നഗരത്തിൽ കച്ചവടം നടത്തുന്ന കൃഷ്ണദാസിന്റെ ആത്മാവ് എങ്ങോട്ടോ കടന്നുപോയി…… !.പുറപ്പെട്ടുപോയി എന്നുപറയുകയാവും നന്ന്. കൃഷ്ണദാസിന്റെ അന്വേഷണം വരെ വഴിമുട്ടിനിൽക്കുകയാണ്.

എവിടെ പോയി അന്വേഷിക്കാൻ… !!!പരിചയമുള്ള സ്ഥലങ്ങളില്ലെല്ലാം കൃഷ്ണദാസ് തന്നെ ചെന്നന്വേഷിച്ചു. എവിടെയുമില്ല. ഇതൊരു തൊന്തരവായല്ലോ, എന്നു കൃഷ്ണദാസിന് തോന്നി.
കൃഷ്ണദാസിനെ നിങ്ങളറിയില്ലേ !അറിയും. അദ്ദേഹം ആരും അറിയപ്പെടാത്ത ഒരെഴുത്തുകാരനാണ്.
അദേഹത്തിന്റെ ആത്മാവിനെ ആരും അറിയില്ലെന്നുപറഞ്ഞാൽ അതു ശരിയാണ്. പക്ഷേ, കൃഷ്ണദാസിനെ പോലെ തന്നെയായിരുന്നു അയാളുടെ ആത്മാവും.
കൃഷ്ണദാസിനും ആത്മാവിനും ഇഷ്ടങ്ങളെല്ലാം ഒന്നായിരുന്നു. എന്തെങ്കിലും കാരണത്താൽ ഇഷ്ടപെട്ടതിനെ തള്ളിക്കളയാൻ കൃഷ്ണദാസ് ആവശ്യപ്പെട്ടാൽ ഉടനടി ആത്മാവതനുസരിക്കും. പക്ഷേ….., കഴിഞ്ഞ ദിവസം അവർ തമ്മിൽ തെറ്റി…. !അത് വെറുമൊരു നിസാരകാര്യത്തിനായിരുന്നു.
പക്ഷേ, അയാളുടെ ആത്മാവിനതു നിസാരകാര്യമല്ലായിരുന്നു.
കൃഷ്ണദാസിനും അതൊരു നിസാരകാര്യമേ അല്ലായിരുന്നു എന്നും വ്യക്തമാണ്.

അതെങ്ങനെയാണ് വ്യക്തമായതെന്നല്ലേ..?
അദ്ദേഹത്തെ അറിയുന്നവർക്ക് ഒറ്റനോട്ടത്തിൽ തന്നെ അതറിയുവാനും കഴിയുമായിരുന്നു. അറിവ് എന്നത്, കണ്ണുകൊണ്ടു നോക്കുമ്പോൾ കാണുന്ന അറിവല്ല.
അങ്ങനെയുള്ളവർ ഒന്നോ രണ്ടോ എന്നതും സത്യമാണ്. എന്തോ തീവ്രമായ ദുഃഖം ആ മനസിനെ അലട്ടിയിരുന്നു.
കൃഷ്ണദാസ് തന്നെ പറയുമായിരുന്നു, എന്നും നോവാൻ മാത്രം വിധിക്കപ്പെട്ടതാണ് തന്റെ ആത്മാവും മനസ്സുമെന്ന്.. !
അതറിയാവുന്ന ആത്മാവ് അയാളെ തനിച്ചാക്കി പോകുമെന്ന് എങ്ങനെ കരുതാനാകും… !!!
കൃഷ്ണദാസിന്റെ ആത്മാവിനെ അന്വേഷിക്കാനായി അയാൾ തന്റെ വിശ്വസ്ത സുഹൃത്തും ഉപദേഷ്ടാവും ആചാര്യനുമായ ഭക്താനന്ദയെ ഏല്പിച്ചു.
ഭക്താനന്ദൻ കയറിവരുമ്പോൾ കൃഷ്ണദാസ് ആകെ വിളറി വെളുത്തു തന്റെ സപ്രമഞ്ചൽ കട്ടിലിൽ കിടക്കുന്നു.
പ്രാഥമികാന്വേഷണത്തിൽ, ഒരുകാര്യം തെളിഞ്ഞു. കൃഷ്ണദാസിനും അയാളുടെ ആത്മാവിനും വളരെയേറെ ഇഷ്ടപ്പെട്ട ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ പെൺകുട്ടിയെ ഇഷ്ടമല്ലെന്നുഭാവിക്കാൻ അയാൾ ആത്മാവിനോടാവശ്യപ്പെട്ടുവത്രെ..!!

