രചന : സബ്ന നിച്ചു ✍
എന്റപ്പൻ പോക്സോ കേസിൽ
പെട്ടെന്നൊരു വർത്താനം കേട്ടാണ് ഞാൻ
പണിമതിയാക്കി വീട്ടിലേക്ക് വെച്ചുപിടിച്ചത്.
റോട്ടിലും വീട്ടിലേക്കുള്ള ഇടവഴിയിലും
ടീവിക്കാരും നാട്ടുകാരും നിരന്നു നിപ്പുണ്ടായിരുന്നു.
എന്നാ ചെയ്യണം എന്തോ ചെയ്യണമെന്നറിയാതെ ബൈക്കൊതുക്കി
നടക്കുമ്പോൾ ആൾക്കൂട്ടമെന്നേ തുറിച്ചു നോക്കി. ആദ്യമായിട്ടെനിക്ക് മനുഷ്യൻമാരുടെ നോട്ടം കൊണ്ട് മുറിപ്പെട്ടു.
കഴുത്തിനുമുകളിൽ ഭയം തൂങ്ങിയെന്റ തലയുംകണ്ണും നിലംതൊട്ടു.
അയാക്കെട ചെക്കനാണെന്നും പറഞ്ഞൊരു അയൽവാസി എനിക്കു നേരെ
വിരൽചൂണ്ടിയപ്പം ഞാനൊരു പാപിയായിപ്പോയെന്നെനിക്കും തോന്നി.
അപ്പനൊരു ആഭാസാനണെന്ന് നേരത്തെ അറിവുണ്ടായിരുന്നോയെന്ന് ചോദിച്ചൊരു
മൈക്കെന്റെ മീശയിൽ തൊട്ടു.
പേടിച്ചിട്ടെന്റെ കണ്ണുവിയർത്തൊലിച്ചു..
ഉയിരോളം വെന്തവേദന
നാവിനെ ആണിയടിച്ചു
കുരിശിൽ തളച്ചു.
നാവില്ലാത്തവനായി വീട്ടിലേക്ക് നീങ്ങാൻ വെപ്രാളപെട്ടപ്പോൾ
നിങ്ങളെയെങ്ങാനും അപ്പൻ..എന്നും പറഞ്ഞോരാൾ എന്റെ മുഖത്തേക്ക്
കാമറ തിരിച്ചു..
ഉയ്യോ എന്നും പറഞ്ഞു ഞാനങ്ങു പൊട്ടിക്കരഞ്ഞു വീട്ടിലേക്കോടി.
മുതിർന്ന ആണൊരുത്തൻ കരയുന്നത്
തന്ത അവനോടും കന്നംതിരിവ് കാണിച്ചിട്ടാണോ എന്നും,
ഇനിയിപ്പോ ഇതവന്റെ അടവാണോന്ന് പറയാൻ പറ്റുകേലെന്നും ആൾക്കൂട്ടം അടക്കം പറഞ്ഞു.
യെവൻ പഠിച്ചകള്ളനാണെന്നും
തന്തയുടെ വിത്ത് കൊണം ഇല്ലാണ്ടായിപ്പോകുമോയെന്ന് അയൽപക്കത്തെ ലിസിചേച്ചി പറഞ്ഞത് കേട്ടാണെന്റെ നെഞ്ചുകലങ്ങിയത്.
ദിവസോം പണി കഴിഞ്ഞു വരുമ്പോൾ അവരുടെ കൊച്ചിനുള്ള മുട്ടായികൂടെ മേടിച്ചിട്ടേ ഞാൻ വീട് കേറാറുള്ളൂ..
മുറിയിലെന്റെയമ്മച്ചി
അട്ടംനോക്കിയിരിക്കുന്നത് കണ്ട് തൊട്ടുവിളിച്ചു.
അതിയാൻ അങ്ങനെ ചെയ്യുവോടായെന്നു ചോദിച്ചമ്മച്ചി കണ്ണ് നിറച്ചു,
എന്തോ ചെയ്യണമെന്നറിയാതെ ഞാൻ കട്ടിലിലോട്ട് കമിഴ്ന്നു,
ഒമ്പതും പന്ത്രണ്ടും വയസുള്ള കുഞ്ഞിപ്പിള്ളേർ ചുമ്മാ അങ്ങ് മൊഴി കൊടുക്കുമോയെന്ന് അമ്മച്ചി എന്റെ
പുറംതട്ടി ചോദിച്ചു.
