രചന : മേരിക്കുഞ്ഞ്✍️
വീരനായ പടയാളിയായെൻ
രാജ്യാധിപൻ ജാഗരിക്കവേ
എൻ്റെ
കുഞ്ഞു മൺകുടിലിൽ
ഞാൻ
സ്വസ്ഥമായുറങ്ങുന്നു
ശാന്തമായുണരുന്നു
ആഹാരമൊരുക്കുന്നു
എൻ്റെ കുഞ്ഞുങ്ങൾ
പഠിക്കുവാൻ പോകുന്നു
കളി കഴിഞ്ഞെത്തുന്നു.
കരുത്തിനാളല്ലാത്ത ഭീരു
രാജാവായ്
തനിക്കു മാത്രമായ് കാവൽ
വിപുലപ്പെടുത്തവേ
കുറുവാ കൂട്ടമായ് ഭീകരർ
എൻ്റെ ജീവൻ്റെ
കുടിയിരിപ്പ് തുരക്കുന്നു
വാതിൽ തല്ലി-
ത്തകർത്തിരച്ചെത്തുന്നു .
കൊട്ടാരക്കെട്ടിൽ പോലും
അകത്തമ്മവ്യാകുലംനീറ്റുന്നു
പൈതങ്ങൾ പേടികൾ
നൂൽക്കുന്നു.
നാട് വിധവയെപ്പോ –
ലനാഥത്തം ഭുജിക്കുന്നു.
കരുതലിന്നാരുമില്ലല്ലോ…
എന്ന് മണ്ണ് കരയുന്നു.