ആത്മാവ് അതൊരിക്കലും സാധ്യമാവില്ലെന്നും പറഞ്ഞുവത്രേ.. !!
അങ്ങനെ, ആദ്യമായും, അവസാനമെന്നും പറയാം, അയാൾ തന്റെ സ്വന്തം ആത്മാവുമായി തെറ്റി. കൃഷ്ണദാസിന് ആ ആത്മാവുമില്ലാതെ ജീവിക്കാനാവില്ലെന്ന്, ആ, ആത്മാവിനുമറിയാം.
ഭക്താനന്ദൻ കൃഷ്ണദാസിനെ സാന്ത്വനിപ്പിച്ചു. ഇറങ്ങി നടന്നു.
നഗരത്തിന്റെ തിരക്കേറിയ ഭാഗത്തെ രണ്ടാമത്തെ നിലയിലുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ ആരുടെയൊക്കെയോ കൂട്ടച്ചിരി മുഴങ്ങുന്നു.
കൃഷ്ണദാസിന്റെ ആത്മാവ് അതുകണ്ടു വിറങ്ങലിച്ചു നിന്നു.


‘ മഹാപാപികളേ, കൃഷ്ണദാസിനെ വേദനിപ്പിച്ച നിങ്ങൾക്ക് മുക്തിയും മോക്ഷവും ലഭിക്കാതെ പോട്ടെ ‘. !

ആത്മാവിന്റെ ശാപം കേട്ട് ഈശ്വരൻ ഞെട്ടിവിറച്ചു. ധ്യാനത്തിലിരുന്ന ഭക്തനന്ദൻ ആ ശാപവചസുകൾ കേട്ടു. തരിച്ചിരുന്നു.. !മൃതപ്രായമായിക്കിടന്ന കൃഷ്ണദാസിന് ആ ശാപം മനസ്സിന് ഏറെ നീറ്റലുണ്ടാക്കി. ശപിക്കണമെന്നല്ല, ഒന്നു ദേഷ്യപ്പെടണമെന്നുപോലും കൃഷ്ണദാസ് വിചാരിച്ചിട്ടേ ഇല്ലായിരുന്നു. ഇഷ്ടപെട്ടതിനെ കൂടുതൽ ഇഷ്ടപ്പെടാനല്ലാതെ വെറുക്കാൻ കൃഷ്ണദാസിന് ഒരിക്കലും ആവുമായിരുന്നില്ല. എന്നും എപ്പോഴും.

എന്തേ ആത്മാവിനതു മനസിലാവാതെ പോയി.

ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫീസിലെ അധികാരി തോമസ് ഒരച്ചായനാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണം. ചെറിയ കുമ്പയും ക്‌ളീൻ ഷേവും വീതികൂടിയ നെറ്റിയിലെ വെളുത്ത മുഴയും അയാൾ ഒരു ബ്രാഹ്മണാനല്ലെന്നാരാ പറയുക.. ! വർക്ക്‌ ചെയ്യുന്നവർ എത്രപേരുണ്ടെന്നറിയില്ല. പക്ഷേ, കൃഷ്ണദാസിനെയും അയാളുടെ ആത്മാവിനെയും തെറ്റിച്ച പെൺകുട്ടി അവിടെയാണ് ജോലിചെയ്യുന്നതെന്നറിയാം.
ഭക്താനന്ദൻ അങ്ങോട്ടേക്ക് കയറിച്ചെല്ലുമ്പോൾ ബ്രാഹ്മണനായ അച്ചായൻ എവിടെയോ കേൾക്കുന്ന സംഗീതത്തിന് തലകൊണ്ട് താളമിടുകയായിരുന്നു. അതോ, കണക്കെന്ന മായികലോകത്തിലെ സംഗീതത്തിന് പുതിയ രാഗങ്ങൾ തേടുകയോ.. !
‘ആരാണ് ? ‘
യാതൊരു വികാരവുമില്ലാത്ത ആ സ്വരം അച്ചായന്റെ നാവില്നിന്നുതന്നെയാകും വീണതെന്ന് ഭക്താനന്ദൻ തീർച്ചയാക്കി.

