രചന : സിന്ധു എം ജി ✍️
പടി കയറി വരുന്ന
തെറിക്കു പിന്നിൽ കാലുറയ്ക്കാത്ത അച്ഛനുണ്ട്
അശാന്തമായി
അമ്മയുടെ കയ്യിലിരുന്നു വിറയ്ക്കുന്ന
പാട്ടവിളക്കിലെ വെളിച്ചം കെടാറായിരിക്കുന്നു
കണ്ണുകളിൽ നനവില്ല
അടുക്കളയിൽ വേവുന്ന അരിയേക്കാൾ വേവുന്നുണ്ട് അമ്മ
അടുപ്പിലെ പുകപ്പുതപ്പിൽ
അമ്മയ്ക്ക് കരിയുടെ
നിറമാണ്
പക്ഷെ അടുപ്പിലെ കനലെല്ലാം
കണ്ണിൽ വാരി നിറച്ചിട്ടുണ്ട്
ആരെ നോക്കിയിരിക്കുവാടീ..
കൂത്തച്ചീ..ന്നുള്ള അലർച്ചയ്ക്കൊപ്പം
ഉയർന്ന കൈ മുഖത്തു ചിതറി വീഴും
മടിക്കുത്തിൽ പിടിച്ചു
വരയ്ക്കുന്ന ഓരോ വൃത്തവും
ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ
നിശബ്ദനിഴലുകളായൊരു സന്ധ്യയിൽ
അമ്മയുടെ കണ്ണിൽ നിന്നടർന്ന തീയിൽ
ഞങ്ങളും കത്തി പോയി
കാലം തുലാമഴ പോൽ
പെയ്തൊലിച്ച രാപ്പകലുകൾ
ഇന്നും അമ്മ അടുക്കളയിൽ അരി വേവിക്കുന്നുണ്ട്
എരിഞ്ഞ കനൽ അണഞ്ഞിരിക്കുന്നു
പരൽമീനുകൾ ചത്തു പൊങ്ങിയ
നിർജീവമായ ആറ്റുവെള്ളം കുത്തിയൊലിച്ചു
ഒരു പ്രളയം തീർക്കുന്നുണ്ടാ കണ്ണുകളിൽ 🥲
