ഇന്ന് കർക്കിടക വാവായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി മുടങ്ങാതെ വാവിന് പിതൃക്കൾക്ക് ആലുവയിൽ പോയി ബലിതർപ്പണം നടത്താറുള്ളതാണ്. ഇപ്പോൾ കൊറോണ കാരണം ക്ഷേത്ര സന്ദർശനം സാധ്യമല്ല.. ഒരു ക്ഷേത്രങ്ങളിലും ബലിതർപ്പണം ഇല്ല.. ചരിത്രത്തിൽ ആദ്യമായി ആലുവാപുഴ എള്ളും, പൂവും, കറുകയും, കുഴച്ചുരുട്ടിയ പിണ്ഡചോറും ഏറ്റുവാങ്ങാതെ, അനേകം ആത്മാക്കൾക്ക് മോക്ഷത്തിന്റെ സായൂജ്യ പർവ്വം നൽകാതെ വിഷണ്ണയായി ചാറ്റൽ മഴയിൽ വിതുമ്പിയൊഴുകി..
ആലുവ മണപ്പുറത്തു ഞാൻ മനസ്സിൽ ബലിയർപ്പിച്ചു.. കാലത്ത് കർക്കിടകം ചന്നം പിന്നം പെയ്തു ചിരിക്കുന്നു.. കര്കിടകപ്പെയ്ത് ഇന്ന് വാവാണെങ്കിലും പെയ്യാത്തതു എന്താണെന്നാലോചിച്ചു മുറ്റത്തെ വള്ളിപ്പയറിൽ നാമ്പെടുത്ത വയലറ്റ് പൂക്കളെ നിരീക്ഷിച്ചു ചെറിയ ഇളം വെയിൽ പരന്ന കപ്പത്തോട്ടത്തിൽ ചാറ്റൽ മഴ സമ്മാനിക്കുന്ന സുവർണ്ണ രശ്മികളെ സാകൂതം നോക്കി നിൽക്കവേയാണ് ഫോൺ അടിച്ചത്.. ഓടിച്ചെന്നു നോക്കി. തൃപ്പൂണിത്തുറയിൽ നിന്നും രാജേഷാണ്… ഇന്നു ബലിയിടാൻ പോകാൻ സാധിക്കാത്തതിനാൽ അവൻ കുറച്ചു ചോറുണ്ടാക്കി അതിൽ കറുത്ത എള്ള് കലർത്തി അവിടെ അടുത്തുള്ള ഗ്രൗണ്ടിലേക്ക് പോകുകയാണത്രെ. കാക്കകൾക്ക് ഊട്ടാൻ.. അവൻ അതെന്തിനാണ് എന്നോട് വിളിച്ചു പറഞ്ഞത് എന്നറിയില്ല.. പക്ഷെ അത് പറയുമ്പോൾ അവന്റെ സ്വരം ഉറങ്ങിയെഴുനേറ്റ ആലസ്യത്താൽ നേർത്തിരുന്നു…
ഞാൻ വേഗം വെയിലും മഴയും ഒന്നിച്ചു സല്ലപിക്കുന്ന മുറ്റത്തുനിന്നും ഇറയത്തേക്കു കയറി.. ഇന്ന് അവധിയാണ്.. മുറ്റത്തു രണ്ടു മാവിൻ തൈകൾ നടണം എന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു.. ഇന്നത് നട്ടുകളയാം… ഉറപ്പിച്ചു.
അധ്യാപകനായ സ്നേഹിതൻ അനീഷിനെ വിളിച്ചു… ഇന്നെന്റെ ബലി തർപ്പണം രണ്ടു മരങ്ങൾ നട്ടാണ് നിർവഹിക്കുന്നത് എന്നു പറഞ്ഞപ്പോൾ പുള്ളിക്ക് സന്തോഷം. നല്ല മാവിൻ തൈ വാങ്ങാൻ മൂവാറ്റുപുഴക്കു എന്റെ ഒപ്പം വരാമോ എന്നു ചോദിച്ചപ്പോൾ പുള്ളി റെഡി.
