വ്യാകുലചിത്തയാമന്തരംഗത്തിൽ
വർധനയാലെ വരേണ്യതയാലെ
വഹിക്കുന്നിതാ വൃന്ദങ്ങളേയെല്ലാം
വിശേഷശ്രദ്ധയാൽ സൂതികാഗൃഹം.

വീര്യതയോടെ സംരക്ഷിക്കാനായി
വിശുദ്ധതയേറിയ സൃഷ്ടിയിലായി
വ്യാജമില്ലാത്തൊരാ വികാരത്താലെ
വരിവസ്യതയാലൂണില്ലുറക്കമില്ലാതെ.

വാക്കില്ലെല്ലാമേയമ്മഹൃദയികയായി
വൃതമെടുത്തിതാ തനൂജർക്കായ്
വഹിക്കുന്നലിവാലെപത്തുമാസം
വിദഗ്ധമായൊരു ശേഷിയാലെന്നും.

വിധിയാകുന്നൊരാതീവ്രവേദനകൾ
വിപക്ഷയില്ലാതെ ഏറ്റുവാങ്ങുമ്പോൾ
വീരണിയേപ്പോലെ അടർക്കളത്തിൽ
വീഴുംവരെയടരാടണമരുമകൾക്കായി.

വളർത്തമ്മയാകിയ ക്ഷിതിയിലായി
വായുവേകുന്ന പ്രാണനേ പോലെ
വിയർപ്പോടേകുന്ന സദ്ഗതിയിലായി
വിവരിക്കാനാവാത്ത അംഹതിയായി.

വ്യാകുലമേറിയ മാനസമഭംഗുരം
വിരോധമില്ലശേഷമുത്താനശരോട്
വൃന്തത്തിലൂറുന്ന പയോധരവുമായി
വളർത്തുന്നോരാനന്ദനുഭവമാകുന്നു.

വിശിഷ്ടമായോരാകാരം തന്നിൽ
വിഷയമാകിയ സൃഷ്ടിക്കേകുവാൻ
വേണ്ടിയുണർത്തുമാർജ്ജവത്താലെ
വേർപ്പെടുന്നൊരായന്ത്യകാലം വരെ.

വ്യാജമില്ലാത്ത വനിതയായിളയിൽ
വചനത്തിലെല്ലാം നിർമ്മലതാഭാവം
വാഴുന്നൊരിടമെന്നുംസ്വർഗ്ഗമാകും
വിഗ്രഹമാമനുഗ്രഹമായമ്പലത്തിൽ.

വേണുഗാനമൂർത്തിയാമുത്തമനും
വെണ്ണയേകുവാനായി അമ്മയുണ്ട്
വീഴുമ്പോൾ താങ്ങാൻ കരങ്ങളതേ
വിവശതയോടടുത്തായംബയുണ്ട്.

വസിക്കുന്നോരിടത്തരുണനേപ്പോൽ
വേദത്തിന്നാദിമരാഗമായനുകൂലം
വിശുദ്ധതയാർന്നോരകതളിരിനാലെ
വാഹിനിയാകിയ ഉപചരിതത്തിലായും.

വ്യാധിയാലുള്ളമെത്രയെരിഞ്ഞാലും
വേഗമെല്ലാമുള്ളിലൊതുക്കാനായി
വ്യാത്യാസമില്ലാതെ വംശത്തിനാശ്രയം
വ്രതമോടെന്നും പരിപാലനത്തിനായി.

വന്ദനീയ ഭർതൃഭാഗധേയമായെന്നും
വിലസുന്നോരാ ശ്രീവിലാസത്താൽ
വിഗ്രഹമാകുന്ന അഞ്ചിതരൂപമായി
വൃക്ഷവാടിയിലെയമൃതപുഷ്പമായി.

വിന്യാസത്തിലെ ഭദ്രകുംഭമായമ്മ
വിധിയായോരരുമ മക്കൾക്കായി
വിസ്തരിച്ചാശ്രയിക്കാനായടിമലർ
വഹിക്കുന്നെന്നുമേയമലനിർത്ധരി .

വാടയില്ലാതെ സ്വസ്തികാവാടിയിൽ
വായ്ക്കുന്നൊരായിരം വസന്തമായി
വജ്രശോഭയുതിർന്നതാംമന്ദസ്മിതം
വർണ്ണാശ്ശിസ്സായി അരുമകളിലായി.

വർണ്ണനാതീതമഹത്വപ്രഭാപൂരത്താൽ
വരേണ്യയാകുന്ന ആദിമയമ്മയാൽ
വാണിടമെല്ലാമൂർജ്ജസ്ഫുരണമായി
വന്ദിതമാനസ അഭീഷ്ടുതയായെന്നും.

വന്ദിപ്പവർക്കമ്മ പരമാത്മരൂപമായി
വേദിയിലെന്നുമേയനന്തപൂർണ്ണിമ
വാണിയിലെല്ലാമേ കരുണാപ്രഭാവം
വിഷ്ണുവിനുമമ്മയാരാധനാദീപം.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *