സനിത ടീച്ചർ
——————-
കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരാളെ പരിചയപ്പെടുകയുണ്ടായി… പറഞ്ഞുവന്നപ്പോ, പണ്ടു ഞങ്ങളെ രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന സനിതടീച്ചറുടെ മകനാണ് ; രാജേഷ്. സംസാരിച്ചുകൊണ്ടിരിക്കെ കൃത്യം എട്ടേകാലിനു തന്നെ ട്രെയിൻ എത്തി. കോവിഡ് കാലമായതുകൊണ്ടു വലിയ തിരക്കൊന്നുമില്ല ; എല്ലാവർക്കും വിൻഡോ സീറ്റാണ്. ഇടയ്ക്കു എറണാകുളം എത്തിയപ്പോ കൈ വീശിക്കാണിച്ചുക്കൊണ്ടു രാജേഷ് ഇറങ്ങിപ്പോയി ; ഞാനാകട്ടെ, നേരിയ കാറ്റിൽ ഇഴചേർന്നു വീഴുന്ന ചാറ്റൽ മഴ കണ്ടു , പുറത്തേയ്‌ക്കു നോക്കിയിരുന്നു… അപ്പോഴാണ്, ഒരു കൊച്ചു സംഭവം ഓർമ്മയിലേക്കു കയറി വന്നത്….

1974
വലിയൊരു ഹാൾ, മുളയലകുകൾ കൊണ്ടു നെയ്ത തട്ടികകൾ വച്ചു മറച്ചു പല ക്ലാസ്സുകളായി തിരിച്ചിരിക്കുകയാണ്. ക്ലാസ്സിന്റെ മുൻവശത്തു വലത്തേ മൂലയിൽ മരത്തിന്റെയൊരു ബോർഡ്‌, അല്പംമാറി ഒരു മേശയും കസേരയും പിന്നെ, എട്ടോ പത്തോ ബഞ്ചുകളും ; ഇതായിരുന്നു ഞങ്ങളുടെ രണ്ടാം ക്ലാസ്സ്‌.

രണ്ടാമത്തെ ബെല്ലടിച്ചതൊന്നും കുട്ടികൾ കേട്ടതായി തോന്നുന്നില്ല ; ക്ലാസ്സിൽ നല്ല ബഹളമാണ്…. കയ്യിലൊരു അരിച്ചൂരലുമായി ആ ബഹളത്തിനിടയിലേക്കു സനിതടീച്ചർ കടന്നു വന്നു. ടീച്ചറെ കണ്ടതും ഒരു കുറുഞ്ഞിപ്പൂച്ചകണക്കേ പമ്മി പമ്മി, ക്ലാസ്സ്‌ നിശബ്ദമായി. വിക്ടോറിയാരാജ്ഞിയെപ്പോലെ സുന്ദരിയായിരുന്ന ടീച്ചറുടെ ചുരുണ്ടമുടിയിലെ വെളുത്ത ചെമ്പകപ്പൂവിനു, അന്ന്, സുഗന്ധത്തിന്റെ സകല അധീശത്വവുമുണ്ടായിരുന്നു ! പിന്നേ പിന്നേ, ചെമ്പകപ്പൂവിന്റെ മണം പരന്നാൽ, ക്ലാസ്സ്‌ നിശബ്ദമാകാൻ തുടങ്ങി…

ആദ്യദിനങ്ങളിൽ തന്നെ, ടീച്ചർക്കൊരു കാര്യം മനസ്സിലായി; പലർക്കും അക്ഷരങ്ങൾ അറിഞ്ഞുകൂട ! വൈകാതെ, പാഠപുസ്തകം അടച്ചുവച്ചുകൊണ്ട് , ടീച്ചർ രണ്ടാം ക്ലാസ്സിലെ നയം പ്രഖ്യാപിച്ചു :
” നമ്മൾ വീണ്ടും അക്ഷരങ്ങൾ പഠിക്കുന്നു “
അതോടെ ഞങ്ങളുടെ രണ്ടാം ക്ലാസ്സ്‌ സജീവമായി…..

