ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

വെൺ തങ്കത്താലമേന്തി നിൽക്കു-
മ്പോളിമ്പമാർന്ന കാഴ്ച പോലെ നൽകി –
യോരാ, അഞ്ചിതൾ പൂവേ മന്ദാരമേ
നീയെത്ര ധന്യ, നമിക്കട്ടെ നിന്നെ ഞാൻ

പുലരിയിനിയും പുലരാനുണ്ടാകിലും
പുലർമണ മെത്ര പരക്കുന്നുണ്ടല്ലോ
മഴ കഴിഞ്ഞു നീർ തുള്ളി മുത്തമിട്ട നൽ-
മന്ദാരയിലകളിൽ ഇറ്റിറ്റതുളളികൾ

ഹാ, എന്തു കാഴ്ചയാകും ബാലാർക്കൻതൻ
കിരണങ്ങളൊന്നുതൊട്ടുമുത്തംനൽകുമ്പോൾ
ഇറ്റുവീഴാതെ നീയവിടെ പിടിച്ചു നിൽക്കുവതു
സൂര്യാംശു ചുംബനമോഹത്താലാണല്ലോ

ഇറങ്കല്ലിൽ പടന്ന പച്ച പട്ടുമെത്തയിലെത്ര
കുഞ്ഞു പൂക്കൾ വിടർന്നു നിൽപ്പൂ
പച്ചയിലീ മയിൽ നീലപ്പൂക്കൾ കാൺകെ
മനമെത്ര ചിന്തിപ്പൂ ,നൽ മയിൽ പീലിക്കാഴ്ചയും

അങ്ങകലെയാകാശത്തിൽ കാൺമൂ
നൽ സൂര്യരശ്മികൾ ഒന്നിൽ നിന്നു പ-
ലതെന്ന പോലവെ, ആ കാഴ്ചയെന്നി
ലെ ചിന്ത പലവട്ടം കാവ്യാനുഭൂതി നൽകിയും

എന്നാലാർക്കു വർണ്ണിച്ചു തീർക്കാനാകും
പ്രഭാതക്കാഴ്ചതൻ ഭംഗി, വാക്കിലൊതു
ങ്ങുമോ, ദിവ്യ ക്കാഴ്ച നൽകുമീ ഭംഗി മന-
മതിൽ കണ്ടു കോൾമയിർ കൊള്ളട്ടെ ഞാനും

….പ്രകാശ് പോളശ്ശേരി.

By ivayana