ഞാനെന്റെ ആണിയടിച്ച നാക്ക്
അനക്കാൻ നിന്നില്ല
ഒമ്പതുവയസുള്ള
കൊച്ചപകടനില തരണം ചെയ്ത് ജീവൻവെച്ചപ്പോൾ പൊളി പറയാൻ എന്റപ്പന്റെ പേര് തിരഞ്ഞെടുത്തെന്ന് പറഞ്ഞു വാദിക്കാൻ
എന്റെ മനസ്സാക്ഷി ഒറ്റുകാരനല്ലല്ലോ..
അപ്പൻ ഒളിവിലാണെന്നും പോലീസ് വലവിരിച്ചിട്ടും കിട്ടിയില്ലെന്നും
ഞങ്ങളറിഞ്ഞത് നാലു ദിവസം വാതിലുതുറക്കാതെ ടീവിക്ക് മുന്നിലിരുന്നാണ്..
അങ്ങേരൊന്നു
ചത്തുകിട്ടിയാൽ മതിയെന്ന് പറഞ്ഞമ്മച്ചി
സുവിശേഷം വായിക്കുന്നതിനിടയിലാണ്
അട്ടപ്പാടിയിൽ നിന്നപ്പനെ പോലീസ്പൊക്കിയെന്ന് വാർത്ത വന്നത്..
വൈദ്യപരിശോധനയിലും
അന്തസ്സിനു ഓട്ടവീഴ്ത്തി
നിക്കുന്നയപ്പനെ കണ്ടപ്പോൾ
കരണം പുകക്കാനെന്റെ
കയ്യും തരിച്ചതാണ്..
അന്നേരമങ്ങേരുടെ കയ്യിൽ
തൂങ്ങി നടന്നതങ്ങോർത്തു
പോയപ്പം
ഞാനെന്റെ മോന്തക്ക്
തലങ്ങും വിലങ്ങുമടിച്ചു
സമാധാനപ്പെടാൻ നോക്കി…
വീട്ടിൽ കേറ്റാൻ കൊള്ളാത്ത നാറിയെന്ന്
ടീവിയിൽ നോക്കിയമ്മച്ചി പറയുമ്പോൾ
ചിരിച്ചുകൊണ്ട് കുടുംബത്തു കേറുന്ന
അപ്പനെന്റെ നെഞ്ചിൽ നിന്നു..
മകനായും മനുഷ്യനായും മാറി മാറി ചിന്തിച്ചു
പിടിത്തം കിട്ടാതെ പുതപ്പിട്ടു,
പുതിയൊരു വാർത്തവന്ന്
എല്ലാമൊന്നടങ്ങിയെന്ന് തോന്നിയപ്പം
മുറ്റത്തൂടിറങ്ങി വെയിലു കൊണ്ടു,
അപ്പന്റെ കെടുതിയിലകപ്പെട്ട
കൊച്ചുങ്ങളീ ഭൂമിയിൽ
സ്വസ്ഥപ്പെടുമോയെന്നാലോചിച്ചെന്റെ
നല്ല ജീവനൊക്കെ പോയാരുന്നു..
അന്നേരമാണ്
“മുട്ടായിയില്ലേ അങ്കിളേ”ന്ന് വിളിച്ചു ചോദിച്ച
കൊച്ചിനെ കൈവീശി തല്ലി
ലിസിചേച്ചി വാതിലടച്ചത്..
മുട്ടായി തന്നു മയക്കിയെടുത്തത്
തന്തയുടെ കൊണം
കാണിക്കാനാണോന്ന്
ആർക്കറിയാമെന്ന്
അവര് ജനാല തുറന്നിട്ട്
ഉറക്കെ പറഞ്ഞു..
കാലമാടനൊരുത്തൻ
കാരണം കുടുംബംചുമക്കേണ്ട
കാലാകാലത്തേക്കുള്ള
ഏകാപ്പേരെന്നും പറഞ്ഞ്
അമ്മച്ചിയിരുന്നു കരഞ്ഞു..
കൊച്ചുങ്ങൾ
അമ്മച്ചിയുടെയുറക്കത്തിൽ
അലറിക്കരഞ്ഞ്
എന്നെ ഉരുകാൻ വിട്ടു,
തേച്ചാലും കുളിച്ചാലുമിനിയീ
പാപക്കറ പോകാൻ പോണില്ലെന്ന്
ഡയറിയിലെഴുതി,
നാടുവിട്ടു പോകാൻ ഞാൻ
സഞ്ചിയും,
ലോകം വിട്ടു പോകാനമ്മച്ചി
വിഷവും തിരഞ്ഞു
അന്നേരമപ്പൻ ജയിലിൽ
ബിരിയാണി
മയക്കത്തിൽ ഉറക്കംപിടിച്ചു !