ബോർഡിൽ ഇപ്പോൾ എഴുതിയിരിക്കുന്നത് “ത” എന്ന അക്ഷരമാണ്. കുട്ടികൾക്കു പ്രത്യേക നിർദ്ദേശങ്ങളൊന്നും ഇല്ല. അവർ സ്ലേറ്റിൽ “ത” വരച്ചു തുടങ്ങി……. കസേരയിലിരുന്നു സനിതടീച്ചർ എന്തോ കുത്തിക്കുറിക്കുന്നുണ്ട് …..

അല്പം കഴിഞ്ഞു, ഒരു മൂലയിൽനിന്നും സ്ലേറ്റുമായി ഞാൻ എഴുന്നേറ്റു. “ത” എന്നു അതിൽ ഭംഗിയായി എഴുതിയിട്ടുണ്ട്. തന്റെ “മിടുക്ക് ” ടീച്ചറെ കാണിക്കുകയാണ് ലക്ഷ്യം. ഞാൻ സാവകാശം മേശയ്ക്കരികിലേയ്ക്കു നടന്നു….. സ്ലേറ്റുമായി എന്നെ കണ്ടതും ടീച്ചർ പൊട്ടിത്തെറിച്ചു… !
” താനാരാ പോസ്റ്റുമാനാണോ? ആരു പറഞ്ഞു എഴുന്നേറ്റു വരാൻ…. “
ടീച്ചറുടെ മുഖത്ത് ദ്വേഷ്യഭാവം കത്തിക്കയറി. പെട്ടെന്നാണ്, കാൽവണ്ണയിൽ ഒരടി വീണുപൊട്ടിയത് !

അടുത്ത ശ്വാസത്തിൽ ഞാൻ നോക്കുമ്പോ, അതാ ഞാനിരിക്കുന്നു, വീണ്ടും ആ പഴയ മൂലയിൽ തന്നെ ! കുട്ടികളുടെ അനേകം കണ്ണുകൾ ഒരു ഇരയെ കിട്ടിയ സന്തോഷത്താൽ എന്നെ കൊത്തിവലിക്കുകയാണ്….
ടീച്ചർ വീണ്ടും കുത്തിക്കുറിക്കാൻ തുടങ്ങി…

അന്നു ഉച്ചഭക്ഷണസമയമടുക്കുംതോറും മനസ്സിന്റെ വേദന കൂടിക്കൂടി വന്നു. കാരണം, ഭക്ഷണം കഴിഞ്ഞാൽ അര കിലോമീറ്റർ നടക്കണം ; പാത്രവും കൈയും കഴുകാൻ…. ദിവാകരേട്ടന്റെ കിണറ്റിൻകരയിലേക്കുള്ള ദൂരമാണ്, അര കിലോമീറ്റർ… ആ നടത്തത്തിനിടയിൽ, കാൽവണ്ണയിലെ അടിയുടെ പാട് മറ്റുള്ളവർ കാണുമോയെന്ന ആശങ്കയായിരുന്നു മനസ്സു നിറയെ… ഭാഗ്യത്തിനു, വഴിയുടെ ഓരം ചേർന്നു നടന്ന എന്നെ അധികമാരും ശ്രദ്ധിക്കാതെ പോയി !

ഉച്ചതിരിഞ്ഞു, ഒരു പൊതി മിഠായിയുമായിട്ടാണ് ടീച്ചർ ക്ലാസിലേക്കു വന്നത്. ബെഞ്ചിനരികിലേക്കു ചെന്നു എല്ലാവർക്കും ഓരോ മിഠായി വീതം നൽകി ; എനിക്ക് രണ്ടെണ്ണവും. അതുകണ്ടു, ടീച്ചർക്ക് കണക്കു തെറ്റിയല്ലോയെന്ന മട്ടിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നോക്കി….. അപ്പോൾ, കാര്യം പിടികിട്ടിയ ടീച്ചർ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു :

“രാവിലെ നീയെന്റെ കണക്കു തെറ്റിക്കാൻ നോക്കിയതല്ലേ ; ഇപ്പൊ എനിക്കു കണക്കൊന്നും തെറ്റിയിട്ടില്ല “

****

ഇന്നും “ത” തന്നെയാണു, എനിക്കു ഏറ്റവും പ്രിയമുള്ള അക്ഷരം ; കൂട്ടത്തിൽ, സനിതടീച്ചറേയും എനിക്കിഷ്ടമാണ്…

– സുകുമാരൻ നെടുമ്പാൾ

By ivayana