രചന : തോമസ് കാവാലം ✍

മുറ്റത്തുനിൽക്കുന്ന മുത്തശ്ശി പ്ലാവിനു
മൂപ്പ്വേറെയെങ്കിലു,മോർമ്മയുണ്ട്
പണ്ടുപണ്ടവൾ കണ്ടോരാദൃശ്യങ്ങൾ
കണ്ടു മടുക്കാത്ത വശ്യദൃശ്യം.

ഓരുന്നായോർമ്മകൾ ഓണത്തിൻ നാളുകൾ
ഒന്നാണു നമ്മളെന്നുള്ള വാക്യം
കള്ളം ചതികളു,മെള്ളോളമില്ലെന്ന
യുള്ളം ത്രസിക്കുന്ന,യാപ്തവാക്യം.

ഇമ്പമായ് പാടിയ പാട്ടിന്റെയീണത്തിൽ
തുമ്പയും തുമ്പിയും നൃത്തമാടി
തുമ്പം മറയ്ക്കുവാൻ അമ്പേ പണിപ്പെട്ടു
മുമ്പേയിറങ്ങുന്നു നാട്ടുകാരും.

ചമ്പാവരികൊണ്ടു വെച്ചു വിളമ്പുന്നു
തുമ്പപ്പൂ പോലുള്ള, നല്ലചോറ്
അമ്പിളി പോലെ മിന്നുന്നു പാത്രത്തിൽ
ചെമ്പിൽ പുഴുങ്ങിയ കുത്തരിയും.

പൂക്കളാലെങ്ങുമേ പൂക്കളമാക്കുന്നു
പൂരിതസുഗന്ധ പാരിജാതം
ഭൂമിതൻ മാറിനെ കോൾമയിർ കൊള്ളിച്ചു
നാമിന്നറിയും പോൽ പൂവിളിയാൽ.

വയലു കൊയ്തവർ തകിലുണർത്തുന്നു
കളപറിച്ചോർ ‘കിളി’കളിയും
മങ്കമാർ പന്തിയിൽ നൃത്തച്ചുവടതിൽ
സങ്കടമെല്ലാം മറന്നു പോയി.

ഓണപ്പാട്ടെങ്ങുമേ പാടി തിമിർക്കുന്നു
ഒരായിര,മംഗന നൃത്തത്താലേ
ഓലക്കുരുവിയു,മോലേഞ്ഞാലികളും
ഓമനമക്കളു,മൂഞ്ഞാലാടി.

ഓമനത്തിങ്കളും മേഘമാം തോണിയിൽ
ഓടുന്നൊരുമയി,ലുന്നതത്തിൽ
ചാടുഭൂമിയും ചന്തം വിതറുമ്പോൾ
നാടുതിളങ്ങുന്നു ചന്ദ്രികപോൽ

നാട്ടിലിന്നെത്തുവാൻ വെമ്പലില്ലാർക്കുമേ
നാട്ടിലുള്ളാളുകൾ നാടുവിട്ടു
നന്മതൻ നാടുകൾ തേടിപ്പോയുള്ളവർ
നാട്ടിലേക്കെന്തിനു വന്നിടാനാ?

തുമ്പികൾ പാറിപ്പറക്കുന്ന മാനത്ത്
തുമ്പിക്കൈ പോലത്തെ പുകച്ചുരുൾ
ചേമ്പിലമേലുള്ള തുള്ളികൾ പോലതാ
ചന്തം ചരിത്രവും മാഞ്ഞുപോയി.

മാവേലിത്തമ്പുരാനിന്നുവന്നീടുകിൽ
മാറത്തടിച്ചു കരഞ്ഞുപോകും
മാമല നാട്ടിലെ മാമലയെല്ലാമേ
കേവലം കുണ്ടും കുഴിയുമാകെ.

നല്ലയാനാളുകൾ നന്മവിതറിയ
നല്ല മനസ്സുകൾ മാഞ്ഞു പോയോ?
നീതിയും സത്യവും നല്ല നിയമവും
വീണ്ടുമീ ഭൂമിയിലെന്നുവരും?

മുത്തശ്ശിപ്ലാവിന്റെ കടയ്ക്കൽ വെട്ടുവാൻ
മൂപ്പന്മാർ മാനുഷർ മുന്നിലെത്തി
മൂവന്തി നേരത്ത് യൂദാസ്സിനെപ്പോലെ
മുപ്പതു കാശുമായൊറ്റുന്നവൻ.

തോമസ് കാവാലം

By ivayana