പതിനൊന്നു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ മൂവാറ്റുപുഴ സ്റേഡിയത്തിനടുത്തുള്ള ഫല വൃക്ഷങ്ങൾ വിൽക്കുന്ന നഴ്‌സറിയിൽ എത്തി.. രണ്ടു മാവിൻ തൈകളും കുറച്ചു പച്ചക്കറി വിത്തുകളും വാങ്ങി നേരെ കൂത്താട്ടുകുളത്തേക്കു തിരിച്ചു.. Ksrtc ബസ് സ്റ്റാൻഡ് കഴിഞ്ഞപ്പോൾ ഒരു ചായ കുടിക്കാൻ തോന്നി. ചായ കുടിച്ചു കാറിന്റെ അടുത്തേക്ക് നടന്നപ്പോൾ വഴിയരികിൽ ഒരു ഭ്രാന്തൻ.. ചെറുപ്പക്കാരനാണ്.. കഷ്ടിച്ച് ഇരുപത്തി അഞ്ചു വയസുകാണും. മുട്ടോളമുള്ള കീറിയ ഒരു നിക്കർ മാത്രമാണ് വേഷം.. ഇരുനിറമാർന്ന ശരീരം മുഴുവൻ ചെളിയാണ്. തലമുടി കഴുത്തൊപ്പം ഉണ്ട്. അതും ചെളിപിടിച്ചു ഒരു ബ്രൗൺ കളറിൽ അലക്ഷ്യമായി പറന്നും, പറക്കാതെയും… അവൻ ആ ചായക്കടയുടെ മുന്നിലേക്ക് ചെന്ന് എന്തക്കയോ കാണിക്കുന്നു..
ചായക്കടയിൽ നിന്നും നീല മാസ്കുവച്ച തടിച്ച വൃത്തിയുള്ള വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ പുറത്തിറങ്ങിവന്നു അവനെ ആട്ടിയോടിക്കുന്നു.. അയാൾ പറയുന്നുണ്ട്.. കൊറോണ കാരണം ഒന്നാമത്തെ ആളില്ല.. അതിനിടയിൽ ഇങ്ങനെ ചില മാരണങ്ങളും .. ഭ്രാന്തൻ കൈകൾ രണ്ടും മുന്നിലേക്ക് പിടിച്ചു ഒരു കുഞ്ഞിനെ താലോലിക്കുന്ന ആക്ഷൻ കാണിച്ചു മുന്നോട്ടു നടന്നു. അവനെ നോക്കി നിന്ന ഞങ്ങളെ കണ്ടു അടുത്ത് വന്നത് ഒരു പ്രായം ചെന്ന ലോട്ടറിക്കാരൻ… അയ്യാൾ ഞങ്ങൾക്കടുത്തെത്തി ആരോടെന്നില്ലാതെ പറഞ്ഞു.. പാവം അംജത് അലി . ആ ഭ്രാന്തൻ പയ്യനേ.. ബംഗാളിയാ..ഇവിടെ വേലൂർകുന്നതേങാണ്ടായിരുന്നു താമസവും പണിയും… ബംഗാളിൽ ഒത്തിരി പ്രശ്നമൊക്കെ ഉണ്ടാക്കി ഒരു പെങ്കൊച്ചിനെ സ്നേഹിച്ചു കല്യാണം കഴിച്ചു…പൈസ ഉണ്ടാക്കാൻ കേരളത്തിൽ വന്നതാ . എന്റെ കയ്യിൽ നിന്നും എമ്പിടി ലോട്ടറി ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.. നല്ല കൊച്ചനാരുന്നു.. കൊറോണ വന്ന് ലോക്ക് ഡൌൺ വന്നില്ലേ ആ സമയത്തെങ്ങാണ്ട് അവന്റെ ഭാര്യ പ്രസവിച്ചു… അത് പ്രസവത്തോടെ മരിച്ചെന്നാ അവനു അറിവ് കിട്ടിയേ.. കുഞ്ഞിനെ കിട്ടിയോ എന്നറിയില്ല.. അവൻ അപ്പോൾ മുതൽ നാട്ടിൽ പോകാൻ നോക്കുന്നതാ..എങ്ങനെ പോകാൻ രാജ്യം മുഴുവൻ അടഞ്ഞില്ലേ… ആദ്യമൊന്നും വലിയ കുഴപ്പം ഇല്ലാരുന്നു.. പിന്നെ പിന്നെ മുഴു ഭ്രാന്തനെ പോലെ പിച്ചും പേയും പറഞ്ഞു സങ്കല്പത്തിൽ കൊച്ചിനെ താരാട്ടി ഇങ്ങനെ ഓടി നടക്കും.. ബംഗാളിലേക്ക് ഓടുന്നതാവും പാവം… അവന്റെ കുറേ കൂട്ടാളികൾ ഉള്ളതൊക്കെ ബസിലും ട്രെയിനിലും ഒക്കെ കയറി പോയി.. ഇതു മാത്രം ഇങ്ങനെ അതിലെയും ഇതിലേയും ഓടി നടക്കുന്നു… എങ്ങോട്ടൊക്കെയോ ഓടും.. പിന്നെ മൂന്നാല് ദിവസം കഴിയുമ്പോൾ ദിക്കുതെറ്റി തിരിച്ചോടി ഇവിടെയെത്തും…എന്തു കഷ്ടമാ എല്ലാരും ആട്ടിയോടിക്കും… വലതും തിന്നാൽ തിന്നു… ആരേലും ഇപ്പോൾ വല്ലോം കൊടുക്കുവോ കൊറോണ അല്ലേ.. ഈ കൊറോണ കാരണം എത്ര ജീവിതങ്ങളാ തകർന്നേ.. എല്ലാം വിധി..
