അവന് ജ്വലിക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നു.
ദൃഢ പേശികളാൽ സമ്പുഷ്ടമായ വലിയ ശരീരം,
മതിൽ കെട്ടിനുള്ളിലേക്ക് ഒരീച്ചയെ പോലും കടത്താത്ത ശൗര്യം,
ഇടി മുഴക്കം പോലുളള നീണ്ട കുരകളിലൂടെ വല്ലാത്ത ഒരു ഭയത്തിൻ്റെ ഉൾക്കിടിലം അവൻ എല്ലാവരിലും സൃഷ്ടിച്ചു കൊണ്ടിരുന്നു.
നാട്ടിലെ അതിശൂരൻമാരായ നായകൾ പോലും അവൻ്റെ ഒറ്റക്കുരയിൽ വാലും ചുരട്ടി ഓടി. ‘യജമാനനൊത്തുള്ള പ്രഭാതസവാരികളിൽ അവൻ ഏവരെയും ഭീതികൊണ്ട് വകഞ്ഞു മാറ്റി വഴിയരുകുകളിൽ നിശബ്ദരാക്കി.
നാട്ടിലെ അതിപ്രശ്‌ത നായ പോലീസ് ബ്രീഡ് അൾസേഷ്യൻ, യജമാനനൻ്റെ അഹന്തയൊട്ടാകെ പല്ലുകളിൽ പേറിയവൻ ടൈഗർ …”

അവൾ .. പേരില്ലാത്തവൾ, എല്ലാ അനാഥ കുഞ്ഞുങ്ങളെയും പോലെ പേരില്ലാത്ത കുഞ്ഞുങ്ങളെ
പാലൂട്ടി വളർത്തിയവൾ”
പണിതീരാത്ത വീടുകളുടെ ഉൾ മുറികളും കടവരാന്തകളും ആവാസ കേന്ദ്രമാക്കിയവൾ. അവളുടെ കുഞ്ഞുങ്ങൾ ആട്ടേറ്റു കുഴഞ്ഞും അടിയേറ്റു വലഞ്ഞും ഒടിഞ്ഞ കാലുകളുമായി വഴികളിലൂടെ ഇഴഞ്ഞു നടന്നു.
അപ്പോൾ ഇരുനില മാളികകളുടെ മട്ടുപ്പാവുകളിൽ പതുപതുത്തമെത്തകളിൽ മൃദുല കരങ്ങളുടെ പരിലാളനങ്ങൾക്ക് അടയിരിക്കുന്ന മുന്തിയ ഇനം നായക്കുട്ടികൾ അവരെ നോക്കി പരിഹാസത്തോടെ പല്ലിളിച്ചു..
പെൺകരുത്തിൻ്റെ വ്രണിതമായ മാതൃത്വത്തിൻ്റെ അഭിമാനസ്തംഭങ്ങൾ കണ്ണുകളിൽ അഗ്നിപർവതമായി ജ്വലിപ്പിച്ച് ഉടല് തേഞ്ഞൊട്ടിയ ഒരു തെരുവുനായ പതിഞ്ഞ ഇരുട്ടിൽ പുലിനഖങ്ങളേന്തിയ ദൃഢ മുഷ്ടികളുമായി പതിയിരിപ്പുണ്ടായിരുന്നു.എല്ലാ ഇരുട്ടുകളിലും അവളുടെ കണ്ണുകൾ തിളങ്ങി, എല്ലാ വെളിച്ചങ്ങളിലും അവളുടെ മാതൃത്വം പിടഞ്ഞു.

