രചന : വിദ്യാ രാജീവ്✍️
തിരക്കില്ലാതല്പ നേരം
പ്രിയമുള്ളവർക്കൊപ്പമാ-
യിരിക്കാൻ കൊതിയാകുന്നു
നരജീവിത ശകടത്തിൽ
ഒരേയിടത്തിലിരുന്നാലും
തമ്മിലൊന്നുമുരയ്ക്കാതെ
വികലമാം ചിന്തയാൽ കണ്ണീർ
വാർത്തു കാലം കഴിപ്പു നാം.
ഒഴിവുവേളയിലേകമായ്
ഒരുവനെത്തന്നെ തിരയുമീ
വ്യഥിതചിത്തങ്ങൾ നീരാടും
നിലയെഴാത്ത കയങ്ങളിൽ.
ഭിന്ന ജീവിത വഴികളിൽ
വന്നു ചേരുന്ന മാനുഷർ
കണ്ടിടുന്നില്ല കാണേണ്ട –
തൊന്നുമീഹ്രസ്വ വേളയിൽ .
അറിയേണ്ടതാം പൊരുളേതും
അറിയാതിന്നു മാനവൻ
വെറുതെ തുഴയുന്നു പാഴ്-
വഞ്ചിയാകുന്ന ജീവിതം!
