രചന : രമണി ചന്ദ്രശേഖരൻ ✍

ഇനിയേറെ ദൂരം നടക്കാം നമുക്കിനി
പകലുകളിരവുകളാകും മുമ്പേ ..
മൗനത്തിൻ, അക്ഷരമാലകൾ കോർത്ത്
സ്വകാര്യതയിലലിഞ്ഞു നടന്നു നീങ്ങാം
മെല്ലെയാ ശ്വാസനിശ്വാസത്തിൻ ചൂടേറ്റ്
ഒന്നിച്ചീ യാത്രതൻ കാതങ്ങൾ താണ്ടാം.
തിരയെത്തും കരയുടെ തീരത്തിരിക്കാം
തിരമാലകളാടിയുലയുന്നതു കാണാം
നാമൊരുമിച്ചിരുന്നിട്ടൊരു നേരമെങ്കിലും
കൈവിരലുകൾ കോർത്തുള്ളിൽ സ്നേഹം നിറക്കാം
വേനൽമഴയിൽ നനഞ്ഞു കുളിരാം
ഹൃദയത്തിൻ സ്പന്ദനം കാതോർത്തു കേൾക്കാം
പിന്നെയോ,കൺകളിൽ കനവുകൾ തിരയാം
ഇത്തിരി മധുരത്തിൻ തേൻ നുണയാം
ഇരുളുകൾ കരിമ്പടം മെല്ലെ വിരിക്കുമ്പോൾ
ഓർമ്മതൻ കമ്പളം മൂടിപ്പുതയ്ക്കാം
ചിറകുകൾ വീശി പറക്കാൻ ശ്രമിക്കുന്ന
പ്രണയത്തിൻ തേരിലായ് യാത്ര തുടരാം.

രമണി ചന്ദ്രശേഖരൻ

By ivayana