‘ആരെടാ അത്..? ‘ വിപ്ലവഗാനത്തിന്റെ ഈരടികൾ കേട്ട് രോഷാകുലനായ രാഘവന്റെ ചോദ്യത്തിന്, ‘ഞാൻ വാർഡ് മെമ്പറാടാ.. നീയാരാ’ എന്ന മറുചോദ്യം. രാഘവൻ ഒരു നിമിഷം ചിന്തയിലാണ്ടു. പരിചിതമായ ശബ്ദം.

‘ഓഹ്.. ഇത് നമ്മുടെ വാർഡ് മെമ്പർ സതീശനാണല്ലോ’. താനാണല്ലോ അവനെ…. ‘നീയെന്നെ മറന്നോ സതീശാ.. ഞാനല്ലേ നിന്നെ തീർത്തത്.’ രോഷം തിളച്ചെങ്കിലും മെമ്പർ സതീശൻ സമചിത്തത വീണ്ടെടുത്തു. ‘അപ്പോൾ നീയെങ്ങിനെ ഇവിടെത്തി രാഘവാ..? ‘ ‘നിന്റെ ആൾക്കാർ തെണ്ടികൾ എന്റെ മക്കളുടെ മുന്നിൽവച്ചെന്നെ… പൊക്കും ഞാൻ എല്ലാവനേം ‘ ‘പിന്നേ.. നീ ഞൊട്ടും.. ഒന്ന് പോടാ..’ മെമ്പർ ചുണ്ട് കോട്ടി.

ശക്തമായ ഇടിയുടെ ശബ്ദം, ഒപ്പം കോരിച്ചൊരിയുന്ന മഴയും. ഭയന്ന് പോയി രാഘവൻ. അൽപനേരത്തെ മൗനത്തിനൊടുവിൽ.. ‘സതീശാ.. നനയുന്നെടാ.. ‘ ‘രാഘവാ, തല പൊത്തിപിടിച്ചോളു, പനി വരണ്ട. നിക്കിതൊക്കെ ശീലായി. ‘നിനക്കെന്നോട് ദേഷ്യംല്ലേ സതീശാ?’ ‘ഉണ്ടോന്നു ചോദിച്ചാൽ.. നമ്മൾ ഒരേ നാട്ടുകാരല്ലേടാ.. പോരെങ്കിൽ ഞാൻ മെമ്പറും.’ ‘ഈ സ്നേഹം നമുക്ക് ജീവിച്ചിരുന്നപ്പോൾ തോന്നിയില്ലല്ലോ സതീശാ’ സതീശൻ മൗനം ഭജിച്ചു. മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

രാഘവനെ കുറ്റബോധം വേട്ടയാടി. ‘പാവം സതീശൻ, കൊല്ലണ്ടായിരുന്നു. അതെങ്ങിനെ.. മുകളീന്നുള്ള കല്പനയല്ലായിരുന്നോ. അനുസരിക്കാതെ തരമില്ലല്ലോ.. ! സതീശന് പകരമായി ഒളിവിൽ കഴിഞ്ഞിരുന്ന തന്നെയവർ പോക്കുമ്പോൾ പറഞ്ഞതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു, ”നിന്റെ നേതാവ് തന്നെയാടാ നിന്നെ ഒറ്റിയത് ” കേട്ടത് വിശ്വസിക്കാനാവുംമുന്നേ കഴുത്തിലായിരുന്നു വെട്ട്. കള്ള കണ്ണീരോടെ ആയാൾ തന്റെ നെഞ്ചിലൊട്ടു റീത്ത് തള്ളികയറ്റുമ്പോൾ ഒറ്റ തൊഴി കൊടുക്കാനാണ് തോന്നിയത്. നന്ദിയില്ലാത്ത വർഗം.