‘ഞാൻ ഭക്താനന്ദൻ. ‘
അയാൾ ഒരു കസേരയിൽ അച്ചായന്റെ മുമ്പിൽ ഇരുന്നു. തോമസ് തലകൊണ്ട് താളമിടുകയും മനസ്സിൽ കണക്കുകളുടെ പുതിയരാഗങ്ങൾ രചിക്കുകയും ചെയ്തുകൊണ്ട്, മുന്നിൽ നിവർത്തിവച്ചിരിക്കുന്ന തടിച്ച കണക്കുബുക്കിൽ നോക്കി തലകുമ്പിട്ടിരുന്നു.
എങ്ങനെ തുടങ്ങണമെന്നും എന്തുപറയണമെന്നുമറിയാതെ ഭക്താനന്ദൻ ഒട്ടുനേരം ഒന്നും മിണ്ടാതിരുന്നു. ഒരാത്മാവിനെയന്വേഷിച്ചു വന്നുവെന്നു പറഞ്ഞാൽ തോമസ് തന്നെ ഒരു ഭ്രാന്തനാക്കാനും മടിച്ചുവെന്നുവരില്ല. എങ്കിലും ആ ആത്മാവ് ഇവിടെയുണ്ടാവുമെന്ന് ഭക്തനന്ദനറിയാം. അയാൾ വെറുതെയെന്നവണ്ണം ആ മുറിയിലൊന്നു കണ്ണോടിച്ചു. ആ മുറിയിലൊന്നും കൃഷ്ണദാസിന്റെ ആത്മാവിനെ കാണാൻ കഴിഞ്ഞില്ല. കണക്കുകളുടെ ലോകത്തിരിക്കുന്ന അയാളുടെ സഹായികൾ, പെണ്ണുങ്ങളായ ഓരോരുത്തരെയായി ഭക്താനന്ദൻ നോക്കി. കൃഷ്ണദാസിനെയും ആത്മാവിനെയും തെറ്റിച്ച പെൺകുട്ടി ഏതാണെന്നറിയാതെ അയാളൊന്നു കുഴങ്ങി.
മെലിഞ്ഞു കൊലുന്നനെയുള്ള ആ പെണ്കുട്ടിയാണോ.. ! അവാൻ തരമില്ല. അതൊരു സ്ത്രീയാണെന്നല്ലേ കൃഷ്ണദാസ് പറഞ്ഞത്. !
അപ്പോൾ എല്ലാ പെണ്ണുങ്ങളും സ്ത്രീയല്ലേ, എന്നൊരു ചോദ്യമുണ്ട്. അയാൾ പറഞ്ഞത് ശരിയാണ്. ഇപ്പോൾ എല്ലാ പെണ്ണുങ്ങളും സ്ത്രീയല്ല.
സ്ത്രീയെന്ന വാക്കിനർത്ഥം സ ത ര. സത്വഗുണവും തമോഗുണവും രജോഗുണവും ഒന്നിച്ചു ചേരണം. സത്വഗുണം, സത്വംശത്തെ സൂചിപ്പിക്കുന്നു.
തമോഗുണം, ലജ്ജ, വിനയം, ആത്മാഭിമാനം, എന്നിവയെയും
രജോഗുണം ത്യാഗം, ഉന്നത മനസ്കത, എന്നിവയെയും സൂചിപ്പിക്കുന്നു.
. അയാൾ എന്റെ ഉത്തമശിഷ്യൻ തന്നെ. ഭക്താനന്ദൻ തന്റെ മനസ്സിൽ അത് ഊന്നിപ്പറഞ്ഞു.
ആ സ്ത്രീ ഏതാണ്.. !!!!
ഭക്താനന്ദൻ ഒരുവട്ടവും കൂടി മുറിയാകെ കണ്ണോടിച്ചു. ആ കണ്ണുകൾ ചെന്ന് ഒരു മേശക്കുമുന്പിൽ തറഞ്ഞുനിന്നു. പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു.

