രചന : കെ.ആർ.സുരേന്ദ്രൻ ✍
നീണ്ട തീവണ്ടിയാത്രകൾ,
ജീവിതം പോലാണെന്നത്
ക്ളീഷേയായിക്കഴിഞ്ഞെന്നറിയാം…..
ഓരോ തീവണ്ടിയാത്രയിലും
ചില സൗഹൃദങ്ങൾ മൊട്ടിടും.
ചില കമ്പാർട്ട്‌മെന്റുകളിൽ പൂവിടുന്ന
പ്രണയങ്ങളുടെ പൂമരങ്ങളുണ്ട്.
പരിചയങ്ങൾ മെല്ലെ മെല്ലെ
പ്രണയമരങ്ങളാകുന്ന മറ്റാരുമറിയാ ദൃശ്യങ്ങൾ.
ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ പൂക്കൾ തുന്നിയ
പട്ടുതൂവാലകൾ അവർ മാത്രമറിഞ്ഞ് നെയ്തെടുക്കും.
പിരിയുമ്പോഴും, ദൂരങ്ങൾ അകറ്റി നിർത്തുമ്പോഴും
അവർ അടുത്താണ്.
ഒടുവിൽ സ്വന്തങ്ങൾക്കിഷ്ടപ്പെട്ടാലും,
എതിർപ്പിന്റെ ക്ഷോഭക്കടൽ ഇളകി മറിഞ്ഞാലും
അവർ ഒന്നിച്ചിരിക്കും.
കമ്പാർട്ട്മെന്റുകളിലെ പരിചയങ്ങൾ
തീവണ്ടിയുടെ പ്രയാണത്തിനിടയിൽ
പടിപടിയായി പ്രണയഗോപുരവാതില്ക്കൽ എത്തി
ആഹ്ലാദം പീലി വിടർത്തിയാടുന്നു ഒടുവിൽ.
ദീർഘദൂര തീവണ്ടികളിലെ യാത്രകൾ
മാറ്റി മറിക്കുന്ന ജീവിതത്തിന്റെ ഗതിവിഗതികൾ….!
തീവണ്ടിയുടെ പ്രയാണം പോലെ തന്നെ
ജീവിതവേഗങ്ങളും.
മൊട്ടിടുന്ന സൗഹൃദങ്ങളിൽ ചിലത്
തളിരിട്ടെന്ന് വരാം.
ഉദ്ദിഷ്ടലക്ഷ്യത്തിലെത്തുന്നതോടെ
തളിരിട്ട സൗഹൃദം യാത്ര പറഞ്ഞോ,
പറയാതെയോ ഇറങ്ങിപ്പോകും.
ശരി, വീണ്ടും കാണാം എന്ന്
ഭംഗിവാക്ക് പുറത്തുവന്നേക്കാം.
എന്നാൽ ചില സൗഹൃദങ്ങൾ
വിരളമായെങ്കിലും മോട്ടിട്ട്,
തളിരിട്ട്, പൂവിട്ട് കായ്ക്കുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമാണവ.
കാലങ്ങൾക്ക് ശേഷം മറവിയുടെ മഞ്ഞുരുകി
ചില സൗഹൃദങ്ങൾ യാദൃശ്ചികമായി
മുന്നിൽ തെളിഞ്ഞ് വന്നേക്കാം.
ആദ്യമായി കണ്ട നാൾ,
പരസ്പരം അഭിമുഖമായിരിക്കുമ്പോഴും
ജന്മമെടുക്കുന്ന അപരിചിതത്വം,
തീവണ്ടിയുടെ ആവേഗങ്ങൾക്കിടയിൽ,
മൊട്ടിടുന്ന സൗഹൃദം,
സൗഹൃദവേളകളിൽ പങ്കിടുന്ന
സ്വകാര്യ ജീവിതവർത്തമാനങ്ങൾ,
സമകാലിക സംഭവവികാസങ്ങൾ,
തമ്മിൽത്തമ്മിൽ പങ്കുവെക്കുന്ന സമ്പർക്കനമ്പരുകൾ,
ചിലപ്പോൾ മേൽവിലാസങ്ങൾ,
തീവണ്ടിയുടെ മരണപ്പാച്ചിലിൽ
യാത്ര പറയേണ്ടി വരുമ്പോഴത്തെ വിമ്മിട്ടങ്ങൾ,
ഒടുവിൽ കാണാം വീണ്ടും, മറക്കാനാവില്ലല്ലോ
എന്ന പരസ്പരമന്ത്രണങ്ങൾ……
ആദ്യനാളുകളിലെ പരസ്പരസന്ദർശനങ്ങളും,
ഫോൺ സമ്പർക്കങ്ങളും
ഏതോ മായാജാലം പോലെ നിലച്ച്,
മറവിയുടെ മഞ്ഞുമറക്കപ്പുറത്തേക്ക് ആണ്ടുപോകുന്നു.
വിരളമായി ഒരു ചിത്രമോ മറ്റോ
എവിടെയെങ്കിലും തെളിയുമ്പോൾ
മഞ്ഞുമറയുരുകി ഓർമ്മയുടെ നിഴലുകൾ
മുന്നിൽ തെളിയുന്നു.
അപ്പോഴേക്കും സ്നേഹബന്ധത്തിന്റെ ഊഷ്മളതയും,
തീക്ഷ്ണതയും എന്തുകൊണ്ടോ ആവിയായി മാഞ്ഞിട്ടുണ്ടാവും.
പുതിയ സൗഹൃദങ്ങളും,
പുതിയ ദീർഘദൂരയാത്രകളും ഉടലെടുത്തിരിക്കും.
ജീവിതം പോലെ സ്ഥായിയായി ഉള്ളത്
മാറ്റങ്ങള്‍ മാത്രമല്ലോ….?
കാണാം, വീണ്ടും….

