രചന : ബാബുഡാനിയല്✍

അത്തമുദിച്ചില്ല ചിത്തിരവന്നില്ല
പൂത്തുമ്പി പാറിപ്പറന്നുമില്ല
പത്തുവെളുപ്പിന് പൂക്കൂടയേന്തി
പൂക്കളിറുക്കുവാന്‍ പോയതില്ല

പൂത്തുമ്പിവന്നില്ല ഊഞ്ഞാലുമിട്ടില്ല
ആര്‍പ്പു വിളിക്കുവാന്‍ കൂട്ടരില്ല
കൈകൊട്ടിപ്പാട്ടില്ല തുമ്പിയും തുള്ളില്ല
പൂത്തിരുവാതിരപാട്ടുമില്ല;

ചിത്തം കറുത്തുപോയെങ്കിലുമോമലേ.
കത്തുന്നരോര്‍മ്മകള്‍ ബാക്കിയില്ലേ.
ഇന്നുനാം കാണും കനവുകളൊക്കെയു-
മന്നത്തെ സ്വപ്നത്തിന്‍ ബാക്കിയല്ലേ.?

തുമ്പപ്പു,മുക്കുറ്റി,കാക്കപ്പൂതേടി നാം
പാടവരമ്പത്തലഞ്ഞകാലം
പൂക്കളിറുത്തിട്ട് പൂന്തേന്‍ നുകര്‍ന്നതി-
ന്നോര്‍ത്തോര്‍ത്ത് കോളാമ്പിപ്പൂ ചിരിക്കും

നേര്‍ത്ത നിലാവുള്ളരാത്രിയിലന്നു നാം,
ചില്ലാട്ടമാടിയതോര്‍മ്മയില്ലേ.?
ഒന്നായലിഞ്ഞു നാം ഊയലാടുംനേരം
നാണിച്ചു തിങ്കള്‍ മുഖംമറച്ചു,

പപ്പടം, പായസം, ഉപ്പേരികൂട്ടിനാം
പാട്ടുകള്‍ പാടിയും സദ്യയൊരുക്കിയും
പട്ടിണിക്കാലം മറന്നിരുന്നു പിന്നെയും
ഓണമെത്താനായി കാത്തിരുന്നു

ഓര്‍മ്മകള്‍ ഓടിയണയുമീരാവില്‍
ഓണനിലാവിന്‍ പൊന്‍തിളക്കം
ഓര്‍മ്മകളാര്‍പ്പുവിളിക്കുന്നനേരം
ഓര്‍മ്മകളോണമായ് മാറിയുള്ളില്‍

By ivayana