അതുതന്നെയല്ലേ… !! ആ കുട്ടി.. !! അല്ല സ്ത്രീ.. !!!!!ഭക്താനന്ദൻ ഒരുവട്ടവും കൂടി കണ്ണുകൾ കൊണ്ടു ചെന്ന് ആ മേശക്കു മുമ്പിൽ നിറുത്തി.

അയാൾ അത്ഭുതപ്പെട്ടു.
കൃഷ്ണദാസ് നീയാണ് കലാകാരൻ
നീയാണ് സാഹിത്യകാരൻ.
നീയാണ് അറിവുള്ളവൻ……. നീയാണ്…
ഇനിയെന്തൊക്കെയാണ് പറയേണ്ടതെന്ന് ഭക്തനന്ദന്റെ മനസ്സിലില്ലായിരുന്നു. അതുകൊണ്ടുതന്നെ വിശേഷണങ്ങൾ അവിടെ നിറുത്തി.
തോമസ് തലയുയർത്തി നോക്കി.
‘ വന്നകാര്യം പറഞ്ഞില്ല. ‘
ഭക്താനന്ദൻ ഒരു ചെറുചിരിയുമായി ഒട്ടുനേരം നോക്കിയിരുന്നു. പിന്നെ പറഞ്ഞു.
‘ഞാനൊരു ആത്മാവിനെ അന്വേഷിച്ചു വന്നതാണ്. ‘
അയാൾ ഭക്തനന്ദനെ അടിമുടിയൊന്നുഴിഞ്ഞു. കുലുക്കുഴിയുന്ന ശബ്ദത്തിൽ ചിരിച്ചു. പരിഹസിക്കുന്നതുപോലെ പറഞ്ഞു.
‘ ഇതൊരു ആത്മാലയമല്ല. ഇതൊരു ഭ്രാന്താലയവുമല്ല. ‘
ചുറ്റുപാടുനിന്നും പല ചിരികൾ ഒരുമിക്കുന്നതറിഞ്ഞു.
‘ ഇതൊരു ശവപ്പറമ്പാണെന്നറിയാം. ‘
ഭക്തനന്ദന്റെ ആ മറുപടിയിൽ ചിരി നിന്നു. തോമസ്സിന്റെ മുഖം ഗൗരവതരമായി.
‘ അതുകൊണ്ടാണ് ആത്മാവിനെ തേടി ഇവിടെ വന്നത്. ‘
ഭക്താനന്ദൻ പറയാൻ തുടങ്ങിയിട്ടേയുള്ളുവെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.

‘ ഈ മുറിക്കുള്ളിൽ കുറേ സ്ത്രീത്വമില്ലാത്ത പെൺകുട്ടികളുടെ ആചാര്യനായി ഇരിക്കുമ്പോൾ താങ്കൾക്കിതേ പറയുവാൻ ഉണ്ടാവൂ. ‘

ഭക്താനന്ദൻ എഴുന്നേറ്റു. സ്ത്രീത്വമുള്ള ആ പെൺകുട്ടിക്കു മുൻപിൽ ചെന്നു നിന്നു. മുഖ- ത്തു പ്രസാദം വരുത്തി സൗമ്യമായി പറഞ്ഞു.
‘കുട്ടി ഭയക്കണ്ട. ഇവിടെ കുട്ടിക്കുമാത്രമേ സ്ത്രീത്വം ഉള്ളുവെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. കുട്ടിക്കറിയുമോ അയാളെ..?. അറിയാമെന്നാവും കുട്ടിയുടെ ധാരണ. എങ്കിൽ ഞാൻ പറയുന്നു, കുട്ടിക്കയാളെ അറിയില്ല. ‘
അവളുടെ കണ്ണുകൾ അയാളെ നോക്കുവാൻ മടിക്കുന്നത് കണ്ടു. അയാൾ കുറേക്കൂടി സൗമ്യമായി പറഞ്ഞു.
‘ആ കൃഷ്ണദാസിന്റെ ആത്മാവിനെയാണ് ഞാൻ തേടി വന്നിരിക്കുന്നത്. ‘

അവൾ പെട്ടെന്നു കണ്ണുകളുയർത്തി. ഭക്താനന്ദൻ തുടർന്നൂ….

