേടാടീ… എന്ന് ലവള്.. 💃🏾💃🏾💃🏾💃🏾
മൂത്ത വൃത്തികേട് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പാരുന്നു പിറ്റേ ഞായറാഴ്ച വരെ.. അച്ഛനും അമ്മയും ഞങ്ങൾ മക്കളും അയലോക്കക്കാരും ഉൾപ്പെടെ ടീവിയുടെ മുന്നിൽ നിരന്നു.. ആദ്യം കാണാൻ വേണ്ടി ടീവിയുടെ തൊട്ട് മുന്നിൽ തന്നെ കൊരണ്ടിയുമിട്ട് ഞാൻ ഇരുന്നു.. സിനിമ തുടങ്ങി.. സിനിമയിൽ പാവയ്ക്കുള്ളിൽ നിന്ന് നായകന്റെ സംസാരം കേട്ടപ്പോ നായകനും നായികയും ഞാനും എന്റെ കാമുകനുമാണെന്ന് സങ്കൽപ്പിച്ച് സിനിമയിലങ്ങനെ ലയിച്ചു കാണാൻ തുടങ്ങി..നായിക കടൽക്കരയിൽ നിന്ന് കിട്ടിയ പാവയുമായി വീട്ടിലെത്തി മുറിയിൽ കേറിയ സീനായതും വല്യമ്മച്ചി അമ്മയോടെന്തോ ചെവിയിൽ പറഞ്ഞു..


“അത് മാറ്റി വേറെ വല്ലോം വെയ്ക്കെടീ..
അമ്മയുടെ അലർച്ചയിൽ ചേച്ചി കിടുങ്ങിപ്പോയി.. പുള്ളിക്കാരി പെട്ടെന്ന് DD 4 വെച്ച്..
“എടീ,, അതൊരു നല്ല വൃത്തികേടാരുന്നു കേട്ടോ..
വല്യമ്മച്ചീടെ മോളെന്റെ കാതിൽ പറഞ്ഞു… എനിക്ക് ഭയങ്കര സങ്കടം തോന്നി.. ഇതിലും വലുത് ഇനീമുണ്ടെന്ന് അവള് ആശ്വസിപ്പിച്ചപ്പോ ഇച്ചിരി സമാധാനം കിട്ടി..
സിനിമയിൽ പിന്നങ്ങോട്ട് ചില പ്രത്യേക സീനുകളിൽ വല്യമ്മച്ചിയുടെ ചുണ്ട് അമ്മേടെ ചെവീലോട്ട് ചെല്ലുമ്പോ അമ്മ അലറി വിളിച്ചു ചാനൽ മാറ്റിച്ചു..


“അത് നേരത്തെ കണ്ടതിലും നല്ല വൃത്തികേടാരുന്നെടീ “,, എന്ന് ലവളെന്നോട് പറയും…ഇപ്പം കാണാം പിന്നെ കാണാവെന്നു കരുതി നമ്മള് നോക്കിയിരിക്കുവാ.. ഈ പിന്തിരിപ്പൻ മൂരാച്ചിയായ അമ്മ സമ്മയ്ക്കുന്നില്ല..അമ്മയെ പൊക്കിയെടുത്ത് തോട്ടിൽ കൊണ്ട് കളയാനുള്ള കലിയാണ് അന്ന് വന്നത്..
ചുരുക്കം പറഞ്ഞാൽ ആ സിനിമ ചൊവ്വേ കാണാൻ അമ്മ സമ്മയ്ച്ചില്ല.. ഗന്ധർവ്വൻ പെണ്ണിന്റെ അടുത്തോട്ടു ചെല്ലുമ്പോ അമ്മ ചാനല് മാറ്റിയ്ക്കും.. പിന്നെ ചാനല് വെച്ച് നോക്കുമ്പോ പെണ്ണിന്റെ ദേഹത്ത് നിന്ന് കോഴിപ്പൂട മേലോട്ട് പറന്ന് പോകുന്നതാ നമ്മള് കാണുന്നേ.. അതെന്തോ ചെയ്തിട്ടാന്ന് യാതൊരു പിടീമില്ല.. ലവളോട് ചോയ്ക്കുമ്പോ പറയും “അത് നേരത്തേലും വല്യ വൃത്തികേടാരുന്നെന്ന്..


