രചന : രാജേഷ് കോടനാട് ✍
ഏതു സമയവും
പല വെടിയുണ്ടകളാൽ
തകർന്നു പോയേക്കാവുന്ന
ഒരു പഹൽഗാമാവുന്നു
ഹൃദയം.
പുൽത്തകിടികളിൽ തെറിച്ച രക്തം പോലെ
ഹൃദയത്തിൻ്റെ പാളികളിൽ
ഭയന്നുറഞ്ഞ് കിടക്കുന്ന
ചുവന്ന റോസാപ്പൂവിനെ
ചുഴിഞ്ഞ് നോക്കിയാലറിയാം
കശ്മീരിലെ
വിനോദ സഞ്ചാരികൾ
അക്രമിക്കു നേരെ
നെഞ്ചുവിരിച്ച്
ജയ്ഹിന്ദ് വിളിച്ചിട്ടോ
ഒറ്റപ്പെടുന്നവർ
പ്രിയതമയുടെ
കല്ലുപ്പാം
ബുള്ളറ്റുകൾക്കു നേരെ
അന്തി വിരിച്ചു കിടന്നിട്ടോ
രക്തസാക്ഷികളായവരല്ലെന്ന്
നിങ്ങൾ,
വെടിയുണ്ടകൾ സൂക്ഷിക്കുമ്പോൾ
തോക്കിനുള്ളിലായാലും
വാക്കിനുള്ളിലായാലും
ഒരു യുദ്ധമുണ്ടാവാതെ
സൂക്ഷിക്കുക
തോക്കിലും വാക്കിലും
പനിനീർപ്പൂ വിരിയുന്ന
ഒരു കാലമുണ്ടായിരുന്നു
ആ കാലമാണ്
കടലെടുത്ത് പോയത്
നിൻ്റെ
തോക്കിൻ കുഴലുകളിൽ
സുഗന്ധം നിറക്കുക
നിൻ്റെ വാക്കിൻ മുനമ്പുകളിൽ
തേൻ പുരട്ടുക
ടുലിപ് പൂക്കളെക്കൊണ്ട് നിറയട്ടെ
നമ്മുടെ ഹൃദയങ്ങൾ
