രചന : ജോബിൻ പാറക്കൽ ✍
ഇവിടെയാണ് പത്മാ
മരണം ആഘോഷിക്കപ്പെടുന്നത്
ഏകാന്തത തളം കെട്ടിയ സത്രങ്ങളിൽ
തനിച്ചായ മനസ്സിൻ്റെ നനവോർമ്മകളിൽ
മന്ത്രങ്ങൾ ഉയരുന്ന പകലുകളിൽ
ചിന്തകൾ എരിയുന്ന ജഡരാത്രികളിൽ
ആരും തിരക്കി വരില്ലെന്ന
യാഥാർത്ഥ്യങ്ങളിൽ
രാമനാമജപങ്ങളിൽ
ഗദകാലകല്പടവുകളിൽ
പൊരുളെരിയുമസ്ഥിത്തറകളിൽ
മോക്ഷനദിയോളങ്ങളിൽ
പുനർജ്ജനിപ്പാഴ്ക്കിനാവുകളിൽ
ഇവിടെയാണ് പത്മാ
മരണം ആഘോഷിക്കപ്പെടുന്നത്
ഓർമ്മകൾക്കൊപ്പം ഒഴുകിയകലുന്ന
ജനിമൃതികളുടെ കറുത്ത ഗംഗ
പത്മ മൗനത്തിലേക്കും
നിരൺ വാക്കുകളിലേക്കും
അവളെ മറന്നു ഭാംഗിൻ്റെ ചവർപ്പിലേക്ക്
നടക്കുമ്പോൾ ഒക്കെ
മറ്റൊരാളായി മാറാറുള്ള നിരൺ
വളർന്നു തൂങ്ങിയ താടിരോമങ്ങളിൽ
ചരസ്സ് കൂട് കൂട്ടിയിരിക്കുന്നു
വർഷങ്ങൾ കടന്നുപോയത് അറിയാതെ
തന്നേ തിരഞ്ഞു മടുത്ത പഥികൻ
യോഗഭോഗങ്ങൾക്കിടയിൽ
കുടുങ്ങിപ്പോയ വഴികാട്ടി
ശരിതെറ്റുകൾക്കിടയിൽ
ദൈവത്തെ തിരയുന്നു
പകൽത്തിരക്കുകളിൽ
മറഞ്ഞിരിക്കുന്ന കൽമണ്ഡപങ്ങളിൽ
ജപം തിരഞ്ഞെത്തുന്ന യോഗിനികൾക്ക്
വനതൃഷ്ണയുടെ മന്ത്രങ്ങൾ
പണം വാങ്ങി പകർന്നു കൊടുക്കുന്ന വഴികാട്ടി
അന്തിമയക്കത്തിന് പുകക്കൂടൊരുക്കാൻ
ശിവമൂലി തിരയുന്ന സന്യാസി
സമയരഥത്തിൻ്റെ ചക്രങ്ങൾക്ക്
ചിലപ്പോഴൊക്കെ
മനസ്സിനേക്കാൾ വേഗതയുണ്ട്
വെളുത്ത മുടിക്കെട്ടിൽ ഗംഗയെ
മറച്ച സന്യാസി
ഓട് പൊട്ടിയ വീടിനുള്ളിൽ
മഴയെ ശിരസ്സിൽ ഏറ്റുവാങ്ങുന്നു
പ്രായം ജഡ കെട്ടിയ എല്ലിച്ച കിഴവനെ മറന്ന യോഗിനികൾ
ഇനി ആരും തിരഞ്ഞു വരാനില്ലാതെ
മനസ്സ് കൈവിട്ടു പോകുന്നു പലപ്പോഴും
ഉച്ചമയക്കത്തിനിടയിലെ പട്ടിണിക്കിനാവിലേക്ക്
വിളിക്കാതെ കടന്നു വന്ന
നര കയറി തുടങ്ങിയ ആ പെണ്ണിന്
പത്മയുടെ ഗന്ധം
മോക്ഷത്തിലേക്ക് ഒഴുകുന്ന ഗംഗയിൽ
രണ്ട് ആത്മാക്കൾ നീന്തിത്തുടിക്കുന്നു
