രചന : ശ്രീകുമാർ ആമ്പല്ലൂർ ✍
തൃശൂർപൂരം കൊട്ടികേറുകയാണല്ലോ ഇന്ന്
വർണ്ണകടലായി മാറുന്ന തേക്കിൻ കാട് മൈതാനത്ത് ഇത്തിരിവട്ടം സ്ഥലമൊരുക്കി അന്നത്തിന് വകകണ്ടെത്തുന്ന നാടോടി പെങ്കിടാവിനെ കണ്ടവരുണ്ടോ… ഒരു നാണയം ഇവൾക്കായ് പാത്രത്തിൽ ഇട്ട് കൊടുത്തവരുണ്ടോ?
ആകാശത്താരോ –
കെട്ടിയ ഞാണിൽ .
ആരോ തട്ടും
താളത്തിൽ .
ആർക്കൊക്കയോ –
അഷ്ടിക്കായ്.
അടി തെറ്റാതെയ-
റ്റം തേടുന്നോളിവൾ.
അമ്പാരി കൊമ്പന്മാരെ
കാണുന്നില്ലിവ-
ളാലവട്ട പീലി –
കണ്ണു തേടുന്നില്ല.
ആൾപ്പൂരാവേശ-
ത്തിമർപ്പിന്നു കുളിരാം –
വെഞ്ചാമര വിസ് –
മയം കാണുന്നില്ല.
കമ്പ കെട്ടിൻ പ്രകംബ-
നത്തിലടി തെറ്റുന്നില്ലവൾക്ക്
കാതു കൊടുക്കില്ലവൾ
മേള പെരുക്കത്തിൽ .
കിലുണ്ടും ചില്ലറ
പാത്രത്തിലല്ലയോതാളം
തേടുന്നതവൾ…..