‘ഭയക്കേണ്ട. അയാൾ മരണപെട്ടിട്ടൊന്നുമില്ല. അയാൾ ഇതിനായി ആത്മഹത്യ ചെയ്യുകയുമില്ല. പക്ഷേ മറ്റൊന്നു സംഭവിച്ചു. ‘

അവളുടെ മുഖം കൂടുതൽ ഗൗരവതരമായി. അതോടൊപ്പം തന്നെ ആ കണ്ണുകളിൽ നിന്ന് രണ്ടുതുള്ളി കണ്ണുനീരും അടർന്നുവീണു.
ഭക്താനന്ദൻ തുടർന്നു.
‘ ആ ആത്മാവിനെ തേടിയാണ് ഞാനിവിടെ വന്നത്. കൃഷ്ണദാസിന് നിന്നെ മറന്നെന്നു ഭവിക്കാനെങ്കിലുമായി. പക്ഷേ, ആ ആത്മാവിനതു സഹിക്കാനായില്ല. അവർ തമ്മിൽ തെറ്റി. ആത്മാവ് ഇവിടെ എവിടെയെങ്കിലും… ‘
അയാൾ വാക്കുകൾ മുഴുമിപ്പിക്കാതെ തിരിഞ്ഞു നടന്നു.
അയാൾ തന്റെ പർണശാലയിൽ ചെന്നുകയറുമ്പോൾ മനസ്സിനെ ഏകാഗ്രമാക്കുവാൻ നന്നേ പാടുപെട്ടു. കൃഷ്ണദാസിന് താൻ കൊടുത്തവാക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു കുണ്ഠിതപ്പെട്ടു. ആ പെൺകുട്ടിയുടെ മനസ്സിനെ ഒരിക്കലും വേദനിപ്പിക്കരുതെന്നു അയാൾ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും……

കൃഷ്ണദാസ് തന്റെ ആത്മാവിനെ കാണാതെ ഞെരിപിരികൊണ്ടു. ഭക്താനന്ദൻ തന്റെ ആത്മാവിനെയും കൊണ്ടേ മടങ്ങിവരുകയുള്ളുവെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.

ആത്മാവില്ലാതെ ജഡം ദിവസങ്ങളോളം ഇരുന്നിരുന്നതായി ശാസ്ത്രം അംഗീകരിച്ചതായി അയാൾ വായിച്ചിട്ടുണ്ട്. പക്ഷേ, തന്റെ ആത്മാവില്ലാതെ ഒരു ദിവസം പോലും കഴിയാനാവില്ലെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം തെറ്റിയത് അയാളറിഞ്ഞു. അത് സത്യവുമായി.

ഗേറ്റുകടന്നു ഭക്താനന്ദൻ വരുന്നുണ്ട്. മുഖം നിര്ജീവമാണ്. അയാളുടെ ശരീരം മുഴുവനും അങ്ങനെതന്നെ എന്നു തോന്നി. അയാൾ നടന്നുവന്ന് കൃഷ്ണദാസിനടുത്ത്‌ മൗനിയായിരുന്നു. ആ മൗനം ആത്മാവില്ലാത്ത തന്റെ ജഡത്തെ നശിപ്പിച്ചുകളയുമോ എന്ന് കൃഷ്ണദാസ് ഭയപ്പെട്ടു. അയാളിൽ നിന്നും ഒരു വിറങ്ങലിച്ച ശബ്ദം പുറത്തുവന്നു…..

” ഭക്തനന്ദാ എന്റെ ആത്മാവ്. “
**********0*********
ബിനു. ആർ.

By ivayana