രാഘവന്റെ ചിന്തകളെ ഭേദിച്ചുകൊണ്ടൊരു പെൺകുട്ടിയുടെ നിലവിളി ശബ്ദം. ഏങ്ങലിനിടയിൽ അവ്യക്തമായെന്തോക്കെയോ പറയുന്നുമുണ്ട്. ‘സതീശാ.. ഏതാ ആ പെൺകുട്ടി. അവളെന്തൊക്കെയാ പറയുന്നേ..? ‘ ‘അവളൊരു പീഡനത്തിന്റെ ഇരയാണ് രാഘവാ. അഞ്ചുപേർ ചേർന്ന് അവളെ…… അവന്മാരും അധികം വൈകാതെ ഇവിടെത്തി. ഈ കുട്ടിയെ കണ്ടതും അവളുടെ കാൽക്കൽ വീണു മാപ്പിരന്നു. തന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഓർത്തുള്ള വിലാപമാ പാവം.’ ‘സതീശാ.. കേട്ടിട്ട് സങ്കടം വരുന്നെടാ. നീയൊരു കൊട്ടേഷൻ താ.

ഞാനവന്മാരെ…. ‘ ‘എടാ മണ്ടനായ ഗുണ്ട രാഘവാ, നീയും ഞാനും അവന്മാരുമൊക്കെ ചത്തു. അവന്റെയൊരു കൊട്ടേഷൻ. കൊന്നു മതിയായില്ലേടാ നിനക്ക്. നിശ്ശബ്ദനായ രാഘവന്റെ മുഖഭാവം വ്യക്തമല്ല. “Yes your owner ” ‘സതീശാ, ആരോ ഇന്ഗ്ലീഷ് പറയുന്നെടാ’ ‘ഓഹ്.. അതോ. അത് ആ പെൺകുട്ടീടെ കേസ് ഏറ്റെടുത്തു, മറുഭാഗത്തൂന്നു ക്യാഷും പെണ്ണും കൈപറ്റി മാന്യമായി കോടതിയിൽ തോറ്റുകൊടുത്ത ചെറ്റ വക്കീൽ. നിരുപാധികം വിട്ടയച്ച പ്രതികളുമായി സൽക്കാരം കൈപ്പറ്റാൻ പോകുമ്പോൾ പാണ്ടിലോറി കയറി എല്ലാം ക്ലോസ്. രാഘവാ..

നീ വായടച്ചു മിണ്ടാതെ കിടന്നോ. രാവിലെ എഴുന്നേൽക്കണം. ന്റെ മോന്റെ ജന്മദിനമാ നാളെ.’ കുറ്റബോധം രാഘവനെ വല്ലാതെ തളർത്തി. താൻ കാരണം പാവം സതീശൻ.. ശ്മശാനത്തിലെ കാറ്റാടി മരങ്ങൾ ആടിയുലയുന്നു. മഴ ശമിക്കുകയാണ്. തന്റെ മരവിച്ച ശരീരത്തിൽ കെട്ടിപിടിച്ചു അലമുറയിടുന്ന ഭാര്യയേയും കുഞ്ഞുങ്ങളെയും ഓർത്തപ്പോൾ സതീശൻ. … അവരിനി എങ്ങിനെ ജീവിക്കും.മകന് പുത്തനുടുപ്പെടുത്തു കാണുമോ.

താൻ നാട്ടുകാരെ പറ്റിച്ചും വെട്ടിച്ചും കൊണ്ടുവരുന്നതുകൊണ്ട് വീട്ടിൽ കാര്യങ്ങൾ കുശാലായിരുന്നു. ഇനി….. അയാൾക്ക്‌ ഉറങ്ങാനായില്ല. രാഘവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ”മെമ്പറെ…” അതിരാവിലെ ഉറക്കം കളഞ്ഞതിന്റെ നീരസമുണ്ടായെങ്കിലും അത് മറച്ചുകൊണ്ട് അല്പം തമാശയുടെ… ‘നീ എന്താ രാഘവാ എന്നെ വിളിച്ചേ..? ടാ.. ജീവിച്ചിരുന്നപ്പോൾ ഒരു പ്രാവശ്യമെങ്കിലും നീയെന്നെ മെമ്പറേന്നു വിളിച്ചിട്ടുണ്ടോടാ കഴുതേ.നീ സുഖിപ്പിക്കാതെ കാര്യം പറയെടാ.’ ‘അല്ല മെമ്പറെ.. മറ്റാരൊക്കെയുണ്ടിവിടെ?’ ‘നീയെന്താടാ രാവിലെ സെൻസസെടുക്കുവാൻ പോകുവാണോ.? ന്നാൽ കേട്ടോ… വാറ്റ് ശ്യാമള, അവൾ ചെറുപ്പക്കാരെയെല്ലാം വഴിതെറ്റിച് മാറാരോഗം വന്നാ തീർന്നെ.