ചരിത്രം ഇവിടെ തുടങ്ങുന്നു…..
1999ലെ ഒരു തണുത്ത പ്രഭാതം:
ടൈഗറിൻ്റെ പ്രഭാതസവാരി പേടിച്ചരണ്ട തെരുവുനായ്ക്കൾ ഓടിയൊളിക്കുന്ന പതിവ് കാഴ്ച. രോമങ്ങൾ കൊഴിഞ്ഞ് അടർന്ന് ചൊറി പിടിച്ച ശരീരവുമായി ഒരാൺ നായക്കുട്ടി ഇടവഴിയിലേക്കൊതുങ്ങി നിൽക്കുന്നു. യജമാനൻ്റെ അഹന്തയിലൂടെ നടന്നടുത്ത ടൈഗറിന് ഒരു വർഗ്ഗത്തിൻ്റെ അപമാനമായി തോന്നിയിരിക്കാം അവൻ യജമാനൻ്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി
‘പിടിയെടാ അവനെ ‘ യജമാനൻ്റെ കണ്ണുകൾ ആജ്ഞാപിച്ചു. അയാൾ ചങ്ങലയിലെ പിടി വിട്ട മാത്രയിൽ കൂറ്റനായ അവൻ ആ പട്ടിക്കുഞ്ഞിൻ്റെ കഴുത്തിൽ കടിച്ച് കുടഞ്ഞു.
കടിയേറ്റ് പിടയുമ്പോഴും അവൻ്റെ കണ്ണിൽ കണ്ണീരായിരുന്നില്ല ജന്മാന്തരങ്ങളിലേക്ക് നീളുന്ന ക്രൗര്യത്തിൻ്റെ കനലുകളോടെ അവൻ ഉറക്കെ വിളിച്ചു. “അമ്മെ.. അമ്മെ.. “
ആൾ പൊക്കത്തിനപ്പുറമുയരുള്ള പള്ളിക്കൂടമതിലിൻ്റെ മറവ് ചാടി കടന്ന് ഒരു പെൺപട്ടി പറന്നു വന്ന് വീണു.
കൂറ്റനായ കരുത്തിൻ്റെ ചെവിക്കുടയിൽ അവൾ ക്രൗര്യത്തോടെ കടിച്ചു.
കരുത്തിൻ്റെ പര്യായമായിരുന്ന ആൺപട്ടി അതി വേദനയോടെ അവളെ വലിച്ചിഴച്ചു.
ചെവിക്കുടമുറിഞ്ഞ് ചോരയിറ്റുന്ന മരണഭീതിയോടെ അവൻ തിരിഞ്ഞോടി. അവൾ വിട്ടില്ല കാട്ടുപോത്തിൻ്റെ മേൽ ചാടി വീഴുന്ന ഒരു സിംഹിയെ പോലെ അവൾ അവൻ്റെ മേൽ ചാടി വീണു.
അവൻ പിടഞ്ഞു നിമിഷങ്ങൾക്കുള്ളിൽ അവൻ്റെ നീണ്ട നാവ് അവളുടെ പല്ലുകൾക്കുള്ളിലായി .കറുത്ത ടാർ റോഡിലൂടെ ആ കൂറ്റൻ പട്ടിയെ വലിച്ചിഴച്ചു കൊണ്ട് യജമാനൻ്റെ മതിൽ കെട്ടിനുള്ളിലാക്കുമ്പോൾ, നീണ്ടു ചുവന്ന ഒരു നാവ് അവളുടെ പല്ലുകൾക്കിടയിൽ പിടയുന്നുണ്ടായിരുന്നു.

ആ രോമങ്ങൾ കൊഴിഞ്ഞടർന്ന
പേരില്ലാത്ത നായക്കുട്ടി ഇഴഞ്ഞിഴഞ്ഞ് ചെന്ന് അവളുടെ അഴിഞ്ഞ് കിടന്ന പാൽ കുടങ്ങളിൽ അഭയം പ്രാപിച്ചു.
കവലയിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന ഭാസ്കര ഗുരുക്കൾ അടുത്തുള്ള ചായക്കടയിൽ നിന്ന് ഒരു ചായയും ബോണ്ടയും വാങ്ങി അവൾക്ക് നൽകി.
ഒരു തളികയിലൊഴിച്ച ചായ നക്കി നക്കി കുടിക്കുമ്പോൾ അയാൾ അവളുടെ കാതിൽ പതിയെ വിളിച്ചു “ബ്രൂസ് ലി” –

സന്ധ്യാ സുമോദ്..

By ivayana