രചന : ഉണ്ണി കെ ടി ✍

കൃഷ്ണാ ഹരേ മുരാരേ മുരളീധരാ
മൂകമുരുവിടുന്നെൻ മനം ഭഗവാനേ
നിൻ തിരുനാമാർച്ചനയെന്നുമേറും
ദുരിതംകളഞ്ഞങ്ങനുഗ്രഹിക്കണേ
നാരായണാ ഹരേ…!
യാദവകുലോത്തമാ യാതനകൾ
തീർത്തനുഗ്രഹിക്കണേ യാതൊരു നാളും
സ്മൃതിയിൽനിറയും നിൻ രൂപവും
രാഗദ്വേഷങ്ങളെജ്ജയിക്കും
താവകനാമങ്ങളുമകതാരിൽ മായാതെ
കാക്കണേയീയവനിയിലടിയന്റെ
ചേതനയാറാതെ നില്ക്കുവോളം….!
ആശ്രിതവാത്സല്യപ്പുകളെഴും
കാരുണ്യസാഗരത്തിലെയടങ്ങാത്തിരമാലകളെ
ത്തഴുകിയെത്തുമിളങ്കാറ്റിലെക്കുളിരോലും
മാലേയസുഗന്ധമെന്നുമേയെൻ ജീവനിൽത്തപിക്കും
നോവാറ്റട്ടേ നീളേ ജപിക്കുവാൻ
നിന്റെ നാമാവലികളെന്നും തോന്നുമാറാകേണം
നാരായണാ ഹരേ…
നാളികലോചനാ, നാളുതോറുമേറും
ഭ്രമമീ ജീവനിൽ നാരായവേരറ്റോരെൻ
നാണമെന്നും തേടുമുപജീവനമതിലളവിലേറും
ദുരപെരുകാതെ കാക്കണേ കാരുണ്യരൂപാ
ഹരി നാരായണാ ഹരേ…!
സായൂജ്യദർശനം തേടുന്നെൻ
ചേതനയെന്നും സർവ്വസ്വസാരമേ
സങ്കടമോചനാ സങ്കോചം വെടിഞ്ഞനുഗ്രഹിക്കണേ
ഗുരുപവനപുരാധിപ സമസ്താപരാധം ചൊല്ലുന്നു ചിത്തം.
ചൈതന്യമീരേഴുലകിനും ചാർത്തുന്ന ദേവാ,
ചോരാത്ത ഭക്തിയേകീടുനീയിവനെന്നുമീ
യുഗവൈതരണി താണ്ടട്ടെ ഞാൻ പ്രഭോ…!!!

ഉണ്ണി കെ ടി

By ivayana