തെരുവ് നായകളെ കണ്ണിൽ കണ്ടാൽ ഉപദ്രവിച്ചിരുന്ന കുട്ടൻ പിള്ള പേപ്പട്ടി കടിച്ചു വായിൽ നുരയും പതയുമായി.. ഹോ.. കാണുന്നത് തന്നെ കഷ്ടാരുന്നു. ‘ ‘അപ്പോൾ നമ്മൾ ചെയ്യുന്ന തെറ്റിനൊക്കെ കൃത്യമായി ശിക്ഷകിട്ടും അല്ലെ മെമ്പറെ..? ‘രാഘവന് സംശയം. ‘പിന്നേ…കൃത്യമായും കിട്ടും രാഘവാ’ മെമ്പർ തുടർന്നു. ‘പരദൂഷണം പരത്തി കുടുംബങ്ങൾ തകർത്തിരുന്ന കപ്യാര് ചാക്കോ.’ ‘പള്ളിമണി തലയിൽവീണല്ലേ മെമ്പറെ അയാൾ… ! ‘ഉം…’ മെമ്പർ നീട്ടി മൂളി. ‘ആ.. പിന്നേ, ആ കള്ള ജോത്സ്യൻ പണിക്കരുമുണ്ട് രാഘവാ.’ ‘ആ പന്നിയെ ഞാൻ തട്ടും.

എന്റെ ആയുസ് 90 ന്നു വാഗ്ദാനം ചെയ്ത് കൊതിപ്പിച്ച തെണ്ടി.’ രാഘവൻ അരിശം പൂണ്ടു. “രാഘവോ “… മെമ്പറുടെ നീട്ടിയുള്ള വിളിയിലെ ധ്വനി മനസിലായ രാഘവൻ ചമ്മി ആത്മഗതം ചെയ്തു ‘വേണ്ടാല്ലേ’ ‘അപ്പോൾ മെമ്പറെ….. അയാൾക്കെന്താ സ്വന്തം ജീവിതം നീട്ടിക്കിട്ടാൻ കർമ്മം ചെയ്യാൻ പാടില്ലാരുന്നോ..? ‘ ‘എല്ലാം തട്ടിപ്പാടാ രാഘവാ.. എടാ നീയൊന്നു ചെവിയോർത്തെ. നമ്മുടെ ഇടവകയിലെ പഴയ വികാരിയച്ചന്റെ ഒച്ചയല്ലേയത്. കൂടെ ശ്യാമളയാണെന്ന് തോന്നുന്നല്ലോടാ ‘ രാഘവൻ ചെവി വട്ടം പിടിച്ചു. ‘ശെരിയാണല്ലോ മെമ്പറെ, അവൾ കുമ്പസാരിക്കുകയാണെന്നു തോന്നുന്നു.’ ‘മിണ്ടാതിരുന്നു കേൾക്കേടാ ‘ മെമ്പർ ശുണ്ഠിയെടുത്തു. ‘എന്തിനാ മോളെ നീയീ പാതകങ്ങളൊക്കെ ചെയ്തുകൂട്ടിയെ.

എത്ര കുടുംബങ്ങളാ നീ കാരണം……’ അച്ഛൻ അർദ്ധോക്തിയിൽ നിർത്തി. ‘ക്ഷമിച്ചേക്കച്ചോ. എനിക്കെന്റെ പിള്ളേരുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല . എനിക്ക് ആരെയും വേദനിപ്പിക്കാതെ, നേർവഴിക്കു ജീവിക്കണം അച്ചോ..’ ശ്യാമള തൊഴുകൈയോടെ കേണു. ‘രാഘവോ…. നീ കേട്ടോ?’ ‘കേട്ടു മെമ്പറെ, സൽപ്രവർത്തി ചെയ്തു പരസ്പരം സ്നേഹിച്ചു ജീവിച്ചെങ്കിൽ നമുക്കൊക്കെ ഇപ്പോൾ നമ്മുടെ കുടുംബങ്ങളോടൊപ്പം സന്തോഷത്തോടെ…’ രാഘവന്റെ വാക്കുകൾ മുറിഞ്ഞു. ‘ഉം….’ മറുപടിയായി മെമ്പർ സതീശൻ ഒന്ന് മൂളി.

Binu Surendran

By ivayana