വീട്ടിലാകെ
ഓടി നടന്നു കിലുങ്ങിയ
ഒരു പാദസ്വരം
ഇന്നലെ ഒരാൾ
അനുവാദം ചോദിച്ചു കൊണ്ട്
കവർന്നെടുത്തു.

അന്ന് തൊട്ട്
നിശബ്ദതയുടെ വളപ്പൊട്ടുകൾ
അകത്തളങ്ങളിലെല്ലാം
ചിതറി കിടക്കുകയാണ്.

എന്നെങ്കിലുമൊരിക്കൽ
ചൂടുവാനവളെത്തുമെന്നോർത്തു
കൊഴിയാതെ കാത്തു നിൽക്കുകയാണ്
അവൾ നട്ട മുല്ലയിലെ
സ്നേഹപ്പൂക്കൾ.

അവളുടെ കൈയാൽ തന്നെ
തങ്ങളെ
തൂത്തു വാരിയാൽ മതിയെന്ന വാശിയിൽ
വീഴാതെ നിൽക്കുകയാണ്
മുറ്റത്തെ പഴുത്ത മാവിലകൾ പോലും.

ഒരിക്കൽ കൂടിയൊന്നവളെ
വഴക്കു പറയുവാൻ
കൊതി മൂത്ത അമ്മയോ
കഴുകാൻ മറന്ന
ഒരു പാത്രത്തിനായി
അടുക്കളയിലാകെ അലയുകയാണ്..

കുട്ടിക്കാലത്തെയവളുടെ
പ്രിയപ്പെട്ട പാവക്കുട്ടിയെ
അച്ഛൻ
മിനുക്കിയും തുടച്ചും
അതിന്റെ ഒടിഞ്ഞ കൈകാലുകൾ
ഒട്ടിച്ചു ചേർത്തും
അവളുടെ വികൃതികളോർത്തു
സ്വയം പൊട്ടിച്ചിരിക്കുന്നു..

അവളുള്ളപ്പോളെന്നും
നേരത്തെ ഉണരുന്ന
അവളുടെ ഷെൽഫിലെ
കണ്മഷി ചെപ്പും
കുപ്പി വളകളും
ഇന്നിപ്പോൾ
ഉച്ച കഴിഞ്ഞിട്ടും എണീറ്റതേയില്ല.

പച്ചക്കറിയരിയുന്ന
അമ്മയുടെ വിശേഷങ്ങൾ കേൾക്കാൻ
ഒരു കറിക്കത്തി മാത്രം
‌കൂട്ടിരിക്കുന്നു

കുപ്പായത്തിലവൾ തുന്നിക്കൊടുത്ത
പൂമൊട്ടുകളിൽ
അവളെ
കണ്ടു കൊണ്ടുറങ്ങുകയാണെന്റെ
കണ്ണുകാണാത്ത മുത്തശ്ശിയും.

പുന്നാര അനിയൻകുട്ടനാകട്ടെ
അമ്മാവൻ കൊടുത്ത
ചോക്കലേറ്റിന്റെ
ഉറുമ്പരിച്ച പകുതി
തലയിണക്കടിയിൽ
കാത്തു സൂക്ഷിക്കുകയാണ്.

ഇനിയാരും തട്ടിപ്പറിച്ചെടുത്തോടുവാനില്ലാതെ
ഇനിയാരും ഒളിഞ്ഞു നോക്കി പാടുവാനില്ലാതെ
ഇന്ന് ഞാനെഴുതിയ കവിത അനാഥമായികിടക്കുന്നു മേശമേൽ..

ഒരു കാലത്തു
മഹായുദ്ധങ്ങൾക്ക്
കാരണമായ ടിവിയുടെ റിമോട്ട്
ആർക്കും വേണ്ടാതെ
മൂലയിലെങ്ങോ കിടപ്പുണ്ട്.

അന്ന് അവൾ കടിച്ച
കൈത്തണ്ടയിലെ മുറിപ്പാടിൽ
ഇന്നെനിക്കെന്തോ
വേദന
അസഹ്യമായി തോന്നുന്നു.

തട്ടിപ്പറിച്ചു തിന്നുന്നതിനാണ് രുചിയെന്നു
ഇന്ന് അച്ഛൻ
വാങ്ങിക്കൊണ്ടു വന്ന
പഴം പൊരിയുടെ ബാക്കിയിൽ
എഴുതി വെച്ചിട്ടാണോ
അവൾ പോയത് .?

കല്യാണം കഴിഞ്ഞിട്ടും
കളി ചിരി മാറിയില്ലെന്നാണ്
എനിക്ക് തോന്നുന്നത്..?

ഇപ്പോഴും
ഞാൻ മുടി ചീകും നേരം
കണ്ണാടിയിൽ ഒട്ടിച്ചു വെച്ച
ഒരു കുഞ്ഞു പൊട്ടിലൂടെ
കണ്ണിറുക്കിയും
കൊഞ്ഞനം കുത്തിയും
എന്നെ കളിയാക്കി കൊണ്ടിരിക്കുകയാണവൾ..

കർണൻ

By ivayana