അമ്മയ്ക്കു ഞാനിന്നൊരുമ്മ തരാം
പത്തുമാസം ചുമന്നന്നെവളർത്തിയോരാ
പുന്നാരവയറിനിന്നൊരുമ്മ തരാം ചക്കര –
യുമ്മതരാം.ആയിരംവട്ടം ഞാൻ കുസൃതി
കാണിച്ചൊരമ്മതൻ വയറ്റിൽ ഞാനിന്നൊ-
രുമ്മ തരാം, ശുഷ്ക്കിച്ചു, മെല്ലിച്ചുപോയിതെ-
ങ്കിലുമെന്നെ പോറ്റിവളർത്തിയരുമയാം
അണിവയറല്ലയോ ? അമ്മയ്ക്കുഞാനി-
ന്നൊരുമ്മ തരാം ചക്കരയുമ്മതരാം

അമ്മയ്ക്കു ഞാനിനൊരുമ്മ നൽകാം
കൊതിക്കുമ്പോഴെല്ലാം മൊത്തിക്കുടിച്ചൊ-
രമ്മിഞ്ഞയ്‌ക്കിന്നൊരുമ്മ നൽകാം
കുഞ്ഞരിപ്പല്ലിനാൽ കിള്ളിനോവിച്ചു ഞാൻ
എത്രയോവട്ടം തത്തിക്കളിച്ചതിൽ മുത്തമിട്ടു
ഇന്നു ഞാൻ നൽകിടാം ചുക്കിച്ചുളുങ്ങി,
വറ്റിവരണ്ടുപോയൊരമ്മിഞ്ഞയിൽ
ഒരുമുത്തമെൻ കണ്ണീരിൽ കുതിർന്ന മുത്തം.

അമ്മയ്ക്കു ഞാനിന്നൊരുമ്മ തരാം
കുഞ്ഞിളംകൈകളെ കൈയിൽപ്പിടിച്ചു
പിച്ചനടത്തിയ, താരാട്ടുപാട്ടുകൾ പാടി
വാവാവാവോയെന്നോതിയുറക്കിയ
കൈകൾക്കു ഞാനിന്നൊരുമ്മ തരാം
ശോഷിച്ചുപോയൊരാ കൈകൾക്കു
ഞാനിന്നൊരുമ്മ തരാം പൊന്നമ്മതൻ
കൈയുകൾക്കിന്നൊരു പൊന്നുമ്മ തരാം.

അമ്മേ അമ്മയ്ക്കു ഞാനൊരുമ്മ തരാം
എന്നെയാക്കാലുകളിൽക്കിടത്തിയെൻ
വായിലേക്കമ്മ നൽകിയില്ലേ കുറുക്കെനിക്ക്
എത്രയോ നാളുകളാക്കാലുകളിൽ കിടത്തി
താരാട്ടു പാടിയുറക്കിയില്ലേ എന്നെയമ്മ
കെട്ടിപ്പിടിച്ചു ഞാനൊരുമ്മ നൽകാം
തേമ്പിയുണങ്ങിയ കാലുകൾക്കിന്നൊരുമ്മ
നൽകാമെന്നുള്ളംകുതിർത്തൊരുമ്മ.

അമ്മേ അമ്മയ്ക്കു ഞാനൊരുമ്മ തരാം
കൈ വളർന്നോ കാൽ വളർന്നോ എന്നു
നോക്കിവളർത്തിയ കണ്ണുകൾക്കിന്നൊ-
രുമ്മ തരാം സ്നേഹമായെന്നും ദർശിച്ചൊരാ
കണ്ണുകൾക്കിന്നും കാഴ്ച നശിച്ചാലും
എന്നെമാത്രമെപ്പോഴും കാണുന്ന കണ്ണുകൾ-
ക്കിന്നൊരുമ്മ തരാം പൊന്നുമ്മ തരാം.

അമ്മേ അമ്മയ്ക്കു ഞാനൊരുമ്മ തരാം
മധുവൂറുംമുത്തങ്ങളെത്രയോ നൽകി-
യെന്നെ കൊഞ്ചിച്ചുകൊഞ്ചിച്ചതോർ-
ത്തിടുമ്പോൾ, ഞാനിന്നുൾപ്പുളകത്തിൽ
അമ്മക്കിന്നൊരുമ്മ തരാം, വരണ്ടുണങ്ങി,
വറ്റിയൊരാധരങ്ങളിലൊരുമ്മതരാം
മധുരമായിന്നൊരു പഞ്ചാരയുമ്മ തരാം.

അമ്മയ്ക്കു ഞാനിന്നൊരുമ്മ നൽകാം
ചേർത്തുചേർത്തുവച്ചോമനിച്ചൊരാ
പൂങ്കവിൾത്തടത്തിലെന്നെയെത്രവട്ടം
എന്നെ കൊതിപ്പിച്ചുമ്മകൾ തന്നതല്ലേ
അമ്മക്കിന്നു ഞാനൊരുമ്മ തരാം
ചുളിവുകൾവീണൊരാ കപോലങ്ങളിൽ
അധരങ്ങളമർത്തിയൊരുമ്മ നൽകാം.

അമ്മയ്ക്കു ഞാനിന്നൊരുമ്മ നൽകാം
പശിയാൽ ഞാൻ കരയുമ്പോഴെല്ലാം
കേട്ടോടിയെത്തി വാരിപ്പുണർന്നെനിക്ക്
അമ്മിഞ്ഞം നൽകിയോരമ്മതൻ
കാതിൽ കനിവാർന്നൊരുമ്മ തരാം
അമ്മയ്ക്കു ഞാനിന്നൊരുമ്മ നൽകാം

അമ്മേ, അമ്മയ്ക്കു ഞാനൊരുമ്മ തരാം
നൊന്തുനൊന്തെന്നെ പോറ്റിവളർത്തിയ
സ്നേഹസ്പർശത്തിൻദേവിയല്ലയോ?
മാതൃത്വം മഹത്ത്വമാണെന്നറിയുവാൻ
കഴിയാത്ത കാലത്തൊക്കത്തിരുത്തിയീ
ഭൂവിലെല്ലാം കാണിച്ചുതന്നതും, പിന്നെ
ആദ്യാക്ഷരത്തിൻ വിദ്യ പകർന്നതും
തെറ്റുകൾ ശരികളെന്തന്നന്നു പറഞ്ഞതും
അമ്മയല്ലേ അമ്മയ്ക്കു ഞാനൊരുമ്മ
തരാം അമ്മയ്ക്കു ഞാനൊരുമ്മ തരാം.

Muraly Raghavan

By ivayana