രചന : ജോൺ കൈമൂടൻ.✍️
സിന്ദൂരബിന്ദിയാ സ്വേദച്ചാലിലലിഞ്ഞി-
റ്റിറ്റുവീണതീ പഹൽഗാമിൻമുറ്റത്ത്.
മംഗല്യസിന്ദൂരം മായുന്നതിൻമുമ്പ്
സോദരിയായൊരു വിധവ പഹൽഗാമിൽ.
പുതുമണവാളന്റെ പുതുമണംപേറിയ
മൃതശരീരത്തിങ്കൽ വിലപിച്ചിരുന്നതാം
സോദരീ നിൻ വിലാപത്തിന്നുമുത്തരം;
സോദരർസൈനികർ എണ്ണിയെണ്ണിയേകി.
മലയാളമണ്ണിന്റെ ധീരനാംതാതനെ
മനംനൊന്തുനിൽക്കുന്ന മകളുടെമുന്നിലായ്
ചെറുമക്കൾസന്നിധം ചെറുത്തുനിൽപില്ലാത്ത
കുരുതിനടത്തീ ബൈസരൺതകിടിയിൽ.
നാടുകാണാൻവന്ന നാട്ടുകാരേയെന്റെ
നാട്ടിനുള്ളിൽവന്ന് ഭീകരർ ധ്വംസിച്ചു.
നാടുകടന്നെത്തിവന്ന കിരാതരേ
നാടുകടത്തിടും തുരത്തുംമാളംവരേം.
കശ്മീരതെന്നുടെ മണ്ണിന്റെതുണ്ടാണ്
തുണ്ടുവിഴുങ്ങിനീ അന്നൊരുചതിയിലും,
കശ്മീരുമൊത്തമായ് എന്റെനാട്ടിൽചേരും
വരുമൊരുനാളാ വിമോചനം ദർശിക്കാം.
ഭീകരരഭിമതരല്ലയീ ഭൂമിയിൽ
ഭീകരർക്കില്ലായിടമിനി ഇന്ത്യയിൽ,
ഭീകരമായി തുരത്തപ്പെടുമവർ
ഭീകരരെ പൊറുപ്പിപ്പോർക്കു നാശവും!
