രചന : മംഗളൻ. എസ്.✍️
പ്രിയമുള്ളവരേ,
നമ്മുടെ രാജ്യം അതീവ ഗൗരവതരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇതിനിടയിൽ നിരവധി തവണ നമ്മുടെ രാജ്യത്തെ നിരപരാധികളായ സഹോദരീ സഹോദരന്മാർ തീവ്രവാദികളുടെ കരാളഹസ്തങ്ങൾക്കിരയാവുകയും പല കുടുംബംഗളുടെയും പ്രധനകണ്ണികൾ നഷ്ടപ്പെട്ട് കുടുംബാംഗങ്ങൾ നിരാലംബരാവുകയും ചെയ്യുകയുണ്ടായി.
നമുക്കറിയാം 1999 ഡിസംബർ 24 ന് ഒരാളെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 191 നിരപരാധികളായ ഇന്ത്യൻ വിമാനയാത്രക്കാർ സഞ്ചരിച്ചിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരന്മാർ തട്ടിക്കൊണ്ടുപോയി കന്തഹാറിൽ ഇറക്കി! മലമൂത്ര വിസർജനത്തിനുപോലും ഇടമില്ലാതെ ഏഴുദിവസം ആവിമാനത്തിൻ്റെ സീറ്റുകളിൽ ഒറ്റ ഇരുപ്പ്
ഇരുന്ന ഇന്ത്യാക്കാരെ ഓർക്കുക!! മരണത്തെ മുഖാമുഖം കണ്ട ആ നിരപരാധികളെ രക്ഷിക്കാൻ ഒടുവിൽ നമ്മുടെ ജയിലിൽ തടവിലായിരുന്ന കൊടും ഭീകരൻ മൗലാനാ മസൂദ് അസ്ഹർ ഉൾപ്പടെയുള്ള തീവ്രവാദികളെ വിട്ടുകൊടുക്കേണ്ടി വന്നു!
അതിനു ശേഷം ആ തീവ്രവാദികളടക്കം ആസൂത്രണം ചെയ്ത നിരവധി കൊടും ഭീകരാക്രമണം അവർ നമുടെ രാജ്യത്ത് അഴിച്ചുവിട്ടു. . 2001 ഡിസംബർ 13ന് നമ്മുടെ പാർലമെൻ്റ് ആക്രമിച്ചു. 2008 ഡിസംബർ 26ന് മൂബെയ് താജ് ഹോട്ടൽ കത്തിച്ചു
2019 ഡിസംബർ 24 ന് പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരെ നിഷ്ടൂരമായി കൊലപ്പെടുത്തി.
ഇപ്പോഴിതാ 2025 ഏപ്രിൽ 22 ന് ഭീകരതയുടെ തോക്കിൻ മുനകൾ വിനോദ സഞ്ചാരികളുടെ നെഞ്ചിലേയ്ക്കും നീണ്ടു.. 29 നിരപരാധികളെ നിഷ്ടൂരമായവർ വധിച്ചു!! ഒരു അയൽ രാജ്യം.. അതും പണ്ട് ഒറ്റ രാജ്യമായിരുന്നവർ തങ്ങളുടെ സഹോദരങ്ങളെ ഇങ്ങനെ ദയനീയമായി കൊല്ലുമ്പോൾ.. ഏതൊരു ഭരണകൂടത്തിന് അത് നോക്കിയിരിക്കാനാകും?
അവയുടെയൊന്നും വിശദാംശങ്ങളിലേയ്ക്ക് പോവുകയല്ല നാമിപ്പോൾ ചെയ്യേണ്ടത്.
നമ്മൾ കഴിഞ്ഞ രാത്രിയിലും സുഖമായുറങ്ങയെങ്കിൽ ആ സുഖനിദ്ര നമുക്ക് പ്രദാനം ചെയ്തത് കരയിലും കടലിലും വായുവിലും കണ്ണിമവെട്ടാതെ സസൂഷ്മം നിരീക്ഷിച്ച് നമ്മളെ കാക്കുന്ന ഇന്ത്യൻ സൈന്യമാണെന്ന് നാം ഒരു നിമിഷം പോലും മറന്നുപോകരുത്. ആ ഭടന്മാർ കുടുംബവുമൊത്തുള്ള ജീവിതം തല്കാലം വെടിഞ്ഞ് നമുക്കു വേണ്ടി രാജ്യസുരക്ഷയുടെ കാവലാളാവുകയാണ്.
അവരുടെ ആത്മബലം ചോർത്തിക്കളയുന്ന ഫോട്ടോകളോ പ്രസ്ഥാവനകളോ ട്രോളുകളോ നമ്മൾ നവമാധ്യമത്തിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കാൻ പാടില്ല.
