ജീവിതം, അനന്തമായൊരു
താഴ്വരപോലെയാണ്
ജീവിതം മറന്നവർ അവിടെ
ശവക്കുഴി തോണ്ടുന്നു,
വിലാപങ്ങളുടെ
കണക്കുപുസ്‌തകം
അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു,
ജീവിതം സ്വപ്നമെന്ന്
ലിഖിതങ്ങൾ അടയാളമേകുന്നു,
ചീവീടുകൾ പിറുപിറുക്കുന്നു,
ആത്മാക്കൾ മരണത്തെ
കാംക്ഷിക്കുന്ന
ദയനീയമായവസ്ഥ,
പൂർണ്ണമായ ആനന്ദം
ആരുടെ സ്വാതന്ത്ര്യമാണ്,
മനുഷ്യജന്മം വെളിച്ചം
പകരാനുള്ളവയാണ്
യാഥാർഥ്യമാണ്, അർത്ഥ-
സമ്പുഷ്ടമാണ്.
ജീവിതമാകുന്ന യുദ്ധ
ഭൂമിയിൽ
വിജയത്തിന്റെ തലങ്ങൾ
കാണാതെ, താവളങ്ങളിൽ
അഭയം തേടുന്നൊരുകൂട്ടർ,
പ്രജ്ഞ നശിച്ചുപോയ
സമൂഹത്തിന്റെ അടയാളം
താഴ്വരയിൽ കണ്ടെത്താം,
വ്യക്തിമുദ്രപതിപ്പിച്ചവർ
പുതു ജീവിതങ്ങൾക്ക് മാതൃക-
യേകുന്നു, ഓരോ ജീവിതവും
ചില ഓർമപ്പെടുത്തലുമാകുന്നു,
നാമാരെന്ന് സ്വയം സാക്ഷ്യപ്പെടുത്തുക,
കാലമാകുന്ന കടൽത്തീരത്തിലെ
കാല്പാടുകളാകാതിരിക്കുക.
ഭാവിയെക്കുറിച്ചുള്ള കയ്‌പേറിയ
ചിന്തകൾകൊണ്ട് മനസ്സിനെ
തളർത്തുന്നവർ ഭൂരിപക്ഷവും,
കാലത്തിന്റെ പടവുകൾ
നീളമേറിയവയാണ്,
ധീരതയോടെ കയറുക,
ക്ഷണികമായ സമയത്തിനുള്ളിൽ
ദീർഘമായ ചിന്തകൾക്കു
സ്ഥാനം നൽകുക,
താഴ്വരയുടെ നിശബ്ദത
ശുഭസൂചകമല്ല,
ഓര്മപ്പെടുത്തലാണ്,
ശവക്കുഴിയിൽക്കിടക്കുന്നവർ
നൽകുന്ന ജാഗ്രതയാണ്,
മരണപ്പെട്ടവന്റെ കുമ്പസാരം
കേൾക്കാൻ ആരുമുണ്ടാകില്ല,
ജീവൻപൊലിഞ്ഞവർ
അവിടെ തേങ്ങുന്നു,
നിശബ്ദമായ തേങ്ങൽ.

By ivayana