രചന : തോമസ് കാവാലം✍

കാലവും കോവിലിൽ പൂജിയ്ക്കും പുണ്യമേ
കരളിലുള്ള നീ ക്രാന്ത ദർശി !
ദൈവിക ശോഭയിലായിരം ദീപമായ്
ദ്യോവായ് തെളിഞ്ഞു വഴികാട്ടുക.


പാരിലീ പാവങ്ങൾ പാരമാം ശോഭയിൽ
മേളിക്കുന്നിന്നുമേ നിൻ കൃപയാൽ
നാകത്തേയ്ക്കെന്നുനീ പോയ് മറഞ്ഞീടിലും
മോകമായ് മന്നിൽ നിറഞ്ഞു നിൽക്കും.


മാനത്തു മത്താപ്പൂ കത്തുന്നപോലുള്ള
സൂനങ്ങൾ വല്ലിയിൽ നിന്റ ദാനം
കാനനച്ചോലകൾ കാൽച്ചിലമ്പാട്ടുന്ന
കാഴ്ചയും നീ തന്നു നിൻ ദീപ്തിയിൽ.


കാലത്തു വാതുക്കലെത്തുന്ന വേധസ്സിൻ
കാലൊച്ചയല്ലെയോ നിന്റെ രവം
മാനത്തുദിക്കുന്ന മായാ വിളക്കുപോൽ
മനസ്സിലുദിച്ച താരകം നീ.


താണവർ പാമരർ നിൻകാൽ തൊഴുതിട്ട്
താണുവണങ്ങുന്നു പാരിലാകെ
കേണവർ നിന്നുടെ കരുണക്കൈകളെ
കാത്തിരിക്കുന്നല്ലോ കാലങ്ങളായ്.


വീണകൾ മീട്ടുന്ന മഞ്ജീരധ്വനിയിൽ
വീണു ലയിക്കുന്ന രാഗം പോലെ
വീടുകൾ നാടുകൾ വിജ്ഞാനതൃഷ്ണയാൽ
വിണ്ണിൻസമാനം നീ തീർത്തീടുന്നു..


വേദങ്ങൾ നൽകുന്ന വാനിന്റെ നന്മയെ
വാരിയണിയിച്ച വാത്മീകി നീ
ഹൃത്തിലെയാർദ്രത സദ്ഭാവനയാലേ
ഹരിഹിതമായ് നീ മാറ്റിയില്ലേ?


മണ്ണിതിൽ വന്നല്ലോ ദൈവത്തിൻ ചിന്തകൾ
മാനവഹൃത്തിൽ നീ വെച്ചു പോകൂ
ഇത്രമേൽചിന്തയ്ക്കു,മിത്രമേൽ ശ്രദ്ധയ്ക്കും
പാത്രമായ് തീർന്ന ഞാൻ ഭാഗ്യവാനാം.


ഇത്രനാൾ ഞങ്ങൾക്ക് പാതകൾ കാട്ടുവാൻ
നേത്രംതുറപ്പിച്ച യോഗിനീയേ
രാവെത്തുവോളവും മേളിക്കും ഞങ്ങൾക്ക്
രവിയോള,മൊളി തന്നുനിത്യം.


നീദ്രയിലാണ്ടീടും ഞങ്ങൾക്ക് ഭദ്രമാം
ചിദ്രൂപം കാട്ടുന്ന ജ്ഞാനി നീയേ
കാഴ്ചകൾ മങ്ങിയ കണ്ണു തുറപ്പിച്ചു
വീഴ്ചയും താഴ്ചയും കണ്ടു പോകാൻ.


ദക്ഷിണയിത്രയും കേമമായെന്തുള്ളൂ
വീക്ഷണം തന്നിലെ മാറ്റമല്ലോ
അര്‍ഘ്യമായ് ഞങ്ങൾക്കുനൽകുവാനെന്തുള്ളൂ
ദുർഘടമാനസ ബാഷ്പമല്ലോ.


നീ വാരിത്തൂകിയ ജ്ഞാനത്തിൻ മുത്തുകൾ
നിഹാരം പോലെന്നെ പുൽകീടട്ടെ!
നീ തന്ന ശുഭ്രമാം ശാന്തിതൻ സന്ദേശം
നന്മമരമായ് വളർന്നീടട്ടെ.!

തോമസ് കാവാലം

By ivayana