രചന : കൃഷ്ണമോഹൻ കെ പി ✍

സാലഭഞ്ജികൾ കൈകൂപ്പിനില്ക്കും
ശ്രീലകം തന്നുടെ വാതില്ക്കലായ്
സാമഗാനത്തിൻ്റെ രാഗങ്ങളുൾക്കൊണ്ടു
സായൂജ്യം നേടാൻ തപസ്സു നില്പൂ
സാവധാനം കൂപ്പും മൽക്കരദ്വന്തത്തിൽ
സാരങ്ങളൊന്നുമതില്ലെങ്കിലും
സ്വാമിയും ഞാനുമാ പത്തു വിരലിലായ്
സായൂജ്യമെന്നതറിഞ്ഞിടുന്നൂ
സാരസ്വതാമൃതം തൂകും സരസ്വതി
സാരള്യമോടെ ചിരിച്ചു നില്ക്കേ
സൗവർണ്ണ സങ്കല്പമേറ്റിയ ഭൂമി തൻ
സീമ്നി വന്നെത്തിയ ജന്മത്തിനെ
സംഗീതമെന്നുള്ള വാഹിനി തന്നിലെ
സന്തോഷ രാഗമായ് മാറ്റിനിർത്താൻ
സത്യമെന്നുള്ളിലെ ആശയതെങ്കിലും
സന്ദർഭമൊത്തു വരുന്നുമില്ലാ
സപ്തസ്വരങ്ങളും, സപ്തവർണ്ണങ്ങളും
സങ്കേതമാക്കിയ മന്മനസ്സിൽ
സങ്കടത്തിൻ്റെ നുരയും പതയുമായ്
സാഗരം മെല്ലെ തിരയുയർത്തീ
സാദ്ധ്യമതാക്കുവാൻ സൗഖ്യമെന്നുള്ളൊരു
സാമാന്യബുദ്ധിയെ കൈക്കൊണ്ടതിൻ
സത്യത്തെയുൾക്കൊണ്ടു മുന്നോട്ടു നീങ്ങുമ്പോൾ
സംഗീതം മൂളീ പ്രകൃതീശ്വരീ✍️

കൃഷ്ണമോഹൻ കെ പി

By ivayana