രചന : തോമസ് കാവാലം ✍️
( അന്തർദേശീയ വനിതാദിനം. എല്ലാ വനിതകൾക്കുമായി ഈ കവിത സമർപ്പിക്കുന്നു )
വരൂ! വരൂ! സ്ത്രീയെ ആദരിച്ചിടുക!
‘അരുതു’ചൊല്ലിയമർത്തരുത്
കരുതലു നൽകേണ്ടയമ്മയെ നോക്കി
വിരുതിൽ ദുർമുഖം കാട്ടരുത്!.
സോദരിയാണവൾ സാദരം കൈകൂപ്പി
ആദരവോടെയും കാവലാകാം
അമ്മതൻ ഗർഭത്തിലല്ലാതെ വന്നൊരു
ആദർശവ്യക്തിയുമില്ലഭൂവിൽ.
പത്തുമാസ,മമ്മഗർഭത്തിലായൊരു
വ്യക്തിയായ് തീർന്നതു നീ മറന്നോ?
സത്വബോധത്തിൽ നിന്നുയിർ കൊണ്ടീടുവാൻ
സത്യനിദാനം നിന്നമ്മയല്ലേ?
സ്നേഹം പകരുന്ന ദീപമായ് നിന്നവർ
സ്നിഗ്ദ്ധമാം ബന്ധത്തിൻ ചിന്തതന്നു
പുകയിൽ പാഴായ ജീവിത പാതയിൽ
പുലരുവാൻ താങ്ങായ് നിൽക്കുക നാം.
‘അബലയാ ചപലയാ ‘ണെന്നോതി നാം
അടിമയായ് കണ്ട കാലം പോയി
പാതിതിന്നന്നവർ പത്നിയായ്, സതിയായ്
പാരിന്നു പോന്നവളിന്നു നാരി.
കാലത്തിനൊപ്പം വളർന്നു,യയർന്നീടുക
കതിരുകൾ കൊയ്യുവാൻ കാലമായി
കരുത്തിൽ കനിവിൽ കനലിടം താണ്ടാം
നിരത്തിൽ നിർദ്ദയലോകമിതിൽ!.