ഒടുക്കം ചാനല് മാറ്റീട്ട് നോക്കുമ്പോ ഗന്ധർവ്വൻ പൊകഞ്ഞു പോകുന്ന്.. അതാരുന്നു സിനിമേലെ ഏറ്റോം വല്യ വൃത്തികേടെന്ന് ലവള് പറഞ്ഞു കേട്ടപ്പോ ചങ്ക് പൊട്ടിപ്പോയി..
പിന്നീട് പലപ്പോഴും ടീവിയിൽ ആ സിനിമ വന്ന്.. ആ സിനിമ കാണരുതെന്ന് അമ്മ കർശനമായും പറഞ്ഞിട്ടുണ്ടായിരുന്നു..എന്നിട്ടും അമ്മ ഇല്ലാത്ത ദിവസങ്ങളിൽ ക്‌ളൈമാക്‌സിലെ വൃത്തികേടൊഴികെ ബാക്കിയെല്ലാം കണ്ട്.. ക്‌ളൈമാക്‌സായപ്പോ കറന്റ് പോയി..😥😥😥


ഒടുക്കം വീണ്ടും ആ സിനിമ ടീവിയിൽ വന്നൊരു ദിവസം.. അയലോക്കത്തുള്ള പിള്ളേർക്കൊപ്പം സിനിമ കാണുവാ.. വല്യ ചെർക്കന്മാരുടെ കൂടെ ബഞ്ചിലിരുന്നാണ് കാണുന്നത്.. ഒടുക്കം ക്‌ളൈമാക്സെത്തി..
ലവള് പറഞ്ഞത് നേരാരുന്നു.. അത്രേം നേരം കണ്ടതൊന്നുമല്ലാരുന്നു വൃത്തികേട്… അത് കാണാതെ പോയെങ്കിൽ എന്തൊരു നഷ്ടവായിപ്പോയേനെ..എല്ലാരും സിനിമയിൽ ലയിച്ചിരിക്കുവാ.. ഗന്ധർവ്വന്റെ പൊക പൊങ്ങിതുടങ്ങിയതും അമ്മ കേറി വന്നതും ഒത്തിരുന്നു.. അമ്മ ടീവിയിലോട്ടും എന്റെ മുഖത്തോട്ടും നോക്കി..
ബെഞ്ചിലിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റു വെളീലിറങ്ങി.. എനിക്ക് എണീക്കാൻ പറ്റുന്നില്ല.. അമ്മേ കണ്ടപ്പോ കാലൊക്കെ മരവിച്ച് ചലനശേഷി നഷ്ടപ്പെട്ട് ഞാൻ ഉയിരെരിഞ്ഞ് ഒരേയിരുപ്പിരുന്നു..


അമ്മ വടിയുമായി അടുത്തേയ്ക്ക് വരുന്ന്.. ഞാൻ എണീറ്റില്ല.. എണീക്കാൻ ആഗ്രഹമുണ്ട്.. പറ്റണ്ടേ.. 😥😥
ആദ്യത്തെ അഞ്ചാറടി ഞാനെണ്ണി.. പിന്നെ എണ്ണാനൊന്നും അമ്മ സമയം തന്നില്ല.. അമ്മയുടെ ഒറ്റയടിയിൽ നമ്മൾ പരിസരം മൊത്തം മറക്കും.. പിന്നൊന്നും നമ്മക്ക് ഓർമ്മ കാണത്തില്ല.. ഞാൻ വിളിച്ചു കൂവുന്നത് അയലോക്കക്കാര് മൊത്തം കേക്കുവേം ചെയ്യും..
വടി ഒടിഞ്ഞപ്പോ അമ്മ അടി നിർത്തി.. കൊറേ വഴക്ക് പറഞ്ഞു… ടീവി അടിച്ച് പൊട്ടിയ്ക്കുമെന്ന് ഒരു പീച്ചണിയും… ടീവി അടിച്ച് പൊട്ടിച്ചാൽ എനിക്ക് രണ്ടുണ്ടയാണ് 😏😏😏😏😏
അന്നത്തെ അടിയിൽ എനിക്ക് യാതൊരു വിഷമവും തോന്നീട്ടില്ല കേട്ടോ…
കൊറച്ച് അടി കിട്ടിയാലെന്താ.. കിടുക്കാച്ചി ഒരു “വൃത്തികേട് ” കാണാനൊത്തില്ലേ.. 🤪🤪🤪🤪🤪

By ivayana