പാപം ചെയ്തു കഴിഞ്ഞതിനു ശേഷവും
ദൈവമായി തുടരാമെന്ന
കീഴ്വഴക്കങ്ങൾ ഉണ്ടായിരുന്നു..

അതിന് എത്രയോ മുൻപ് തന്നെ
തുടർച്ചകളുടെ
പാരമ്പര്യവും….

അസ്വാഭാവികതയിൽ
കവിഞ്ഞു
മനുഷ്യന്
പാപം ചെയ്യുവാൻ
ദൈവത്തെ നില നിർത്തിയേക്കാമെന്ന്
ഒരു ഇളവ്
അനുവദിച്ചിരുന്നു.

സ്വർഗം എന്നത്
പാപത്തിനു ദൈവം
മൂല്യവർദ്ധിതമായി
കൂട്ടി ചേർക്കുന്ന
തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത
നിസ്സഹായതയുടെ
നാലാമത്തെ അവസ്ഥ.

ചിലരെങ്കിലും
അതിനെ ഒരു ആശംസയായി
കൈമാറി കണ്ടിട്ടുണ്ട്..

വിഷാദമരങ്ങളുടെ
ആപ്പിൾ ഇലകൾ
തെറ്റ് ചെയ്തുവെന്നുറപ്പ്
വരുത്താനുള്ള
ഓരോ ശ്രമങ്ങളെയും
അസാധുവാക്കി കളയും…

അത്തരം മരങ്ങൾ
ആകാശത്തിൽ നിന്നും
താഴേക്ക് വളർത്താമെന്നു
ഈയടുത്താണ്
ദൈവം
കണ്ടെത്തിയിരിക്കുന്നത്..

ഇനി മരണത്തിന്റെ
അസന്തുലിതമായ
വികാര വിക്ഷോപങ്ങളെ
ഇങ്ങെനെ
അടയാളപ്പെടുത്തിയിരിക്കുന്നു…

പുതിയ നിയമം രണ്ടാം ഭാഗം
ദൈവത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തലുകൾ എന്ന വിധം
വായിച്ചു തുടങ്ങാം..

മരണം
ദൈവീകമായ
ഒരേയൊരു തെ രെഞ്ഞെടുപ്പാണ്….

ദൈവം
പ്രത്യേക സാഹചര്യങ്ങളുടെ സമ്മർദ്ദവശാൽ
നിക്ഷ്പക്ഷത
കൈവെടിഞ്ഞു പോകുന്നത്
ആത്മഹത്യകൾ
അപകടങ്ങൾ….

ഞാൻ പാപം ചെയ്യുന്നില്ല.

എനിക്കിപ്പോഴും
തെരഞ്ഞെടുപ്പുകളുടെ
രാഷ്ട്രീയം
അരസികമായി തുടരുന്നു..

അസാധുവാക്കപ്പെട്ട
ഒരു ദൈവം
ഏത് സമയവും
എന്നെ
വിളിച്ചിറക്കി കൊണ്ടുപോകാം..

അതിനായി
എന്റെ ശരീരത്തെ
ഞാൻ പല തുണ്ടുകളാക്കുകയാണ്..

നെടുകെയുള്ളത്
മരണത്തിനു
കുറുകേയുള്ളത്
ദൈവത്തിനും….

By ivayana