സാറേ രണ്ടു ലോട്ടറി എടുക്കട്ടെ… കഥ നിർത്തി അയാൾ ഞങ്ങളോട് ചോദിച്ചു… ഞാൻ രണ്ടു ലോട്ടറി വാങ്ങി അനീഷ് സാറിനൊപ്പം കാറിൽ കയറുമ്പോൾ അയാളെ നോക്കി.. അംജത് അലി എന്ന മനുഷ്യനെ… ഭ്രാന്തിന്റെ ഓട്ടത്തിൽ അയാൾ അകലെ എവിടേയോ മറഞ്ഞിരുന്നു ..
ഞങ്ങൾ തിരിച്ചു മറ്റൊരാവശ്യത്തിന് പാലക്കുഴയിലേക്കു പോയി.. അത് മൂവാറ്റുപുഴയിൽ നിന്നും പത്തു കിലോമീറ്റർ അകലെ.. അവിടെ നിന്നു കൂത്താട്ടുകുളം ലക്ഷ്യമാക്കി ഞങ്ങളുടെ ആവശ്യമൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ മണി രണ്ട്.. വല്ലാതെ വിശന്നു തുടങ്ങി. അനീഷ് സാറാണ് പറഞ്ഞത് കൂത്താട്ടുകുളം കഴിഞ്ഞു മൂന്നു കിലോമീറ്റർ മുന്നോട്ടു പോയി പുതുവേലിയിൽ എത്തിയാൽ അവിടെ ഇരുപതു രൂപയ്ക്കു ഊണ് കിട്ടുന്ന ഒരു പുതിയ ഹോട്ടൽ തുറന്നിട്ടുണ്ടന്നു..എന്നാൽ ഇന്ന് ഊണ് അവിടെനിന്നാകാം എന്നു പറഞ്ഞു ഞങ്ങൾ പുതുവേലിയിലേക്കു തിരിച്ചു… വലതു വശത്തുള്ള ഹോട്ടലിനു മുന്നിൽ കാറു നിർത്തി കുരിശുപള്ളി കടന്നു ഞങ്ങൾ ഹോട്ടലിനു മുൻപിൽ എത്തിയപ്പോൾ അതാ അവിടെ നിന്നും അംജത് അലി മൂവാറ്റുപുഴ ലക്ഷ്യമാക്കി എന്തക്കയോ ആക്ഷൻ കാണിച്ചു ഓടുന്നു… അവനെ നോക്കി സഹതാപത്തോടെ നാല്പതിന് അടുത്ത് പ്രായമുള്ള നീല ബനിയനും കൈലിമുണ്ടും ധരിച്ച ഒരു ഡ്രൈവർ… ഞാൻ അയാളുടെ അടുത്തെത്തി ചോദിച്ചു. ആ ഓടിപ്പോയ ആളെ അറിയുമോ…ഡ്രൈവർ പറഞ്ഞു ഇല്ല.. അവൻ ഈ ഹോട്ടലിനു മുൻപിൽ വന്ന് എന്തക്കയോ കാണിച്ചു.. എനിക്ക് കണ്ടപ്പോൾ സങ്കടം തോന്നി.. ഒന്നുമല്ലെങ്കിലും ഒരു ചെറുപ്പക്കാരനല്ലേ. ഞാൻ അവനു ഒരു ചോറ് പാർസൽ വാങ്ങി നൽകി… നിന്ന നില്പിൽ അത് വാരി കഴിച്ചു പാവം എങ്ങോട്ടോ ഓടി… ഈ കൊറോണ കാലത്ത് നമ്മൾ സ്ഥിരബുദ്ധി ഉള്ളവർ എത്രയാ പാടുപെടുന്നേ അപ്പോൾ പിന്നെ ഇവരുടെ കാര്യം ഒന്നാലോചിച്ചേ…അത് പറയുമ്പോൾ ആ പാവം ഡ്രൈവറുടെ കണ്ണുകൾ നനഞ്ഞിരുന്നു… കർക്കിടകം അപ്പോൾ പതുക്കെ പെയ്തു തുടങ്ങി..തർപ്പണം കിട്ടാത്ത അനേകം ആത്മാവുകളെ തണുപ്പിക്കാൻ
(സുനു വിജയൻ )

By ivayana