രചന : അൻസൽന ഐഷ ✍️
വഴി നഷ്ടപ്പെട്ടവന്റെ മുമ്പിൽ
അലറിയെത്തുന്ന തിരമാലകൾ
വ്യാളിയേപ്പോലെ വാ പൊളിക്കും
മുഴുവനായും
ഉള്ളിലേക്കാവാഹിക്കാൻ.
ഗതി തെറ്റിയൊഴുകിയൊരു
പുഴ, കടലിലേക്കെത്താൻ
തിടുക്കപ്പെടുംപോലെ
വഴി മറന്നവൻ വെപ്രാളപ്പെടും
നടന്നെത്തിയ വഴിദൂരം
അട്ടയെപ്പോലെ ചുരുളും.
മുന്നോട്ടോ പിന്നോട്ടോ പോകാനാവാതെ
ചക്രവ്യൂഹത്തിലെന്നപോലെ
അകപ്പെട്ടു പോകുന്നവർ
ദിശ മറന്ന് ആകുലതയോടെ
ചുറ്റിലും പരതിനടക്കും
പുറത്തുകടക്കാനാവാതെ.
ഒരു പക്ഷേ വഴി പറഞ്ഞുകൊടുക്കേണ്ടവർ
പാതിവഴിയിലുപേക്ഷിച്ചു
പുതിയ വാനവും ലോകവും
തേടിയകന്നതിന്റെ വിഭ്രാന്തിയാവും
ദിശ മറന്നവരുടെയുള്ളിൽ.
