രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

അവനൊരു
പൂമ്പാറ്റയെപ്പോലെ
നിഷ്ക്കളങ്കമായി ചിരിച്ചിരുന്നു ..
എന്നോ കുത്തുവിട്ടുപോയ
ബന്ധങ്ങളുടെ തിരുശേഷിപ്പുകളെഴുതിയ
അവ്യക്തമായ താളുകളെക്കുറിച്ചു
ഇടറാതെ ചിലമ്പാതെ പറഞ്ഞപ്പോൾ
അവനൊന്നു കരഞ്ഞെങ്കിലെന്നു
ഞാനാശിച്ചിരിന്നു….
അത്തിമരപ്പൊത്തിൽ കെട്ടിവെച്ച
കരളിന്റെ കഥപറഞ്ഞ
കാട്ടുകുരങ്ങിനെപ്പോലെ
കരളുചത്തുപോയവർ
അലിവിന്റെ പഴം കാട്ടി
ചാവുമണക്കുന്ന
ദുരിതക്കടലിടുക്കുകൾ
കുറുകെ നീന്തിച്ച
ചതിയുടെ പാട്ടുപാടിയപ്പോൾ
അവനൊന്നു വിതുമ്പിയെങ്കിലെന്നു
ഞാനാശിച്ചിരുന്നു ..
കുത്തിപ്പിടിച്ചുനിൽക്കുവാനൊരു
മുളന്തണ്ടിന്റെ താങ്ങില്ലാതെ
കഷ്ടകാലം കൂർപ്പിച്ച കല്ലുകൾ
കുത്തിനീറ്റുന്ന കഴലുമായ്
കെട്ടജന്മത്തിന്റെ കുരിശും ചുമന്ന്
സങ്കടമലയേറുമ്പോൾ
ഇറ്റുവീണ ചോരയുടെ
നോവോർമ്മയിൽ
അവനൊന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന്
ഞാനാശിച്ചിരുന്നു ..
ഇന്നലെ
അർബുദം വാശിതീർത്ത
ശുഷ്കിച്ചുകരിഞ്ഞഞരമ്പിലേക്ക്
ജീവന്റെ അമ്ലരേണുക്കൾ
പൊള്ളിപ്പിടഞ്ഞു കയറുമ്പോഴും
തീവ്രവേദനയിൽ
അവനൊന്നു പൊട്ടിത്തെറിച്ചെങ്കിലെന്ന്
ഞാനാശിച്ചിരുന്നു….
ഇന്ന്
നഷ്ടങ്ങൾകൂട്ടിവെച്ചചിതയിൽ
നോവുതിന്നു വെന്തുപോയവൻ
കത്തിപ്പടർന്നുതീരുമ്പോൾ
ഇന്നലെകളിലെ ഉഷ്ണതാപങ്ങളിൽ
എന്നിലൂറിയ കദനകന്മദങ്ങൾ
നിസ്സഹായനിസ്സംഗതയുടെ
തീവ്രശൈത്യത്തിൽ
ഹിമപാളികളായി
എന്നെ അടക്കം ചെയ്യുന്നു….

By ivayana