കനലിനെക്കാൾ തീഷ്തയുള്ളത്
കത്തിയേക്കാൾ മൂർച്ചയുള്ളത്.
ഇരുമ്പിനേക്കാൾ കഠിനമായത്
ഇരുട്ടിനേക്കാൾ ആഴമുള്ളത്.
നുരഞ്ഞു പൊന്തുന്നലാർവ്വയാണത്
തിരയൊടുങ്ങാത്ത ആഴിയാണത്.
നുകം തുളയ്ക്കുന്ന ഖഡ്ഗമാണത്
വരിഞ്ഞു മുറുകിയ ശ്വാസമാണത്.
മറക്കുകില്ല ചതികളൊന്നുമേ
മരിച്ചു പോകിലും വിടുകയില്ല ഞാൻ
പകയൊടുങ്ങാത്ത ഹൃദയമാണിത്
കനലുകൊണ്ടെല്ലാം ഭസ്മമാക്കിടും.
വിടുകയില്ല നിൻ വഴിയിടങ്ങളിൽ
വീഴ്ത്തിടും നിൻ മോഹമൊക്കെയും
കരുതിടേണ്ട നീ ജയിച്ചിടുമെന്ന്
കണക്കുതീർക്കാതെ പോവുകില്ല ഞാൻ.
ക്ഷമിക്കുകില്ലിനി ഒരിക്കലെങ്കിലും
നിൻ തകർച്ചയാണെൻ്റെ അകത്തളങ്ങളിൽ
പലരും കേൾക്കേണ്ട വരികളാണിത്
പക നുരയുന്ന രക്തമാണിത്.
നുണകളാലെന്നെ വരിഞ്ഞ ശാപമേ
പതിയിരിക്കുന്നതാണെൻ പക
ചിന്തിച്ചിടേണ്ട നീ രക്ഷപ്പെടുമെന്ന്
അവസരം കാക്കുന്ന കരിനാഗമെൻമനം.
വിഷത്തിൽ മുന്തിയ കാളകൂടമിത്
തീർക്കും നിന്നിലെ ഹന്തകളൊരുദിനം
സ്വന്തം രക്തത്തെ ഒറ്റികൊടുത്തവർ
സ്വന്തമല്ലാത്തോരെ നെഞ്ചിൽ ചുമന്നവർ
സ്വയമേവ തീരട്ടെ നിങ്ങൾതൻ തെറ്റുകൾ
സ്വയമേ ഒടുങ്ങണം നിങ്ങൾതൻ ജീവിതം.
ദ്രോഹിച്ചവർക്കെല്ലാം ദ്രോഹമാൽ മറുപടി
സ്നേഹിച്ചവർക്കെല്ലാം സ്നേഹമാൽ മറുപടി.
വായിൽ കുത്തിയാൽ കടിക്കാത്ത ശ്വാനനോ
വാലു മുറിച്ചാൽ ഓടാത്ത ജന്തുവോ,
ദുഷിച്ച നാവും വമിച്ച വാക്കും
നശിച്ചു പോകും മറന്നിടേണ്ട.
നിൻ്റെ പാപങ്ങൾ,ശാപങ്ങൾ
നിന്നിലേക്ക് തന്നെ മടങ്ങി വരും
നിൻ്റെ നുണകൾ,ഭാവനകൾ
നിന്നിലേക്ക് തന്നെ മടങ്ങി വരും.
നിൻ്റെ ചതിവുകൾ വഞ്ചനകൾ
നിന്നിലേക്ക് തന്നെ മടങ്ങി വരും
നിൻ്റെ സ്വാർത്ഥമാം ചിന്തകൾ
നിന്നെ തന്നെ ഹനിച്ചിടും.
എണ്ണിയാൽ തീരാത്ത ജ്വാലയാണിത്
തക്കം പാർക്കുന്ന കോപമാണിത്,
തീർത്തിടും നിൻ്റെ വാക്കുകളൊക്കെയും
ലജ്ജയില്ലാത്തൊരാ മുഖത്തേയും.
ശത്രുവെന്നും ശത്രു മാത്രമേ
മിത്രമെന്നും മിത്രം മാത്രമേ,
മാപ്പു തരില്ല കാലമൊരിക്കലും
കനലിൽ നീറിയൊടുങ്ങണം നിൻ കുലം.
ഭയമുള്ളോർ മാത്രം അകലെ നിന്നീടുക
ഭയമില്ലാത്തവർ അടുത്തു വന്നീടുക
തോൽക്കുകയില്ലയെൻ സത്യമാം പൊൻവഴി
തോൽക്കാതിരിക്കില്ല കപടമാം ദുർവിധി.
ശുഭം

By ivayana