സോഷ്യൽ മീഡിയ തുറക്കുമ്പോൾ പല കോണുകളിൽ നിന്നായി യുദ്ധത്തിനെ ന്യായീകരിച്ചും എതിർത്തും രാഷ്ട്രീയ മുതലെടുപ്പ് നടത്താൽ ചിലർ നടത്തുന്ന ഹീന ശ്രമങ്ങൾ കാണാൻ കഴിയുന്നു!!! അത്തരക്കാർ ദയവായി അവരുടെ കുത്സിത ശ്രമങ്ങളിൽ നിന്ന് പിന്തിരിയണം. രാഷ്ട്രീയ പാർട്ടികൾ ഇതൊരവസരമായി കാണുകയോ പരസ്പരം പഴിചാരുകയോ അരുത്. പാർട്ടിപ്രവർത്തനം രാജ്യരക്ഷയുമായി കൂട്ടിക്കുഴയ്ക്കരുത്.
നമ്മൾ പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരാക്കാം, അതുപോലെ സാഹിത്യകാരോ പത്ര പ്രവർത്തകരോ ചരിത്രകാരന്മാരോ അധ്യപകരോ വിദ്യാർത്ഥികളോ തൊഴിലാളികളോ മുതലാളിമാരോ ആയിക്കൊള്ളട്ടെ.. ആത്യന്തികമായി നാമോരോരുത്തരും ഇന്ത്യാക്കാരാണെന്ന ബോധത്തോടെ വേണം ഈ സന്ദർഭത്തിൽ നമ്മുടെ പ്രതികരണങ്ങൾ.. ‘ ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിക്കൂ..’ എന്നകാര്യം നാം ഓർക്കാതിരിക്കരുത്. ഈ മണ്ണിൽ ജനിച്ച്, ഇവിടെ തിന്നു കുടിച്ച് പഠിച്ചുവളർന്ന നമ്മൾ നമ്മുടെ രാജ്യം ഒരു നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വേറേ ഞായം പറയാൻ നിൽക്കരുത്.
തീവ്രവാദം ലോകത്തു നിന്ന് തുടച്ചുനീക്കേണ്ടതു തന്നെയാണ്. അതിന് ഒരു പാർട്ടിയോ ഒരു രാജ്യമോ അവിടത്തെ സൈന്യമോ മാത്രം വിചാരിച്ചാൽ നടക്കില്ല. ആഗോള ജനതയും ഭരണകൂടങ്ങളും ഒന്നിച്ചണിനിരന്ന് തീവ്രവാദത്തെ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യണം. ഓർക്കുക നമ്മൾ സമാധാനത്തിൻ്റെ കാവൽ മാലാഖമാരാണ്. തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിട്ടുക നമുക്ക് സാധ്യമല്ല. അതിന് സൈനിക നടപടി തന്നെ വേണം.
ആയതിനാൽ ഒറ്റക്കെട്ടായി രാജ്യത്തെ ജനത അണിനിരക്കണം, സൈന്യത്തിന് പിൻബലം നൽകണം, വേണ്ടി വന്നാൽ രാജ്യരക്ഷയ്ക്ക് ഞാനും ആയുധമെടുക്കുമെന്ന് പ്രതിജ്ഞയെടുക്കണം. ആവശ്യം വന്നാൽ ആയുധമെടുത്ത് ശത്രുവിനെതിരേ പോരാടുകയും വേണം.
ഒരു കാരണവശാലും സൈന്യത്തിൻ്റെ നീക്കങ്ങളോ സൈനികവാഹനവ്യൂഹങ്ങളുടെ സഞ്ചാരപഥമോ വ്യോമാഭ്യാസമോ നാവികാഭ്യാസമോ നമ്മുടെ ശ്രദ്ധയിൽപ്പെടുകയോ കാണാൻ ഇടയാവുകയോ ചെയ്താൽ അവയൊന്നും റെക്കാർഡ് ചെയ്യാനോ പ്രചരിപ്പിക്കാനോ തയ്യാറാവാതിരിക്കുക. അവ ശത്രുക്കളുടെ പക്കൽ എത്തിപ്പെട്ടേയ്ക്കാം.
നിതാന്ത ജാഗ്രതയോടെ ഓരോ ഇന്ത്യൻ പൗരനും കരുതലോടെ രാജ്യത്തിനു വേണ്ടി നിലകൊള്ളുക, വാർത്തകൾ പല പ്രാവശ്യം കാണുക. അപ്പപ്പോൾ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക.
നമ്മുടെ സൈന്യം സുസജ്ജവും ശക്തവുമാണ്. അവർ നമുക്ക് ആത്മബലം നല്കുന്നതുപോലെ നമ്മളും സൈന്യത്തിന് ആത്മബലം നൽകുക. യുദ്ധം സൈനികർ പോലും ആഗ്രഹിക്കുന്നില്ല. യുദ്ധം ഒരു സമാധാന ശ്രമത്തിനും പരിഹാരമല്ല! അതേ സമയം തന്നെ തീവ്രവാദികൾക്കു മുന്നിൽ എന്നും തോറ്റു കൊടുക്കാനാവുമോ? തലയിൽ തലോടിയാൽ തീവ്രവാദികൾ പിന്തിരിയുമോ? തോക്ക് താഴെ വെയ്ക്കുമോ?
ഇന്ത്യ വിജയിക്കണം.. തീവ്രവാദം തുടച്ചുനീക്കിക്കൊണ്ടു തന്നെ.🙏
